
ദോഹ: സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ സാമ്പത്തിക പ്രചാരണങ്ങൾക്കെതിരെയും നിയമവിരുദ്ധമായ സാമ്പത്തിക സ്വാധീനശക്തികൾക്കെതിരെയും (Financial Influencers) പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി സംഘടിപ്പിച്ച ആഗോള ക്യാമ്പയിനിൽ ഖത്തറും പങ്കുചേർന്നു. ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്സ് അതോറിറ്റിയും (QFMA), ഖത്തർ ഫിനാൻഷ്യൽ സെന്റർ റെഗുലേറ്ററി അതോറിറ്റിയുമാണ് (QFCRA) രാജ്യത്തെ പ്രതിനിധീകരിച്ച് 'ഗ്ലോബൽ ആക്ഷൻ വീക്ക്' എന്ന അന്താരാഷ്ട്ര ക്യാമ്പയിനിൽ പങ്കാളികളായത്.
ബ്രിട്ടനിലെ ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റി (FCA) തുടക്കം കുറിച്ച ഈ ആഗോള ക്യാമ്പയിന്റെ രണ്ടാം പതിപ്പാണ് 2026 ഏപ്രിൽ 20 മുതൽ 24 വരെ നടന്നത്.ലോകമെമ്പാടുമുള്ള 17 നിയന്ത്രണ ഏജൻസികളാണ് ഈ വാരത്തിൽ ഒന്നിച്ച് അണിനിരന്നത്. ഓൺലൈൻ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾ ആഗോളതലത്തിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ശക്തമായ നിയമനടപടികളും ബോധവൽക്കരണ പരിപാടികളും സംയുക്തമായി നടപ്പിലാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സാമ്പത്തിക വിപണിയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നതിനും ഇത്തരം അന്താരാഷ്ട്ര സഹകരണങ്ങൾ അനിവാര്യമാണെന്ന് ഖത്തറിലെ സാമ്പത്തിക നിയന്ത്രണ ഏജൻസികൾ അറിയിച്ചു.










