08:21pm 11 November 2026
NEWS
ജി7 ഉച്ചകോടിയിലെ അമീറിന്റെ പങ്കാളിത്തം ശ്ലാഘനീയം; പ്രമേയവുമായി ശൂറാ കൗൺസിൽ
23/06/2026  03:52 PM IST
nila
ജി7 ഉച്ചകോടിയിലെ അമീറിന്റെ പങ്കാളിത്തം ശ്ലാഘനീയം; പ്രമേയവുമായി ശൂറാ കൗൺസിൽ

ദോഹ: ജി7 (G7) ഉച്ചകോടിയിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയുടെ പങ്കാളിത്തത്തെ പ്രകീർത്തിച്ച് ഖത്തർ ശൂറാ കൗൺസിൽ. അന്താരാഷ്ട്ര തലത്തിൽ ഖത്തറിനുള്ള പ്രമുഖ സ്ഥാനവും, ലോക സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കാൻ അമീർ നടത്തുന്ന ഇടപെടലുകൾക്കുള്ള ആഗോള അംഗീകാരവുമാണ് ഈ ക്ഷണമെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി.
​തിങ്കളാഴ്ച തമീം ബിൻ ഹമദ് ഹാളിൽ സ്പീക്കർ ഹസ്സൻ ബിൻ അബ്ദുള്ള അൽ ഗാനിമിന്റെ അധ്യക്ഷതയിൽ ചേർന്ന ശൂറാ കൗൺസിലിന്റെ പതിവ് പ്രതിവാര സമ്മേളനത്തിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പ്രത്യേക ക്ഷണപ്രകാരമുള്ള അമീറിന്റെ പങ്കാളിത്തത്തെ കൗൺസിൽ അഭിനന്ദിച്ചത്.
​'പ്രതിസന്ധികളെ മറികടക്കലും മിഡിൽ ഈസ്റ്റിൽ സ്ഥിരത ഉറപ്പാക്കലും' എന്ന വിഷയത്തിൽ നടന്ന വർക്കിങ് സെഷനിൽ അമീർ പങ്കെടുത്തത്, നയതന്ത്ര പരിഹാരങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും അന്താരാഷ്ട്ര നാവിക-വ്യാപാര സുരക്ഷ ഉറപ്പാക്കുന്നതിലും ഖത്തറിന്റെ നിർണായക പങ്കിനെ അടിവരയിടുന്നതാണെന്ന് കൗൺസിൽ വിലയിരുത്തി.ശൂറാ കൗൺസിൽ സെക്രട്ടറി ജനറൽ നായിഫ് ബിൻ മുഹമ്മദ് അൽ മഹ്മൂദ് അജണ്ട വായിച്ചതോടെയാണ് സഭാനടപടികൾ ആരംഭിച്ചത്. തുടർന്ന്, ഹെൽത്ത്, പബ്ലിക് സർവീസസ് ആൻഡ് എൻവയോൺമെന്റ് അഫയേഴ്സ് കമ്മിറ്റിയുടെ റിപ്പോർട്ട് വിലയിരുത്തിയ ശേഷം, ഭേദഗതി വരുത്തിയ രൂപത്തിലുള്ള മൃഗക്ഷേമ നിയമത്തിന്റെ കരടിന് (Draft law on animal welfare) കൗൺസിൽ അംഗീകാരം നൽകുകയും തുടർനടപടികൾക്കായി ഇത് സർക്കാരിലേക്ക് അയക്കുകയും ചെയ്തു.
​1990-ലെ 13-ാം നമ്പർ നിയമപ്രകാരമുള്ള സിവിൽ, കൊമേഴ്സ്യൽ പ്രൊസീജിയർ നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതിനുള്ള കരട് ബിൽ, ശൂറാ കൗൺസിലിന്റെ ആഭ്യന്തര ചട്ടങ്ങളിലെ ആർട്ടിക്കിൾ 114 അനുസരിച്ച് പഠനത്തിനായി ലീഗൽ ആൻഡ് ലെജിസ്ലേറ്റീവ് അഫയേഴ്സ് കമ്മിറ്റിക്ക് കൈമാറിയതായി സ്പീക്കർ ഹസ്സൻ ബിൻ അബ്ദുള്ള അൽ ഗാനിം സഭയെ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img