
ദോഹ: അടിസ്ഥാന സൗകര്യങ്ങളോ സ്വന്തമായി വാഹനങ്ങളോ ഇല്ലാതെ തന്നെ ഖത്തറിലെ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് (SME) ഉയർന്ന നിലവാരത്തിലുള്ള ലോജിസ്റ്റിക്സ് സേവനങ്ങൾ ലഭ്യമാക്കുന്ന പുതിയp മാതൃക അവതരിപ്പിച്ച് സാങ്കേതികവിദ്യാധിഷ്ഠിത ലോജിസ്റ്റിക്സ് പ്ലാറ്റ്‌ഫോമായ 'വേർവൺ' (WareOne). കുറഞ്ഞ ചിലവിൽ ബിസിനസ് വിപുലീകരിക്കാൻ ചെറുകിട സംരംഭങ്ങളെ സഹായിക്കുന്നതാണ് ഈ 'ഷെയർഡ്-സർവീസ്' (shared-service) രീതി.
ചെറുകിട ബിസിനസുകൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ പരിഹരിക്കുകയാണ് വേർവണിന്റെ ലക്ഷ്യമെന്ന് കമ്പനി സഹസ്ഥാപകനും സി.ഇ.ഓയുമായ ശൈഖ് ഖലീഫ ബിൻ സൽമാൻ അൽ ഥാനി പ്രസ്താവനയിൽ വ്യക്തമാക്കി.
"സാധാരണയായി വലിയ തുകയുടെ ദീർഘകാല കരാറുകളോ മുഴുവൻ വെയർഹൗസുകളോ ആണ് ലോജിസ്റ്റിക്സ് രംഗത്ത് ലഭ്യമാകാറുള്ളത്. ഇത് പ്രതിമാസം കുറഞ്ഞ ഓർഡറുകൾ മാത്രം ലഭിക്കുന്ന ചെറുകിട സ്ഥാപനങ്ങൾക്ക് താങ്ങാനാവില്ല. കൂടാതെ സ്റ്റോറേജ്, ഗതാഗതം, കസ്റ്റംസ് ക്ലിയറൻസ്, ഡെലിവറി എന്നിവയ്ക്കായി വ്യത്യസ്ത സേവനദാതാക്കളെ ആശ്രയിക്കേണ്ടി വരുന്നത് ബിസിനസ് ഉടമകൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ടെന്ന്
വേർവൺ സി ഇ ഒ
ശൈഖ് ഖലീഫ ബിൻ സൽമാൻ അൽ ഥാനി പറഞ്ഞു.ഈ പ്രശ്നങ്ങൾക്ക് പരിഹാരമായാണ് വേർവൺ ഒറ്റ പ്ലാറ്റ്‌ഫോമിൽ സേവനങ്ങൾ സമഗ്രമായി ലഭ്യമാക്കുന്നത്. ഇ-കോമേഴ്സ് സേവനങ്ങൾക്കായി സ്വന്തമായി ഫുൾഫിൽമെന്റ് സെന്റർ പ്രവർത്തിപ്പിക്കുന്നതിനൊപ്പം, ഖത്തറിലും ജി.സി.സി രാജ്യങ്ങളിലുടനീളമുള്ള പങ്കാളികളുടെ ശൃംഖല വഴി സ്റ്റോറേജ്, ഫ്രൈറ്റ്, ഡെലിവറി സേവനങ്ങളും വേർവൺ ഉറപ്പാക്കുന്നു.വേർവണിന്റെ സേവനം ഉപയോഗപ്പെടുത്തിയ ഒരു പ്രാദേശിക ഖത്തറി ബ്രാൻഡ് ഏതാനും മാസങ്ങൾക്കുള്ളിൽ നാലിരട്ടി വളർച്ച കൈവരിച്ചതായും, തങ്ങളുടെ സ്വന്തം ലോജിസ്റ്റിക്സ് ടീമോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ തന്നെ വിപണിയിൽ മുന്നേറാൻ അവർക്ക് സാധിച്ചതായും ശൈഖ് ഖലീഫ ചൂണ്ടിക്കാട്ടി. കൃത്യസമയത്തുള്ള ഡെലിവറി, ഓർഡറുകളിലെ കാര്യക്ഷമത എന്നിവ ഉറപ്പാക്കി സംരംഭങ്ങളെ വളർച്ചയിലേക്ക് നയിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.











