06:12pm 31 August 2026
NEWS
പ്രധാനമന്ത്രിയാകേണ്ടത് രാഹുൽ ​ഗാന്ധിയോ അതോ വിജയ് യോ? തമിഴ്നാട് സർക്കാരിൽ പുതിയ പ്രതിസന്ധി
31/08/2026  04:47 PM IST
nila
പ്രധാനമന്ത്രിയാകേണ്ടത് രാഹുൽ ​ഗാന്ധിയോ അതോ വിജയ് യോ? തമിഴ്നാട് സർക്കാരിൽ പുതിയ പ്രതിസന്ധി

ചെന്നൈ: തമിഴ്നാട്ടിലെ ഭരണസഖ്യത്തിൽ പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തെച്ചൊല്ലി തർക്കം രൂക്ഷമാകുന്നു. 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കാൻ തമിഴക വെട്രി കഴകം (ടിവികെ) തയാറായില്ലെങ്കിൽ മന്ത്രിസഭയിലെ കോൺഗ്രസ് മന്ത്രിമാർ രാജിവയ്ക്കുമെന്ന് സംസ്ഥാന ടൂറിസം മന്ത്രിയും കോൺഗ്രസ് നേതാവുമായ എസ്. രാജേഷ് കുമാർ വ്യക്തമാക്കി.

ടിവികെ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കാത്ത പക്ഷം മന്ത്രിസഭയിലെ രണ്ട് കോൺഗ്രസ് മന്ത്രിമാരും രാജിവയ്ക്കുമെന്നാണ് രാജേഷ് കുമാറിന്റെ പ്രഖ്യാപനം. ഈ വിഷയത്തിൽ കോൺഗ്രസ് വിട്ടുവീഴ്ചയ്ക്കില്ലെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പിന്തുണയ്ക്കുന്ന ഏക പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽ ഗാന്ധിയാണെന്നും അദ്ദേഹം പറഞ്ഞു.

വിജയിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കാൻ ടിവികെ

2029ൽ മുഖ്യമന്ത്രി വിജയിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാനുള്ള ടിവികെയുടെ നീക്കങ്ങളാണ് സഖ്യത്തിൽ പുതിയ പ്രതിസന്ധിക്ക് വഴിതുറന്നത്. വിജയിന്റെ നേതൃത്വത്തിലുള്ള ടിവികെ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി അധികാരത്തിലെത്തിയിരുന്നു. വിസികെ, ഐയുഎംഎൽ, കോൺഗ്രസ്, സിപിഐ, സിപിഎം തുടങ്ങിയ കക്ഷികളുടെ പിന്തുണയോടെയാണ് സർക്കാർ രൂപീകരിച്ചത്.

സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ തന്നെ വിജയിനെ 2029ലെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്താനുള്ള പ്രചാരണവും ടിവികെ ശക്തമാക്കി. ഇതിനെതിരെ കോൺഗ്രസ് നേതാക്കൾ പരസ്യമായി രംഗത്തെത്തിയതോടെയാണ് സഖ്യത്തിലെ ഭിന്നത പുറത്തായത്.

‘ടിവികെ രാഷ്ട്രീയ പാർട്ടിയല്ല, ഫാൻസ് ക്ലബ്ബ്’

ടിവികെയുടെ നീക്കങ്ങളെ തമിഴ്നാട് കോൺഗ്രസ് അധ്യക്ഷനും എംപിയുമായ ബി. മാണിക്കം ടാഗോറും രൂക്ഷമായി വിമർശിച്ചു. ടിവികെ നേതാക്കൾ ഇപ്പോഴും രാഷ്ട്രീയ പാർട്ടിയുടെ രീതിയിലല്ല പ്രവർത്തിക്കുന്നതെന്നും സിനിമാ ഫാൻസ് ക്ലബ്ബിന്റെ മനോഭാവത്തിൽനിന്ന് പുറത്തുകടന്നിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു.

അധികാരത്തിലെത്തി അധികം വൈകാതെ തന്നെ സഖ്യത്തിലെ പ്രധാന കക്ഷികൾ തമ്മിൽ പ്രധാനമന്ത്രി സ്ഥാനത്തെച്ചൊല്ലി ഏറ്റുമുട്ടൽ ആരംഭിച്ചത് തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനിയും വർഷങ്ങൾ ശേഷിക്കെ തന്നെ പ്രധാനമന്ത്രി സ്ഥാനാർഥിത്വം സഖ്യത്തിൽ തർക്കവിഷയമായതോടെ വിജയ് സർക്കാരിന്റെ രാഷ്ട്രീയ സ്ഥിരതയും ചർച്ചയാകുകയാണ്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img