
നെയ്യാറ്റിൻകരയിലോ കാട്ടാക്കടയിലോ നോട്ടം; തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി ഒഴിവാക്കാനാണ് ഡിസിസി പ്രസിഡൻ്റിൻ്റെ 'ഒഴിയൽ നാടകം' എന്ന് അണിയറ സംസാരം
തിരുവനന്തപുരം: ഡിസിസി പ്രസിഡന്റ് എൻ. ശക്തൻ സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചതിനും കെപിസിസി നേതൃയോഗത്തിൽ കത്തുനൽകിയതിനും പിന്നിൽ വ്യക്തിപരമായ രാഷ്ട്രീയ താൽപര്യങ്ങളാണെന്ന് പാർട്ടി പ്രവർത്തകർക്കിടയിൽ ശക്തമായ സംസാരം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ നെയ്യാറ്റിൻകരയിലോ കാട്ടാക്കടയിലോ മത്സരിക്കാൻ ശക്തൻ ഒരുങ്ങുന്നതായും ഇതിനായുള്ള മുന്നൊരുക്കങ്ങൾക്കാണ് അദ്ദേഹം നിലവിലെ ജോലിഭാരം ഒരു മറയാക്കുന്നതെന്നുമാണ് ആരോപണം.
കൂടാതെ, തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫിനോ, പ്രത്യേകിച്ചും കോൺഗ്രസിനോ, കനത്ത തിരിച്ചടി നേരിട്ടാൽ അതിൻ്റെ പൂർണ്ണ ഉത്തരവാദിത്തം ഡിസിസി പ്രസിഡൻ്റ് എന്ന നിലയിൽ തൻ്റെ തലയിൽ വരുമോ എന്ന ഭയവും ഈ 'ഒഴിയൽ നാടകത്തിന്' പിന്നിലുണ്ട്. താൽക്കാലികമായി ചുമതലയേറ്റ താൻ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പഴി കേൾക്കേണ്ടി വരരുതെന്ന ചിന്തയാണ് രാജി സന്നദ്ധത പലവട്ടം പ്രകടിപ്പിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്നും പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
നിയമസഭാ മോഹവും ഭയവും:
നിയമസഭാ മോഹം: നെയ്യാറ്റിൻകര, കാട്ടാക്കട മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ശക്തൻ ഇതിനോടകം അനൗദ്യോഗികമായ മുന്നൊരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. ഡിസിസി പ്രസിഡൻ്റ് എന്ന നിലയിലുള്ള തിരക്കുകൾ ഒഴിവാക്കി, മുഴുവൻ ശ്രദ്ധയും നിയമസഭാ പ്രവർത്തനങ്ങളിലേക്ക് മാറ്റാനുള്ള തന്ത്രമാണ് കത്ത് നൽകിയതിന് പിന്നിലെ മുഖ്യ കാരണം.
തിരിച്ചടി ഭയം:
തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം സംസ്ഥാന നേതൃത്വത്തെ അലട്ടുന്ന ഒരു വിഷയമാണ്. ഏതെങ്കിലും തരത്തിൽ ജില്ലാ ഘടകത്തിന് തിരിച്ചടി ഉണ്ടായാൽ അത് ഡിസിസി പ്രസിഡൻ്റിൻ്റെ കഴിവുകേടായി വിലയിരുത്തപ്പെടുമെന്നും, ഇത് തൻ്റെ നിയമസഭാ സ്ഥാനാർത്ഥി മോഹങ്ങൾക്ക് തിരിച്ചടിയാകുമെന്നും ശക്തൻ ഭയക്കുന്നു.
നിലവിൽ തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ സ്ഥാനത്ത് തുടരാൻ നേതൃത്വം ശക്തനോട് കെ.പി.സി.സി നേതൃത്ത്വം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഈ സമ്മർദ്ദ തന്ത്രം തുടർന്നാൽ, തിരഞ്ഞെടുപ്പ് വേളയിൽ നേതാക്കൾ തമ്മിലുള്ള ഈ 'അങ്കലാപ്പ്' താഴെത്തട്ടിലുള്ള പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കുമെന്നും, ഇത് കോൺഗ്രസിന് വലിയ ദോഷം ചെയ്യുമെന്നും മുതിർന്ന പ്രവർത്തകർ കെപിസിസി നേതൃത്വത്തെ ധരിപ്പിച്ചതായാണ് വിവരം.








