07:29am 07 November 2026
NEWS
ശിവൻകുട്ടിയുടെ പൂഴിക്കടകൻ: കേരള രാഷ്ട്രീയത്തിലെ പുതിയ തന്ത്രങ്ങൾ
22/06/2025  11:08 AM IST
സുരേഷ് വണ്ടന്നൂർ
ശിവൻകുട്ടിയുടെ പൂഴിക്കടകൻ: കേരള രാഷ്ട്രീയത്തിലെ പുതിയ തന്ത്രങ്ങൾ

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, കേരള രാഷ്ട്രീയത്തിൽ തന്റേതായൊരിടം അടയാളപ്പെടുത്തുന്നത് പലപ്പോഴും അപ്രതീക്ഷിത നീക്കങ്ങളിലൂടെയാണ്. ഏത് ഫാസിസ്റ്റ് നീക്കത്തെയും ജനാധിപത്യ രീതിയിൽ നേരിടുന്ന അദ്ദേഹത്തിന്റെ ശൈലിക്ക് ഉദാഹരണമാണ്, കാവിയും വെള്ളയും പച്ചയും ഇടകലർന്ന ഭാരതമാതാവിനെ വെറും കാവി സാരി ചുറ്റിച്ച ഗവർണർ ആർ.വി. ആർലേക്കർക്ക് നൽകിയ മറുപടി. "മിസ്റ്റർ ഫാസിസ്റ്റ് ഗവർണർ, ഗെറ്റൗട്ട് ഫ്രം അവർ ഡെമോക്രാറ്റിക് കേരള കൺട്രി" എന്ന് വ്യംഗ്യമായെങ്കിലും പറയാൻ അദ്ദേഹത്തിന് ധൈര്യമുണ്ടായിരുന്നു.
ഈ നീക്കത്തിന്റെ ഭാഗമായി, പത്താം ക്ലാസ്, ഹയർസെക്കൻഡറി പാഠപുസ്തകങ്ങളിൽ ഗവർണറുടെ അധികാരവും കടമയും ഉൾപ്പെടുത്താൻ വിദ്യാഭ്യാസ മന്ത്രി തീരുമാനിച്ചു. ഇത് ഇറാഖിലെ സദ്ദാം ഹുസൈന്റെ സ്‌കഡ് മിസൈലിനെ പേട്രിയറ്റ് മിസൈൽ പ്രയോഗിച്ച് അമേരിക്ക നിഷ്പ്രഭമാക്കിയതിന് സമാനമായൊരു തന്ത്രമായി പലരും കാണുന്നു. ഈ നീക്കത്തിലൂടെ രണ്ട് കാര്യങ്ങളാണ് ലക്ഷ്യമിട്ടത്: പാഠപുസ്തകങ്ങൾ വായിച്ച് ഗവർണർക്ക് സ്വന്തം അധികാരപരിധി മനസ്സിലാക്കാനും ഒരുപക്ഷേ മാനസാന്തരമുണ്ടാകാനും സാധ്യതയുണ്ട്. മറ്റൊന്ന്, ഭാവിതലമുറയ്ക്ക് ഗവർണർ ഒരു "ഭീകരനാണെന്ന്" തിരിച്ചറിയാൻ ഇത് സഹായിക്കും. കുട്ടിസഖാക്കൾ രാജ്ഭവനെതിരെ സായുധ നീക്കം നടത്താൻ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞാൽ രാഷ്ട്രപതി വരെ പേടിക്കുമെന്നാണ് അടക്കം പറച്ചിൽ. ഇത് ഒരു നിശബ്ദമായ ആണവായുധം, അല്ലെങ്കിൽ ബ്രഹ്മാസ്ത്രം തന്നെയാണെന്ന് കട്ട സംഘികളും സമ്മതിച്ചു തുടങ്ങി. "വാട്ട് ആൻ ഐഡിയ സർജി" എന്ന പഴയ പരസ്യവാചകം ഇവിടെ പ്രസക്തമാകുന്നു.

സർ സി.പിയുടെ തീതുപ്പുന്ന തോക്കുകൾക്ക് മുന്നിലേക്ക് വാരിക്കുന്തങ്ങളുമായി ചാടിവീണ ധീരസഖാക്കളുടെ പ്രസ്ഥാനമാണിതെന്ന് കാവിയണിഞ്ഞ ഗവർണർ ഇനിയെങ്കിലും മനസ്സിലാക്കിയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന മുന്നറിയിപ്പുമുണ്ട്. വെടക്കാക്കി തനിക്കാക്കാനുള്ള പൂതി വിപ്ലവകേരളത്തിൽ നടപ്പില്ല. സംശയമുണ്ടെങ്കിൽ മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് ചോദിച്ചാൽ മതി, രായ്ക്കുരാമാനം മൂപ്പർ എസ്‌കേപ്പ് ആവുകയായിരുന്നു.

ജനാധിപത്യത്തിന്റെ പാഠങ്ങൾ: ശിവൻകുട്ടിയുടെ ശൈലി

ജനാധിപത്യവും രാഷ്ട്രീയ മര്യാദകളും എന്താണെന്ന് മന്ത്രി ശിവൻകുട്ടിയോട് ചോദിച്ച് ഗവർണർ ആർലേക്കർ പഠിക്കണമെന്നാണ് വിമർശകരുടെ അഭിപ്രായം. വിദ്യ അഭ്യസിക്കാൻ പ്രായം തടസ്സമല്ലല്ലോ. 'പരിപ്പ് ഇവിടെ വേവില്ല' എന്ന പഴയ മുദ്രാവാക്യം കേരളം മറന്നിട്ടില്ല. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തൃശൂർ കേരളവർമ്മ കോളേജിൽ എത്തിയപ്പോൾ "നിങ്ങളുടെ പരിപ്പ് ഇവിടെ വേവില്ല" എന്ന് ബാനർ എഴുതി കുട്ടി സഖാക്കൾ അദ്ദേഹത്തെ ഞെട്ടിച്ചിരുന്നു. മലയാളമറിയാത്ത കക്ഷിക്ക് കാര്യങ്ങൾ വെടിപ്പായി മനസ്സിലാക്കാൻ "Your Daal will not cook here" എന്ന് ഇംഗ്ലീഷിൽ എഴുതുകയായിരുന്നു. അതുകണ്ട് ഗവർണർ കോളേജിൽനിന്ന് ഇറങ്ങിയോടിയത് ചരിത്രം.

ഫാസിസ്റ്റുകളുടെ പേടിസ്വപ്നം: ശിവൻകുട്ടി എന്ന അസാധാരണ വ്യക്തിത്വം

ജനാധിപത്യം സംരക്ഷിക്കാൻ നിയമസഭയിൽ സ്പീക്കറുടെ ചേംബറിലെത്തി മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയ അസാധാരണ വ്യക്തിത്വത്തിന് ഉടമയാണ് ശിവൻകുട്ടി സഖാവ്. ഫാസിസ്റ്റ് ബിംബങ്ങളായ വലിയ ചാരുകസേരയും മൈക്കും അന്ന് എയറിൽ കറങ്ങി താഴെ ക്രാഷ് ലാൻഡ് ചെയ്തത് ആരും മറന്നിട്ടില്ല. അന്ന് അതിനു സ്തുതി പാടിയ സംഘികൾ, സംഗതി ശിവതാണ്ഡവം ആണെന്നും സഖാവിന്റെ ആത്മീയ ഔന്നത്യമാണിതെന്നും വിലയിരുത്തി. ചില അന്തർധാരകളുടെ പോക്ക് എങ്ങോട്ടാണെന്ന് അന്ന് കോൺഗ്രസുകാർക്ക് മനസ്സിലായിരുന്നു. ഇതിനെതിരെ ആഞ്ഞടിക്കാൻ കെ.പി.സി.സി. നേതൃത്വം തീരുമാനിച്ചെങ്കിലും, അറിവില്ലാത്തവരോട് ക്ഷമിക്കാനായിരുന്നു രാഹുൽജിയുടെ ഉപദേശം. ഈ ശുദ്ധഗതിയാണ് കോൺഗ്രസിന്റെ കരുത്ത്, കാലം അത് തെളിയിക്കും.

ഭാരതമാതാവിനെ ആരെങ്കിലും നേരിട്ട് കണ്ടിട്ടുണ്ടോയെന്നാണ് ശിവൻകുട്ടിയുടെയും പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാഷിന്റെയും ചോദ്യം. അടിയന്തരാവസ്ഥക്കാലത്ത് കാവിക്കാരുടെ കൂടെ ജയിലിൽ 'ഭായി-ഭായി' ആയി കിടന്നപ്പോൾ സഖാക്കൾ ഇങ്ങനെയൊന്നും ആയിരുന്നില്ലെന്നാണ് സംഘികൾ പറയുന്നത്. അന്നൊക്കെ ഭാരതാംബയെ വലിയ ഇഷ്ടമായിരുന്നു, ഒരുമിച്ച് പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നത്രേ. പോലീസിന്റെ ഇടി മർമ്മത്തിൽ കൊള്ളുമ്പോൾ ആരും "അമ്മേ" എന്ന് വിളിക്കില്ലേയെന്നാണ് ഇതിനുള്ള ന്യൂജെൻ സഖാക്കളുടെ മറുപടി. ശരീരം വേദനിക്കുമ്പോൾ 'അയ്യോ എന്റെ മാർക്‌സേ, ഏംഗൽസേ' എന്ന് വിളിച്ച് സോവിയറ്റ് സഖാക്കൾ പോലും നിലവിളിച്ചിട്ടുണ്ടാവില്ല. കണ്ണിൽ പൊന്നീച്ച പറക്കുമ്പോൾ മുന്നിൽ പല രൂപങ്ങളും തെളിയും. അതിലൊന്ന് ഈ പറയുന്ന ഭാരതമാതാവായിരുന്നിരിക്കാം. ഇതൊക്കെ വിശദമായി ചോദിച്ചറിയാൻ പറ്റിയ ആരും ഇപ്പോൾ ഇല്ലതാനും. എന്തായാലും ആ കാലമൊക്കെ കഴിഞ്ഞു.

പുതിയ കാലം, പുതിയ വിപ്ലവം

കാണാത്ത ഒരാളെ സാരിയുടുപ്പിച്ച് സഖാക്കളെക്കൊണ്ട് താമരപ്പൂവ് കൊണ്ട് അർച്ചന നടത്തിക്കാനുള്ള ഗവർണറുടെ നീക്കം നടപ്പില്ലെന്ന് മോഡേൺ സഖാക്കൾ വ്യക്തമാക്കിക്കഴിഞ്ഞു. പരിപ്പുവടയും കട്ടനുമൊക്കെ പോയി, കെ.എഫ്.സി.യും പെപ്‌സിയുമെത്തി. സാങ്കൽപ്പിക ബിംബങ്ങളെ ആരാധിക്കുന്ന ഏർപ്പാടില്ല. നേരിൽ കാണുന്നതേ വിപ്ലവകാരികൾ വിശ്വസിക്കൂ. രക്തസാക്ഷികളുടെ ചിത്രത്തിൽ രക്തഹാരം അണിയിച്ചേ ശീലമുള്ളൂ. രാജ്യത്തെ സ്ത്രീയായി കാണാതെ പുരുഷനായി കണ്ടാലെന്താണെന്ന ചോദ്യവും ഉയർന്നു തുടങ്ങി.
കാഴ്ചയിൽ പാവത്താനാണെങ്കിലും ആരിഫ് മുഹമ്മദ് ഖാനെക്കാൾ കടുപ്പക്കാരനാണ് ആർലേക്കറെന്ന് ഇപ്പോൾ മനസ്സിലായി. സംഘികൾ മനസ്സിൽ ഒളിപ്പിച്ചിരുന്ന ഭാരതമാതാവ് ഇപ്പോൾ താരമായി. മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള ഇരിപ്പുവശവും 'ഠിം!'. ഇത്തരമൊരു വിവാദമുണ്ടാക്കിയത് സി.പി.ഐയുടെ ആസൂത്രിത നീക്കമായിരുന്നോ എന്ന സംശയവും ചില സഖാക്കൾക്കുണ്ട്. തിരഞ്ഞെടുപ്പ് അടുക്കാറായ സാഹചര്യത്തിൽ ചിലതെല്ലാം കണ്ടില്ലെന്ന് നടിക്കാമായിരുന്നു എന്ന് ചില മൂത്ത സഖാക്കൾ സ്വകാര്യമായി പറഞ്ഞുതുടങ്ങി. പലതും കാണാതിരിക്കാനാണ് കണ്ണുകൾ എന്ന് പണ്ട് ആരോ പറഞ്ഞത് എത്ര ശരി!

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img