
തിരുവനന്തപുരം: രാഷ്ട്രത്തിന്റെ അടിത്തറ രാഷ്ട്രീയമാണെന്നും നിയമം കൈകാര്യം ചെയ്യുന്നവർ ജനപ്രതിനിധികളാകുന്നത് ഭരണനിർവ്വഹണത്തിന് വലിയ ഗുണം ചെയ്യുമെന്നും ശശി തരൂർ എം.പി. തിരുവനന്തപുരം ബാർ അസോസിയേഷൻ സംഘടിപ്പിച്ച, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഭിഭാഷക ജനപ്രതിനിധികൾക്കുള്ള സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുദേവന്റെ "മതമേതായാലും മനുഷ്യൻ നന്നായാൽ മതി" എന്ന ദർശനം ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. "രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയമുള്ളൂ, രാഷ്ട്രീയമുണ്ടെങ്കിലേ രാഷ്ട്രവുമുണ്ടാകൂ" എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നിയമങ്ങൾ കൃത്യമായി വ്യാഖ്യാനിക്കാൻ കഴിവുള്ള അഭിഭാഷകർ തദ്ദേശ ഭരണതലത്തിൽ എത്തുമ്പോൾ ജനകീയ പ്രശ്നങ്ങൾക്ക് നിയമപരമായ പരിഹാരം വേഗത്തിൽ കണ്ടെത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈക്കോടതി ബെഞ്ചിനായി രാഷ്ട്രീയ ഇച്ഛാശക്തി വേണം
തലസ്ഥാനത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുന്നതിന് നിലവിൽ അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളതെന്ന് തരൂർ ചൂണ്ടിക്കാട്ടി. ഇതിനായി ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമാണ്. ബാർ അസോസിയേഷൻ ഭാരവാഹികളും കോർപ്പറേഷൻ മേയറും ചേർന്ന് പ്രധാനമന്ത്രിയെ കണ്ട് ഈ ആവശ്യം ഉന്നയിക്കണമെന്നും, ഇതിനായി എം.പി എന്ന നിലയിൽ എല്ലാവിധ സഹകരണങ്ങളും താൻ നൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
വികസന പദ്ധതികൾക്ക് എം.പി ഫണ്ട്
ബാർ അസോസിയേഷൻ ലൈബ്രറിക്കായി മൂന്ന് നിലകളുള്ള പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് എം.പി ഫണ്ടിൽ നിന്നും സഹായം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തവണകളായി ഫണ്ട് അനുവദിക്കുമെന്നും നിർമ്മാണ പ്രവർത്തനങ്ങൾ മാർച്ച് മാസത്തോടെ ആരംഭിക്കണമെന്നും അദ്ദേഹം ഭാരവാഹികൾക്ക് നിർദ്ദേശം നൽകി.
ആദരിക്കൽ ചടങ്ങ്
തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി.രാജേഷ്, സി.പി.എം പാർലമെന്ററി പാർട്ടി നേതാവ് എസ്.പി ദീപക്, കോൺഗ്രസ് പാർലമെന്റ്റി പാർട്ടി നേതാവ് കെ .എസ് ശബരിനാഥ്, തുടങ്ങി തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 26 അഭിഭാഷകരെ ചടങ്ങിൽ ആദരിച്ചു.
ബാർ അസോസിയേഷൻ പ്രസിഡന്റ് ജി. ഗോപിദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി വള്ളക്കടവ് ജി. മുരളീധരൻ, വൈസ് പ്രസിഡന്റ് അനിത അജി, ജോയിന്റ് സെക്രട്ടറി സെബാസ്റ്റ്യൻ സൈമൺ, ട്രഷറർ വിജേഷ് കരുൺ തുടങ്ങിയവർ സംസാരിച്ചു.










