
പുല്പള്ളി: ദേശീയ പഞ്ചഗുസ്തി രംഗത്ത് വയനാട് വീണ്ടും ശ്രദ്ധേയ നേട്ടം സ്വന്തമാക്കി. ഗുജറാത്തിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലയിലെ ഏഴ് പെൺതാരങ്ങൾ ഇന്ത്യൻ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അനന്യ ബോബി, എലെയ്ൻ ആൻ നവീൻ, ആർ. രാജേശ്വരി, റിതുനന്ദ സുരേഷ്, ശ്രേയ, വി.എസ്. ആര്യ, സുദർശന രാജൻ എന്നിവരാണ് ദേശീയടീമിൽ ഇടംനേടിയ വയനാടൻ മങ്കമാർ. വനിതാ വിഭാഗത്തിൽ ഒരേസമയം ഇത്രയും താരങ്ങൾ ദേശീയ ടീമിൽ ഇടംനേടിയത് വയനാടിന്റെ കായികചരിത്രത്തിലെ സുപ്രധാന നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
മേയ് 29 മുതൽ ജൂൺ 2 വരെ രാഷ്ട്രീയ രക്ഷാ യൂണിവേഴ്സിറ്റി, ഗുജറാത്തിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിലാണ് താരങ്ങൾ മെഡൽ നേട്ടങ്ങളിലൂടെ ദേശീയ ടീമിലേക്കുള്ള പ്രവേശനം ഉറപ്പിച്ചത്. സബ് ജൂനിയർ 45 കിലോ വിഭാഗത്തിൽ ഒരു വെള്ളിയും ഒരു വെങ്കലവും നേടി അനന്യ ബോബി ദേശീയ ശ്രദ്ധ നേടി. സബ് ജൂനിയർ 55 കിലോ വിഭാഗത്തിൽ ഇടത്, വലത് കൈകളിലായി ഇരട്ട സ്വർണം നേടി എലെയ്ൻ ആൻ നവീൻ കിരീടനേട്ടം സ്വന്തമാക്കി. മുൻ ഏഷ്യൻ ചാമ്പ്യനായ എലെയ്ൻ തന്റെ മികവ് വീണ്ടും തെളിയിക്കുകയും ചെയ്തു.
സബ് ജൂനിയർ 60 കിലോ ഇടതുകൈ വിഭാഗത്തിൽ ആർ. രാജേശ്വരി വെങ്കല മെഡൽ കരസ്ഥമാക്കി. ജൂനിയർ 45 കിലോ വിഭാഗത്തിൽ റിതുനന്ദ സുരേഷും ജൂനിയർ 60 കിലോ വിഭാഗത്തിൽ ശ്രേയയും ഇരുകൈകളിലും സ്വർണം നേടി കേരള സംഘത്തിന്റെ പ്രധാന വിജയശില്പികളായി.
യൂത്ത് 65 കിലോ ഇടതുകൈ വിഭാഗത്തിൽ വി.എസ്. ആര്യ സ്വർണം നേടി. ദേശീയ യൂണിവേഴ്സിറ്റി ഗെയിംസ് ചാമ്പ്യൻ കൂടിയായ ആര്യയുടെ നേട്ടം ശ്രദ്ധേയമായി. യൂത്ത് 70 കിലോ ഇടതുകൈ വിഭാഗത്തിൽ സുദർശന രാജൻ വെങ്കല മെഡൽ സ്വന്തമാക്കി. ദേശീയ യൂണിവേഴ്സിറ്റി ഗെയിംസ് ജേതാവായ സുദർശനയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
ഒക്ടോബർ 26 മുതൽ നവംബർ 7 വരെ ഡൽഹിയിൽ നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ താരങ്ങൾ. പുല്പള്ളി ഫിറ്റ്വെൽ ജിംനേഷ്യത്തിലും വൈത്തിരി ചലഞ്ച് അക്കാദമിയിലുമായി ദേശീയ താരം നവീൻ പോൾ, ഗ്രിഗറി വൈത്തിരി, കെ.ആർ. രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം പുരോഗമിക്കുന്നത്.
ദേശീയ ടീമിലേക്കുള്ള ഈ കൂട്ടത്തിരഞ്ഞെടുപ്പ് വയനാട്ടിലെ വനിതാ പഞ്ചഗുസ്തിയുടെ വളർച്ചയ്ക്കും ഭാവി പ്രതീക്ഷകൾക്കും പുതിയ കരുത്ത് പകരുന്നതായി കായികലോകം വിലയിരുത്തുന്നു.











