02:17am 22 November 2026
NEWS
സ്ഥിരപ്പെടുത്തുന്നതിനു മുമ്പുള്ള സേവനവും പെൻഷന് കണക്കാക്കണം; യു.പി.യിലെ രണ്ട് നിയമങ്ങൾ സുപ്രീംകോടതി റദ്ദാക്കി
21/11/2026  07:40 AM IST
സുരേഷ് വണ്ടന്നൂർ
സ്ഥിരപ്പെടുത്തുന്നതിനു മുമ്പുള്ള സേവനവും പെൻഷന് കണക്കാക്കണം; യു.പി.യിലെ രണ്ട് നിയമങ്ങൾ സുപ്രീംകോടതി റദ്ദാക്കി

ന്യൂഡൽഹി: സർവീസിൽ സ്ഥിരപ്പെടുത്തിയ ജീവനക്കാരുടെ പെൻഷൻ കണക്കാക്കുമ്പോൾ, സ്ഥിരപ്പെടുത്തുന്നതിനു മുമ്പുള്ള താൽക്കാലിക സേവനം ഒഴിവാക്കാൻ വ്യവസ്ഥ ചെയ്ത ഉത്തർപ്രദേശിലെ രണ്ട് നിയമങ്ങൾ സുപ്രീംകോടതി റദ്ദാക്കി. നിയമാനുസൃതമായ പദ്ധതിയിലൂടെ ഒരു ജീവനക്കാരനെ സ്ഥിരപ്പെടുത്തിയാൽ, ആദ്യ നിയമനത്തിന്റെ സ്വഭാവം ചൂണ്ടിക്കാട്ടി പെൻഷൻ ആനുകൂല്യങ്ങൾ നിഷേധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ഉത്തർപ്രദേശ് ക്വാളിഫൈയിങ് സർവീസ് ഫോർ പെൻഷൻ ആൻഡ് വാലിഡേഷൻ ആക്ട്, 2021, ഉത്തർപ്രദേശ് എന്റൈറ്റിൽമെന്റ് ടു പെൻഷൻ ആൻഡ് വാലിഡേഷൻ ആക്ട്, 2025 എന്നിവയാണ് ജസ്റ്റിസുമാരായ ദീപാങ്കർ ദത്തയും സതീഷ് ചന്ദ്ര ശർമയും അടങ്ങിയ ബെഞ്ച് റദ്ദാക്കിയത്.
വർക്ക് ചാർജ്ഡ് വിഭാഗത്തിലും താൽക്കാലിക, ദിവസവേതന, മസ്റ്റർ റോൾ അടിസ്ഥാനത്തിലും ജോലി ചെയ്തശേഷം സ്ഥിരപ്പെടുത്തിയ ജീവനക്കാരുടെ മുൻകാല സേവനം പെൻഷൻ യോഗ്യതാ സേവനത്തിൽനിന്ന് ഒഴിവാക്കുന്നതായിരുന്നു ഈ നിയമങ്ങളിലെ വ്യവസ്ഥ. 


ആദ്യ നിയമനത്തിന്റെ സ്വഭാവം തടസ്സമാകരുത്


സ്ഥിരപ്പെടുത്തൽ നടപടിയിലൂടെ ജീവനക്കാരൻ സ്ഥിരം ജീവനക്കാരുടെ സംവിധാനത്തിന്റെ ഭാഗമാകുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനുശേഷവും ആദ്യ നിയമനത്തിന്റെ സ്വഭാവം വീണ്ടും ഉയർത്തിക്കാട്ടി സർവീസ്, വിരമിക്കൽ ആനുകൂല്യങ്ങൾ നിഷേധിക്കാനാവില്ല. സ്ഥിരപ്പെടുത്തൽ, നിയമനത്തിന്റെ പ്രാരംഭ സ്വഭാവത്തിൽനിന്നുള്ള പരിമിതികൾ ഇല്ലാതാക്കുന്നതാണെന്നും ബെഞ്ച് നിരീക്ഷിച്ചു.
2019-ലെ പ്രേം സിങ് വേഴ്സസ് സ്റ്റേറ്റ് ഓഫ് ഉത്തർപ്രദേശ് വിധിയിൽ, പിന്നീട് സ്ഥിരപ്പെടുത്തിയ ജീവനക്കാരുടെ വർക്ക് ചാർജ്ഡ് സേവനകാലം പെൻഷൻ യോഗ്യതാ സേവനത്തിൽ ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഉത്തർപ്രദേശ് റിട്ടയർമെന്റ് ബെനിഫിറ്റ്സ് റൂൾസ്, 1961-ലെ ചട്ടം 3(8) കോടതി അതിനനുസൃതമായി പരിമിതപ്പെടുത്തി വ്യാഖ്യാനിക്കുകയും ചെയ്തിരുന്നു.
ഈ വിധിയുടെ പ്രഭാവം മറികടക്കാൻ കൊണ്ടുവന്ന പുതിയ നിയമങ്ങൾ, മുൻവിധിയിൽ കണ്ടെത്തിയ ഭരണഘടനാപരമായ അപാകത പരിഹരിച്ചില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ.


കോടതിവിധിക്കുശേഷം നിയമനിർമ്മാണം നടത്തുമ്പോൾ, നിയമസഭയ്ക്ക് വിഷയത്തിൽ നിയമം നിർമിക്കാനുള്ള അധികാരമുണ്ടോ എന്നതുമാത്രമല്ല പരിശോധിക്കേണ്ടത്. മുൻവിധിയിൽ കോടതി കണ്ടെത്തിയ അപാകത യഥാർഥത്തിൽ പരിഹരിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം. പഴയ ഒഴിവാക്കലിന് പുതിയ വാക്കുകൾ നൽകുന്നതുകൊണ്ടുമാത്രം അത് സാധുവാകില്ലെന്ന് ജസ്റ്റിസ് ദത്ത രചിച്ച വിധി വ്യക്തമാക്കി.


അപേക്ഷകളിൽ ആറുമാസത്തിനകം തീരുമാനം


വിധിയുടെ പരിധിയിൽ വരുന്ന വിരമിച്ച ജീവനക്കാർക്ക് സേവനവിവരങ്ങളുമായി ബന്ധപ്പെട്ട അധികാരിയെ സമീപിക്കാം. അപേക്ഷകളിൽ ആറുമാസത്തിനകം തീരുമാനമെടുത്ത്, അർഹമായ പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന് കോടതി നിർദേശിച്ചു.
കുടിശ്ശിക കണക്കാക്കുന്നതിനും കോടതി മാർഗനിർദേശങ്ങൾ നൽകി. മുൻകാല സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കുന്ന കാലയളവിന് വിധിയിൽ നിയന്ത്രണങ്ങളുണ്ട്. നിശ്ചിത സമയപരിധിക്കുശേഷവും തുക നൽകുന്നതിൽ കാലതാമസമുണ്ടായാൽ വാർഷിക ഒമ്പത് ശതമാനം പലിശ നൽകണം.
അതേസമയം, പ്രേം സിങ് വിധി നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കോടതിയലക്ഷ്യ കേസുകളിൽ, നിർദേശങ്ങൾ പാലിക്കാൻ സംസ്ഥാനത്തിന് അവസാനമായി ആറുമാസം കൂടി അനുവദിച്ചു. തുടർന്നും അനുസരണക്കേട് ഉണ്ടായാൽ അത് കൂടുതൽ ഗുരുതരമായ കോടതിയലക്ഷ്യമായി കണക്കാക്കാനിടയുണ്ടെന്നും ബെഞ്ച് മുന്നറിയിപ്പ് നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img