04:29am 09 November 2026
NEWS
ഓണം ബഹളങ്ങള്‍ക്കിടയിലും സംസ്ഥാന ജീവനക്കാര്‍ക്കും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കും ബോണസ്; സാമ്പത്തിക പ്രതിസന്ധിക്കിടെയും ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുമ്പോള്‍ കടുത്ത വിമര്‍ശനം
15/08/2026  03:49 PM IST
ന്യൂസ് ബ്യൂറോ
ഓണം ബഹളങ്ങള്‍ക്കിടയിലും സംസ്ഥാന ജീവനക്കാര്‍ക്കും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കും ബോണസ്; സാമ്പത്തിക പ്രതിസന്ധിക്കിടെയും ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുമ്പോള്‍ കടുത്ത വിമര്‍ശനം

​തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയും ട്രഷറി നിയന്ത്രണങ്ങളും സംസ്ഥാനത്തെ വട്ടം കറക്കുമ്പോഴും, ഈ വര്‍ഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. 2025-26 സാമ്പത്തിക വര്‍ഷത്തെ ബോണസായി അര്‍ഹരായവര്‍ക്ക് 4,500/- രൂപയാണ് അനുവദിച്ചിരിക്കുന്നത്. ആഗസ്റ്റ് 17 മുതല്‍ ഇതിന്റെ വിതരണം ആരംഭിക്കുമെന്നും ഉത്തരവിലുണ്ട്.  
​എന്നാല്‍, നാടൊകെ വിലക്കയറ്റവും പട്ടിണിയും കൊണ്ട് വീര്‍പ്പുമുട്ടുമ്പോള്‍, ഖജനാവ് കാലിയാണെന്ന് പറഞ്ഞ് സാധാരണക്കാരുടെ ക്ഷേമപെന്‍ഷനുകളും മറ്റ് ആനുകൂല്യങ്ങളും മുടക്കുന്ന സര്‍ക്കാര്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ക്കും രാഷ്ട്രീയക്കാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കും മാത്രം വാരിക്കോരി ആനുകൂല്യങ്ങള്‍ നല്‍കുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
​വിവാദ ഉത്തരവിലെ പ്രധാന വിവരങ്ങള്‍:
​മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കും ബോണസ്: മന്ത്റിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ റെഗുലര്‍/താല്‍ക്കാലിക ജീവനക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഓണാഴ്ചയ്ക്ക് ശേഷം ജോലിയില്‍ പ്രവേശിച്ചവര്‍ക്കും ഇതില്‍ ആനുകൂല്യം ലഭിക്കും.  
​ശമ്പള പരിധി ബാധകം: നിലവിലെ ശമ്പളപരിഷ്കരണ പ്രകാരം 49,275/- രൂപ വരെയോ അല്ലെങ്കില്‍ പത്താം ശമ്പളപരിഷ്കരണ പ്രകാരം 44,462/- രൂപ വരെയോ ‘ആകെ ശമ്പളം’ ഉള്ളവര്‍ക്കാണ് 4,500 രൂപ ബോണസിന് അര്‍ഹതയുള്ളത്. ഇതില്‍ കുറവുള്ളവര്‍ക്ക് ഒരു മാസത്തെ വേതനമോ അല്ലെങ്കില്‍ 4,500 രൂപയോ ഏതാണോ കുറവ് അത് ബോണസായി ലഭിക്കും.  
​ഉത്സവബത്തയുടെ നിരക്കുകള്‍: ബോണസിന് അര്‍ഹതയില്ലാത്ത വിവിധ വിഭാഗം ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പാര്‍ട്ട് ടൈം-കണ്ടിജന്റ് ജീവനക്കാര്‍, നൈറ്റ് വാച്ച്മാന്‍മാര്‍, വിവിധ വകുപ്പുകളിലെ ദിവസക്കൂലി തൊഴിലാളികള്‍ എന്നിവര്‍ക്കായി 1,250/- രൂപ മുതല്‍ 3,000/- രൂപ വരെ പ്രത്യേക ഉത്സവബത്തയും അനുവദിച്ചിട്ടുണ്ട്.  
​ഫണ്ട് കണ്ടെത്തല്‍: അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ സര്‍ക്കാര്‍ വകുപ്പുകളുടെയോ ഫണ്ടില്‍ നിന്നാണ് ഇതിനുള്ള തുക കണ്ടെത്തേണ്ടത്. വിതരണം ആഗസ്റ്റ് 17 മുതല്‍ തന്നെ ആരംഭിക്കാനാണ് നിര്‍ദ്ദേശം.  
​നാടിന്റെ വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പദ്ധതികളും മുടങ്ങിക്കിടക്കുമ്പോള്‍, രാഷ്ട്രീയ സ്വാധീനമുള്ള പേഴ്‌സണല്‍ സ്റ്റാഫുകളെയും ഉദ്യോഗസ്ഥരെയും പ്രീതിപ്പെടുത്താനായി മാത്രം കോടികള്‍ ചെലവഴിച്ചുള്ള ഈ ഓണപ്പൂരം ഖജനാവിന് മേലുള്ള വലിയൊരു കൊള്ളയാണെന്ന ആക്ഷേപമാണ് വ്യാപകമായി ഉയരുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img