
ദോഹ: പ്രണയവും വിരഹവും അതിരുകളില്ലാത്ത ഓർമ്മകളായി മാറുന്ന ചരിത്ര താളുകളിൽ നിന്ന്ഷാജഹാൻ ചക്രവർത്തിയുടെ അപൂർവ്വമായ രാജകീയ നിധി ദോഹയിൽ എത്തുമ്പോൾ അത് കേവലം ഒരു ചരിത്രശേഷിപ്പല്ല; കാലത്തെ അതിജീവിച്ച അനശ്വര പ്രണയത്തിന്റെ സാക്ഷ്യപത്രമാണ്. മുംതാസ് മഹലിന്റെ വേർപാടിൽ നീറിയ മനസ്സുമായി ഷാജഹാൻ ഹൃദയത്തോട് ചേർത്തുവെച്ച വെൺമയാർന്ന 'ജേഡ് രത്ന ഏലസ്സ്' (Amulet) ദോഹ മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിൽ സന്ദർശകർക്ക് പ്രണയത്തിന്റെയും വിരഹത്തിന്റെയും മനോഹര ദൃശ്യാനുഭവമാകുന്നു.
താജ്‌മഹലെന്ന മനോഹര കാവ്യത്തിന് സമാനമായി, ഷാജഹാൻ - മുംതാസ് പ്രണയകഥയുടെ അധികമാരും അറിയാത്ത ഓർമ്മച്ചെപ്പാണ് ഈ അപൂർവ്വ ഏലസ്സ്. പ്രിയപത്നിയുടെ വേർപാടിന് ശേഷം എ.ഡി 1631-1632 കാലഘട്ടത്തിലാണ് ചക്രവർത്തി ഇത് നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. വെള്ളനിറത്തിലുള്ള അപൂർവ്വ ജേഡ് രത്നക്കല്ലിൽ തീർത്ത, 3.8 സെന്റീമീറ്റർ ഉയരവും 5.3 സെന്റീമീറ്റർ വ്യാസവുമുള്ള ഈ പതക്കത്തിന്റെ ഇരുവശങ്ങളിലും വിശുദ്ധ ഖുർആനിലെ 'ആയത്തുൽ കുർസി' വചനങ്ങൾ മനോഹരമായി ആലേഖനം ചെയ്തിട്ടുണ്ട്.
മുഗൾ പാരമ്പര്യത്തിൽ ഹൃദയത്തോട് ചേർത്ത് അണിയുന്ന ഇത്തരം ജേഡ് ഏലസ്സുകൾ 'ഹൽദിലി' എന്നാണ് അറിയപ്പെടുന്നത്. പ്രിയതമയുടെ വേർപാടിലുണ്ടായ കടുത്ത മനോവിഷമവും വേദനയും മറികടക്കാനും, മനസ്സമാധാനത്തിനുമായി ഷാജഹാൻ ഇത് സ്ഥിരമായി ധരിച്ചിരുന്നുവെന്ന് ചരിത്രകാരന്മാർ വിലയിരുത്തുന്നു. രാജകീയ മുദ്രകളും രണ്ട് തീയതികളും കൊത്തിവെച്ചിട്ടുള്ള ഈ പതക്കം ലോഹച്ചെയിനുകളിൽ മുത്തുകൾ കോർത്ത നിലയിലാണ് സംരക്ഷിച്ചിരിക്കുന്നത്.
സെസിൽ ബാരിങ്ങിന്റെ സ്വകാര്യ ശേഖരത്തിലുണ്ടായിരുന്ന ഈ അപൂർവ്വ ചരിത്രസമ്പത്ത്, 2001 ഒക്ടോബറിൽ ലണ്ടനിൽ നടന്ന സോത്ത്ബീസ് ലേലത്തിലൂടെയാണ് ഖത്തർ മ്യൂസിയംസ് സ്വന്തമാക്കുന്നത്. ഇസ്ലാമിക കലയുടെയും മുഗൾപ്രണയകാവ്യത്തിന്റെയും അമൂല്യതകാണാൻ
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആസ്വാദകരാണ് ദോഹയിലെത്തുന്നത്.










