
ബംഗളുരു: കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷങ്ങളിൽ സാമൂഹ്യ സുരക്ഷ പെൻഷനുകൾ നൽകുന്നതിനായി കർണാടകം ചെലവഴിച്ചത് 11831 കോടി രൂപയാണ്. അതിൽ കേന്ദ്രവിഹിതം നാലുശതമാനം മാത്രമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ദിശ( ഡിസ്ട്രിക്റ്റ് ഡവലപ്പ്മെന്റ് ആൻഡ് കോർഡിനേഷൻ) കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. 200- 500 രൂപയാണ് ഇന്ദിരാഗാന്ധി നാഷണൽ ഓൾഡ് ഏജ് പെൻഷൻ, ഇന്ദിരാഗാന്ധി വിഡോ പെൻഷൻ, അംഗവൈകല്യ പെൻഷൻ എന്നിവയുടെ വിഹിതമായി 2012 മുതൽ കേന്ദ്രം നൽകുന്നത്. സംസ്ഥാനം രണ്ടായിരം രൂപ വരെയായി വർധിപ്പിച്ചിട്ടും കേന്ദ്രവിഹിതം നിസ്സാര തുകയിൽ ഒതുങ്ങുകയാണ്. ഇക്കാലത്ത് ഇരുനൂറു രൂപക്കൊണ്ട് എന്താകാനാണ്? സിദ്ധരാമയ്യ ചോദിച്ചു. 75 ശതമാനമോ അതിലധികമോ വൈകല്യമുള്ളവർക്കേ കേന്ദ്രനയ പ്രകാരം അംഗ വൈകല്യ പെൻഷന് അർഹതയുള്ളൂ. എന്നാൽ സംസ്ഥാനം നാല്പത് ശതമാനം വൈകല്യമുള്ളവർക്ക് വരെ പെൻഷൻ നൽകുന്നുണ്ട്. പെൻഷൻ തുക അനുപാതികമായി ഉയർത്താനും പഴയ നിയമങ്ങൾ പൊളിച്ചെഴുതാനും കേന്ദ്രം തയ്യാറാകണം- സിദ്ധരാമയ്യ അഭ്യർത്ഥിച്ചു. കേന്ദ്രത്തെ ശത്രു പക്ഷത്തുനിർത്തി കുറ്റപ്പെടുത്തുന്ന സമീപനം മാറ്റണമെന്നും ഉചിതമായ തീരുമാനങ്ങൾ കൈക്കൊണ്ട് അർഹതപ്പെട്ട വിഹിതം കേന്ദ്രത്തിൽ നിന്ന് വാങ്ങിയെടുക്കേണ്ടത് സംസ്ഥാനത്തിന്റെ ചുമതലയാണെന്നും ദിശ കമ്മിറ്റി അംഗം ബിജെപി എംപിയായ ലഹർ സിംഗ് അഭിപ്രായപ്പെട്ടു.
Photo Courtesy - Google











