05:17am 16 November 2026
NEWS
തിരിച്ചടികൾ ഏറ്റുവാങ്ങി; എന്നാൽ ട്രംപിന് ആര് മണികെട്ടും ?
15/11/2026  09:22 AM IST
കല്ലമ്പലം അൻസാരി
തിരിച്ചടികൾ ഏറ്റുവാങ്ങി; എന്നാൽ ട്രംപിന് ആര് മണികെട്ടും ?

ഇസ്രായേലിനെ കൂട്ടുപിടിച്ച് ഇറാനെ അമർച്ച ചെയ്യാൻ ഒരുമ്പെട്ടിറങ്ങി, ഹോർമുസിൽ ഗതികിട്ടാപ്രേതംപോലെ അലഞ്ഞുനടക്കുന്ന ഡൊണാൾഡ് ട്രംപിന് തിരിച്ചടികളുടെ ഒരു പരമ്പരതന്നെ ചുമലിൽ വീണിരിക്കുകയാണ്. ട്രംപിന് നിർണ്ണായകമായിരുന്ന യു.എസിലെ സെനറ്റിലേക്കും, ജനപ്രതിനിധി സഭയിലേക്കും, ഗവർണർ പദവികളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളിൽ മുറിവിൽ മുളകരച്ച് ചേർത്ത തിരിച്ചടിയാണ് ട്രംപിന് ഉണ്ടായിരിക്കുന്നത്. തന്റെ കൂട്ടാളിയായ നെതന്യാഹുവിന് ഇസ്രായേൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട് ഗതികെട്ട് നിൽക്കുന്ന അവസ്ഥയുടെ ഉത്തരവാദിത്വവും ട്രംപിന്റെ മേൽതന്നെ വീണിരിക്കുകയാണ്. ട്രംപിന് ലഭിച്ച മറ്റൊരു അപ്രതീക്ഷിത ആഘാതമാണ് ബ്രസീലിലെ തെരഞ്ഞെടുപ്പിൽ കണ്ടത്. ബ്രസീലിലെ തീവ്ര വലതുപക്ഷ നേതാവായ ഫ്‌ളാവിയോ ബൊൽസൊനാരെയെ അധികാരത്തിൽ പ്രതിഷ്ഠിക്കാൻ സകല അടവുകളും ട്രംപ് പയറ്റിയപ്പോൾ ജനങ്ങൾ ഇടതുപക്ഷ നേതാവായ ലുല ഡിസിൽവായെ നാലാം തവണയും തെരഞ്ഞെടുത്ത് പ്രസിഡന്റ് പദവിയിലെത്തിച്ചു. പാമ്പുകടിച്ചവന്റെ തലയിൽ തേങ്ങവീണ അനുഭവമാണ് ട്രംപിന് സെർബിയയിൽ ലഭിച്ചത്. തന്റെ ഉറ്റസുഹൃത്തും സഹകാരിയുമായ അലക്‌സാണ്ടർ വൂയിച് പാർലമെന്റ് തെരഞ്ഞെടുപ്പിൽ തോറ്റ് തുന്നം പാടി പ്രധാനമന്ത്രി പദം രാജിവച്ചു.

പ്രസിഡന്റ് പദവിയുടെ നാലുവർഷത്തെ കാലാവധിയുടെ പകുതി പിന്നിടുമ്പോൾ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിന്റെ ഫലം ഇനിയുള്ള ട്രംപ് ഭരണകാലത്തിന്റെ ഗതി വിഗതികളെ നിയന്ത്രിക്കുന്ന നിർണ്ണായക ചൂണ്ടുപലകയാണ്. ഒരുപക്ഷേ ഒരു പ്രസിഡന്റിന്റെ ഭരണത്തിനിടയിൽ ഇത്ര വലിയ തിരിച്ചടി നേരിട്ട ഒരു തെരഞ്ഞെടുപ്പ് ഇതിന് മുൻപ് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. കനത്ത പരാജയത്തിനിടയിലും ട്രംപ് പറഞ്ഞത് താൻ നേരിട്ടാണ് മത്സരിക്കുന്നതെങ്കിൽ തൂത്തുവാരി ജയിച്ചേനെ എന്നാണ്. എന്നാൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിലെ കേമന്മാർ പോലും ഇപ്പോൾ പറയുന്നത് ട്രംപ് കാരണമാണ് പാർട്ടി സ്ഥാനാർത്ഥികളെ ജനങ്ങൾ തൂത്തുകൂട്ടി വാരി ചവറ്റുകൊട്ടയിലേക്ക് ഇട്ടതെന്നാണ്. അത്രയ്ക്കും വലിയ തിരിച്ചടിയാണ് റിപ്പബ്ലിക്കൻ കക്ഷിക്ക് സംഭവിച്ചിരിക്കുന്നത്.

അമേരിക്കൻ കോൺഗ്രസിന്റെ ഇരുസഭകളാണ് ജനപ്രതിനിധി സഭയും, സെനറ്റും. ഇതിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പുകൾ രണ്ടുവർഷത്തിലൊരിക്കലാണ് നടക്കുക. ഒരു പ്രസിഡന്റിന്റെ ഭരണകാലാവധി പകുതി സമയം പിന്നിടുമ്പോൾ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പ് വിവിധ കാരണങ്ങളാൽ നിർണ്ണായകമാണ്. രാജ്യത്തെ ഒന്നായി ബാധിക്കുന്ന ഫെഡറൽ നിയമങ്ങളുടെ നിയമനിർമ്മാണസഭയാണ് കോൺഗ്രസ്. അവിടെ ഭൂരിപക്ഷമില്ലെങ്കിൽ സ്വാഭാവികമായും പ്രസിഡന്റിന് തന്റെ നയപരിപാടികൾ പ്രാവർത്തികമാക്കാൻ വലിയ വിയർപ്പൊഴുക്കേണ്ടി വരും. ഇടക്കാല തെരഞ്ഞെടുപ്പിലൂടെ തെളിഞ്ഞുവരുന്ന മറ്റൊരു പ്രധാന വിഷയം അധികാരത്തിലിരിക്കുന്ന പ്രസിഡന്റിന്റെ ജനസമ്മതിയാണ്. ട്രംപിനെ സംബന്ധിച്ചിടത്തോളം ഒട്ടും അഭികാമ്യമല്ലിത്.

കോൺഗ്രസിന്റെ അധോമണ്ഡലമായ ജനപ്രതിനിധിസഭയുടെ മൊത്തം 435 അംഗങ്ങളുടെയും തെരഞ്ഞെടുപ്പാണ് നടന്നത്. ഉപരിസഭയായ സെനറ്റിലെ മൊത്തമുള്ള 100 അംഗങ്ങളിൽ 35 അംഗങ്ങളുടെ തെരഞ്ഞെടുപ്പും ഇതിനോടൊപ്പമുണ്ട്. സെനറ്റ് അംഗങ്ങളുടെ കാലാവധി ആറുവർഷമാണ്. കൂടാതെ സ്റ്റേറ്റ് ലെവലിലുള്ള നിരവധി ഗവർണ്ണർമാരുടെ തെരഞ്ഞെടുപ്പുകളും നടന്നു. ഇതിൽ പ്രധാന സംസ്ഥാനങ്ങളായ കാലിഫോർണിയ, ഫ്‌ളോറിഡ, ജോർജിയ, മിച്ചിഗൻ എന്നിവിടങ്ങളിലെ ഗവർണർ തെരഞ്ഞെടുപ്പുകൾ ജനശ്രദ്ധ ആകർഷിക്കുന്നതാണ്. നിലവിലെ ഹൗസ് ഓഫ് റപ്രസെന്റേറ്റിവിൽ ട്രംപിന്റെ റിപ്പബ്ലിക് കക്ഷിക്കാണ് ഭൂരിപക്ഷം. 219 സീറ്റുകൾ അവർക്കും, 214 സീറ്റുകൾ ഡെമോക്രാറ്റുകൾക്കും, രണ്ട് സീറ്റുകൾ സ്വതന്ത്രർക്കും. ഉപരിസഭയായ സെനറ്റും ട്രംപിന്റെ കക്ഷി തന്നെയാണ് നിയന്ത്രിച്ചിരുന്നത്. 53 റിപ്പബ്ലിക്കുകളും 45 ഡെമോക്രാറ്റുകളും. രണ്ട് സ്വതന്ത്രന്മാരുമാണ് കക്ഷി നില.

ഇടക്കാല തെരഞ്ഞെടുപ്പിന്റെ റിസൾട്ട് വിജയികളെപ്പോലും അമ്പരപ്പിക്കുന്നതാണ്. അമേരിക്കൻ കോൺഗ്രസിന്റെ ഇരുസഭകളും ഡെമോക്രാറ്റുകൾ യഥാർത്ഥത്തിൽ തൂത്തുവാരിയെന്ന് പറയാം. അമേരിക്കൻ മാധ്യമങ്ങൾ ഈ തെരഞ്ഞെടുപ്പ് ഫലത്തെ 'ബ്ലൂ സുനാമി' എന്നാണ് വിശേഷിപ്പിച്ചത്. ഡെമോക്രാറ്റുകളുടെ കൊടിയടയാളമാണ് ബ്ലൂ. ട്രംപ് കാലഘട്ടത്തിന്റെ അന്ത്യത്തിന്റെ തുടക്കം എന്നാണ് 'ന്യൂയോർക്ക് ടൈംസ്' ഈ ഫലത്തെ വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പ് ഫലങ്ങളെ വിശദമായി വിലയിരുത്തിയാൽ സംഭവിച്ചത് 'ബ്ലൂ സുനാമി' തന്നെയെന്ന് വ്യക്തമാകും.
അമേരിക്കൻ കോൺഗ്രസിന്റെ ഉപരിസഭയായ സെനറ്റിൽ റിപ്പബ്ലിക്കൻ കക്ഷിക്കുള്ള ഭൂരിപക്ഷം അട്ടിമറിച്ച് കൊണ്ടാണ് ഡെമോക്രാറ്റുകൾ അധികാരം പിടിച്ചത്. 35 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഏഴ് സിറ്റിംഗ് സീറ്റുകൾ ട്രംപിന്റെ കക്ഷിക്ക് നഷ്ടമായി. 

കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ ഒരിക്കലും ഡെമോക്രാറ്റുകളെ തെരഞ്ഞെടുത്തിട്ടില്ലാത്ത ഇടങ്ങളിൽപോലും ഇത്തവണ അവർ വിജയം കൊയ്തു. ടെക്‌സാസ്, സൗത്ത് കാരലൈന, കൻഡാസ് എന്നിവിടങ്ങളിലെ പുതിയ സെനറ്റർമാർ ഡെമോക്രാറ്റുകളാകുന്നത് നൂറുവർഷത്തിനിപ്പുറമാണ്. അമേരിക്കൻ സെനറ്റിലെ ആദ്യത്തെ മുസ്ലീമായി അബ്ദുൾ എൽ സയിദ് തെരഞ്ഞെടുക്കപ്പെട്ടതും ഒരു പുതു ചരിത്രമായി. മിച്ചിഗനിൽ നിന്നാണ് സയിദിന്റെ വിജയം. ഈജിപ്റ്റിൽ നിന്നുള്ള ഒരു കുടിയേറ്റ കുടുംബത്തിലെ അംഗമാണ് സയിദ്. ഇസ്രായേൽ വിരുദ്ധവാദിയായ സയിദിനെ ട്രംപ് വിശേഷിപ്പിച്ചത് കമ്മ്യൂണിസ്റ്റുകാരൻ എന്നായിരുന്നു. 

അറബ് കുടിയേറ്റക്കാരുടെ വലിയ പ്രാതിനിധ്യമുള്ള മിച്ചിഗൻ 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോബൈഡനെയും, 2024 ലെ തിരഞ്ഞെടുപ്പിൽ ട്രംപിനെയും പിന്തുണച്ച സംസ്ഥാനമാണ്. ന്യൂഹാംഷയറിൽ സിറ്റിംഗ് സെനറ്റായ റിപ്പബ്ലിക്കൻ ജോൺ സുനുനുവിനെ പരാജയപ്പെടുത്തിയ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ക്രിസ് പപ്പാസ് സ്വവർഗ്ഗ വിവാഹിതനായ ആദ്യത്തെ പുരുഷ സെനറ്റാണ്. അമേരിക്കയിലെ പരമ്പരാഗത സ്വദേശി വംശത്തിൽ നിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്ന വനിതാ സെനറ്ററായി വെഗ്ഗിഫ്‌ളാനഗൻ. ഗ്രേറ്റ് ലേക്‌സ് റീജിയണിലെ ഒജിബ്‌വേ ഗോത്രക്കാരിയായ വെഗ്ഗി മിനിസോട്ട സെനറ്റ് സീറ്റിൽ നിന്നാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മൈക്കൽ ടോഫോറയെ പരാജയപ്പെടുത്തി വിജയിച്ചത്.

അമേരിക്കൻ കോൺഗ്രസിന്റെ അധോലോകസഭയായ ജനപ്രതിനിധിസഭയിലും ഡെമോക്രാറ്റുകൾ വലിയ ഭൂരിപക്ഷം നേടി. മുൻപ് ഉണ്ടായിരുന്നതിനെക്കാൾ മുപ്പതിൽപ്പരം സീറ്റുകളാണ് ഡെമോക്രാറ്റുകൾ ഇത്തവണ അധികം നേടിയത്. 435 സീറ്റുകളിൽ ഭൂരിപക്ഷത്തിന് 218 സീറ്റുകൾ മാത്രം വേണ്ടപ്പോൾ ഡെമോക്രാറ്റുകൾ തങ്ങളുടെ സീറ്റ് നില ഏതാണ്ട് 250 ൽ എത്തിച്ചു. ജനപ്രതിനിധിസഭയുടെ ആദ്യത്തെ കറുത്ത വർഗ്ഗക്കാരനായ സ്പീക്കറാകാൻ പോകുന്ന ഹക്കീം ജെഫ്രീസ് വിജയം കൊയ്ത പ്രധാനികളിൽ ഒരാളാണ്. വാഷിംഗ്ടൺ സംസ്ഥാനത്തുനിന്ന് 2016 മുതൽ തുടരെ വിജയം കൊയ്യുന്ന ഇൻഡ്യൻ വംശജയായ പ്രമീള ജക്‌വാൻ ഇത്തവണയും ജനപ്രതിനിധി സഭയിലെത്തി. തെക്കൻ ഏഷ്യാക്കാരിയായ ഒരു വനിത ആദ്യമായി പദവിയിലെത്തുന്നത് പ്രമീള ജയ്പാലിലൂടെയാണ്. പ്രിയ ഡാൻഡിയ എന്ന പ്രധാന ഇൻഡ്യൻ വംശജയും ഇത്തവണ ആദ്യമായി ജനപ്രതിനിധി സഭയിലെത്തി. ഫ്‌ളോറിഡയിൽ നിന്നാണ് പ്രിയ തെരഞ്ഞെടുക്കപ്പെട്ടത്.

അൻപത് സംസ്ഥാനങ്ങളിലെ ഗവർണർ തെരഞ്ഞെടുപ്പിലും ട്രംപിന്റെ റിപ്പബ്ലിക്കൻ കക്ഷിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായത്. തെരഞ്ഞെടുപ്പിൽ മുൻപ് 24 ഗവർണ്ണർമാർ ഉണ്ടായിരുന്ന റിപ്പബ്ലിക്കൻ കക്ഷിക്ക് ഇപ്പോൾ എണ്ണം 20 ആയി. ടെക്‌സസ്, ഒഹായോ, ജോർജിയ ഉൾപ്പെടെയുള്ള പ്രമുഖ സംസ്ഥാനങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് ഡെമോക്രാറ്റുകൾ അധികാരം പിടിച്ചെടുത്തു. ജോർജിയയിലെ ഗവർണ്ണറായി തിരഞ്ഞെടുക്കപ്പെട്ട കെയ്ഷ ലാൻഡ് ബോട്ടംസ് അവിടെ ഗവർണ്ണറാകുന്ന ആദ്യത്തെ കറുത്തവർഗ്ഗക്കാരിയാണ്. മുപ്പത് വർഷത്തിനിടയിൽ ടെക്‌സാസിലെ ആദ്യത്തെ ഡെമോക്രാറ്റ് ഗവർണ്ണർ ആയി തിരഞ്ഞെടുക്കപ്പെട്ടത് മനുഷ്യാവകാശ പ്രവർത്തകയായ ജീനാഹിനോ ജോസയാണ്. ടെക്‌സാസിലെ ആദ്യത്തെ ലാറ്റിനോ ഗവർണ്ണറാണ് ഹിനോ ജോസ. ഭീമൻ ധനാഢ്യനായ എലോൺ മസ്‌ക് കോടികൾ വാരിയെറിഞ്ഞ് ഇവിടെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനിറങ്ങിയെങ്കിലും ഫലം കണ്ടില്ല. ന്യൂ മെക്‌സിക്കോയിലെ ഗവർണ്ണറായി തെരഞ്ഞെടുക്കപ്പെട്ട ഡെബ്ഹാളൻസ് ഈ സ്ഥാനത്ത് എത്തുന്ന ആദ്യത്തെ പരമ്പരാഗത സ്വദേശി വംശജയാണ്.

ഇടക്കാല തെരഞ്ഞെടുപ്പിലേറ്റ വലിയ ജനപ്രഹരം പ്രസിഡന്റ് എന്ന നിലയിൽ ട്രംപിന്റെ മുന്നോട്ടുള്ള പ്രയാണത്തെ ഒട്ടും സുഖകരമാക്കില്ല. അമേരിക്കയിലെ നിലവിലെ സാമ്പത്തിക പ്രശ്‌നങ്ങളാണ് തെരഞ്ഞെടുപ്പിലെ നിർണ്ണയക വിഷയമായത്. വിലക്കയറ്റം താറുമാറാക്കിയ ജീവിതച്ചെലവ് സാധാരണക്കാരെ കാര്യമായി ബാധിച്ചിട്ടുണ്ട്. വിലക്കയറ്റത്തിന്റെ അടിസ്ഥാന കാരണം ഇന്ധനവിലയിൽ വന്ന കുതിച്ചുകയറ്റമാണ്. ലിറ്ററിന് മൂന്ന് ഡോളറിന് താഴെ കിടന്നിരുന്ന പെട്രോളിന്റെ വില ഇപ്പോൾ ആറു ഡോളറിൽ എത്തിയിരിക്കുന്നു. സ്വാഭാവികമായി ഇത് നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ പ്രകടമായി. അതിന്റെ പ്രധാന ഉത്തരവാദിത്വം ട്രംപിന് തന്നെയാണ്. ഇറാൻ സംഘർഷമാണ് ഇന്ധനവില കുതിച്ചുയരാൻ കാരണം. ആ സംഘർഷത്തിന്റെ ഉപജ്ഞാതാവ് ട്രംപും. ഒരു ലക്കും ലഗാനുമില്ലാതെ വിദേശരാജ്യങ്ങൾക്കെതിരെ ട്രംപുയർത്തിയ തീരുവകളും വിലക്കയറ്റത്തിന് കാരണമായി. ഇത് ട്രംപിന്റെ വിദേശനയത്തിന് ഏറ്റ തിരിച്ചടിയാണ്.

ഇപ്പോൾ നടക്കുന്ന ഇറാൻ അമേരിക്കൻ സംഘർഷത്തിന് എന്നെങ്കിലും അവസാനമുണ്ടാകുമോ എന്ന് ഇപ്പോൾ ഉറപ്പിച്ചുപറയാനാകില്ല. സൈനിക സംഘർഷങ്ങളിൽ റിപ്പബ്ലിക്കരും, ഡെമോക്രാറ്റുകളും സാധാരണ ഒരേതട്ടിൽ തന്നെയായിരിക്കും. എന്നാൽ നയതന്ത്ര സമീപനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകി ട്രംപിനെ നിയന്ത്രിക്കാനുള്ള സമ്മർദ്ദം ഡെമോക്രാറ്റുകൾ നടത്താൻ തക്കതരത്തിലുള്ള നിരവധി തീവ്ര ഇടതുവിഭാഗക്കാർ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ജയിച്ച് ഡെമോക്രാറ്റിക് നിരയിലെത്തിയിട്ടുണ്ട്. അവർ ഒരുപക്ഷേ ട്രംപിനെ ഇംപീച്ച് ചെയ്യാൻ പോലും സമ്മർദ്ദം ചെലുത്താം. തോറ്റെങ്കിലും ട്രംപ് ഉയർത്തിവിട്ട അമേരിക്കൻ സ്വദേശി വികാരം തുടച്ചുമാറ്റാൻ അത്ര എളുപ്പമല്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img