
ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ഡയറക്ടറായിരുന്ന 72 വയസ്സുകാരനും, വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യയും ജോലി ഭാരങ്ങൾക്കെല്ലാം അവധിനൽകി വിശ്രമജീവിതം നയിച്ചുവരുന്നതിനിടയ്ക്കാണ് അടുത്തിടെ ഒരു ഫോൺകോൾ എത്തുന്നത്.
താൻ ടെലികോം റഗുലേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (ഠഞഅക) ഉദ്യോഗസ്ഥനാണെന്നും 'നിങ്ങളുടെ മൊബൈൽ ഫോൺ വഴി ധാരാളം അനധികൃത സന്ദേശങ്ങൾ അയയ്ക്കുന്നതായി കണ്ടെത്തി'യെന്നും പറഞ്ഞു. തുടർന്നിയാൾ മറ്റൊരാൾക്ക് ഫോൺ കൈമാറി. മുംബയ് ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണെന്നു പരിചയപ്പെടുത്തിയ ആൾ, 'നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുകൾ നടക്കുന്നുണ്ടു' എന്നു പറഞ്ഞു.
'നിങ്ങൾ ഡിജിറ്റൽ അറസ്റ്റിലാണ്. നിങ്ങൾ സഹകരിച്ചില്ലെങ്കിൽ നിങ്ങളുടെ സ്വത്തുകൾ കണ്ടു കെട്ടു'മെന്നും ഭീഷണിപ്പെടുത്തി.
തുടർന്ന് വീഡിയോ ഫോണിൽ വിളിച്ച തട്ടിപ്പുകാരൻ, ഇവരുടെ കോടതി നടപടികൾ കാണിച്ചു. അവിടെ പൊലീസുകാരും ഇഡി, സിബിഐ ഉദ്യോഗസ്ഥരും ജഡ്ജിയും വക്കീലന്മാരും ഉണ്ടായിരുന്നു. എല്ലാം വ്യാജന്മാരായിരുന്നുവെന്ന് പാവം മുതിർന്ന പൗരന്മാർ അറിഞ്ഞില്ല.
മുതിർന്ന പൗരന്മാരെ കൂടുതൽ ബോധ്യപ്പെടുത്താനും ഭീതിപ്പെടുത്താനുമായി ഇഡി, സിബിഐകളുടെ ലെറ്റർ ഹെഡ്ഡിൽ വ്യാജസമൻസുകളും അയച്ചുകൊടുത്തു.
'നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഞങ്ങളുടെ പരിശോധനയിലാണ്. നിങ്ങളുടെ ബാങ്കുകളിലുള്ള മുഴുവൻ തുകയും ഞങ്ങൾ പറയുന്ന അക്കൗണ്ടുകളിൽ അയയ്ക്കുക. ഓഡിറ്റിംഗിനു ശേഷം തിരിച്ചയയ്ക്കും'.
തട്ടിപ്പുകാരുടെ നിരന്തര സമ്മർദ്ദത്തെ തുടർന്ന് പല ദിവസങ്ങളിലായി ബാങ്കിലുണ്ടായിരുന്ന മുഴുവൻ തുകയും 58.13 കോടി രൂപ- തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേയ്ക്ക് അയച്ചു കൊടുത്തു. ഓഗസ്റ്റ് 19 മുതൽ ഒക്ടോബർ 8 വരെയുള്ള ദിവസങ്ങളിൽ തട്ടിപ്പുകാർ മുതിർന്ന പൗരന്മാരെ 'ഡിജിറ്റൽ അറസ്റ്റി'ൽ വയ്ക്കുകയും ഫോൺ കോളുകളിലൂടെ നിരന്തരം സമ്മർദ്ദം ചെലുത്തുകയും ചെയ്തുകൊണ്ടിരുന്നു.
മുംബയ്‌യിൽ നടന്ന സൈബർ തട്ടിപ്പുകളിൽ ഏറ്റവും ഭീമമായ തുകയാണിത്.
74 കാരനെ പ്രേമിച്ച് തട്ടിയത് 3.7 കോടി
ഉത്തരപൂർവ മുംബയിലെ മുളുണ്ടിലാണ് സംഭവം. ദിയ, ശർമയെന്നു പരിചയപ്പെടുത്തിയ യുവതി ഈ വർഷം ഏപ്രിലിൽ ഫേസ്ബുക്ക് വഴിയാണ് 74 കാരനെ പരിചയപ്പെട്ടത്. പരിചയം പ്രേമമായി. സ്ഥിരമായ ചാറ്റിംഗുകളിലൂടെയും വീഡിയോ റോമാൻസുകളിലൂടെയും ഇരുവരും കൂടുതൽ അടുത്തു.
താൻ നിർദ്ദേശിക്കുന്ന ഇൻവെസ്റ്റ്‌മെന്റ് സ്‌കീമിൽ പണം നിക്ഷേപിച്ചാൽ വൻതുക ലാഭം കിട്ടുമെന്നു ഒരു ദിവസം യുവതി പറഞ്ഞപ്പോൾ മുതിർന്ന പൗരന് സംശയമൊന്നും തോന്നിയില്ല. അവളുടെ നിർദ്ദേശപ്രകാരം ജൂലൈ മുതൽ സെപ്തംബർ വരെ 3.7 കോടി രൂപ നിക്ഷേപിച്ചു. ഓരോ തുക നിക്ഷേപിക്കുമ്പോഴും, കിട്ടാൻ പോകുന്ന കൂടിയ തുക കമ്പനിയുടെ വെബ്‌സൈറ്റിൽ കാണിക്കുന്നുണ്ടായിരുന്നു. 3.7 കോടി അയച്ചുകഴിഞ്ഞപ്പോൾ വെബ്ബിൽ കാട്ടിയത് 8.8 കോടി രൂപ.
എന്നാൽ, തുക പിൻവലിക്കാൻ നോക്കിയപ്പോൾ, അതിനും ഫീസ് നൽകണമെന്നായി. ദിയയെ വിളിച്ചപ്പോൾ അവളുടെ സ്വരം മാറി. നമ്മൾ തമ്മിലുള്ള ബന്ധം കുടുംബത്തോട് വെളിപ്പെടുത്തുമെന്ന് അവൾ ഭീഷണിപ്പെടുത്തി. തുടർന്ന് അയാൾ സൈബർ പൊലീസിനെ സമീപിച്ചു.
എവിടെത്തിരിഞ്ഞാലും സൈബർ കൊള്ള
മുളുണ്ടിലെ 74 കാരനെപ്പോലെ സോണാക്ഷി ഗുപ്തയെന്ന യുവതിയാണ് മധ്യമുംബയ് മാട്ടുംഗയിലെ 71 കാരനെ ചതിച്ചത്. ക്രിപ്പോകറൻസിയിൽ നിക്ഷേപിച്ചാൽ വൻ തുക ലാഭം കിട്ടുമെന്നു സോണാക്ഷി വിശ്വസിപ്പിച്ചപ്പോൾ, അതു ശരിയായിരിക്കുമെന്ന ധാരണയിൽ പടിപടിയായി 70 ലക്ഷം രൂപ നിക്ഷേപിക്കുകയായിരുന്നു. ലാഭത്തിന്റെ വിവരം പതിവായി കിട്ടിക്കൊണ്ടിരുന്നു. എന്നാൽ, കുറച്ചു പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് കളി മനസ്സിലായത്.
താനെ കോപ്രിയിലെ 62 കാരനും ഇൻവെസ്റ്റ്‌മെന്റ് തട്ടിപ്പിൽപ്പെട്ടാണ് 60 ലക്ഷം നഷ്ടപ്പെട്ടത്.
മധ്യമുംബയ് ശിവ്‌രിയിലെ മുതിർന്ന പൗരനെ ഡിജിറ്റൽ അറസ്റ്റിൽ വച്ച് പല തവണയായി 70 ലക്ഷം രൂപ കവർന്നെടുത്തതു കഴിഞ്ഞ മാസമാണ്. തീവ്രവാദി വിരുദ്ധ സ്‌ക്വാഡ്, നാഷണൽ ഇൻവെസ്റ്റിഗേറ്റിംഗ് ഏജൻസി എന്നിവയിലെ ഓഫീസർമാർ ചമഞ്ഞായിരുന്നു തട്ടിപ്പ്. കള്ളപ്പണം വെളുപ്പിക്കൽ കേസ് പറഞ്ഞ് ഭീഷണിപ്പെടുത്തി പല ദിവസങ്ങളായിട്ടാണ് ഇത്രയും വലിയ തുക തട്ടിയെടുത്തത്.
പ്രമുഖ ആശുപത്രിയിൽ അപ്പോയിന്റ്‌മെന്റ് എടുക്കാൻ ശ്രമിച്ചപ്പോൾ 71 കാരനു നഷ്ടപ്പെട്ടത് 76,200 രൂപ. ഗൂഗിളിൽ ആശുപത്രിയുടെ നമ്പർ തപ്പിയപ്പോൾ പ്രത്യക്ഷപ്പെട്ട വെബ്‌സൈറ്റിൽ ക്ലിക് ചെയ്താണു പ്രശ്‌നമായത്. പിന്നീടാണ് രൂപ നഷ്ടപ്പെട്ട കാര്യം അറിയുന്നത്.
മുതിർന്ന പൗരനും കോളജ് കുമാരനും ജീവനൊടുക്കി
സൈബർ തട്ടിപ്പിൽപ്പെട്ട് 1.2 കോടി നഷ്ടപ്പെട്ട നവിമുംബയ് സാൻപാഡ നിവാസി രഘുനാഥ് കാണ്ടൽഗാവ്കർ( 61) അടുത്തിടെ ജീവനൊടുക്കിയിരുന്നു. 2019 ൽ നഷ്ടപ്പെട്ട തുക തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ പല വാതിലുകളും മുട്ടിവരികയായിരുന്നു. പണമില്ലായ്മയും മാനസിക സമ്മർദ്ദവും മൂലം വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു.
വിക്രോളി നവാസിയും ഫൈനൽ ഇയർ ഡിഗ്രി വിദ്യാർഥിയുമായ ടി.വിവേക് (20) ആണ് ട്രെയിനുമുൻപിൽച്ചാടി ആത്മഹത്യചെയ്ത മറ്റൊരാൾ. 4 ലക്ഷം രൂപയാണ് വിവേകിനു നഷ്ടപ്പെട്ടത്. പണം ഇരട്ടിപ്പിക്കൽ തട്ടിപ്പിനിരയായിരുന്നു ഈ വിദ്യാർഥി.
തുക നഷ്ടപ്പെട്ട വിവേകിന്റെ മാനസിക സമ്മർദ്ദം തിരിച്ചറിഞ്ഞ പിതാവ്, മകനെ ആശ്വസിപ്പിച്ചിട്ടും അവൻ ജീവനോടുക്കുകയായിരുന്നു. നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടിയോളം തുക മാസങ്ങൾക്കകം തിരികെക്കിട്ടുമെന്നു വ്യാമോഹിപ്പിച്ചാണ് പണം തട്ടിയത്.
മുതിർന്ന പൗരന്മാർ ജാഗ്രതൈ
ഈ വർഷം സെപ്റ്റംബർ വരെയുള്ള 9 മാസത്തിനുള്ളിൽ 364 മുതിർന്ന പൗരന്മാരാണ് സൈബർ തട്ടിപ്പിന് ഇരയായത്. കേസ് രജിസ്റ്റർ ചെയ്തവരുടെ കണക്കാണിത്. കേസ് രജിസ്റ്റർ ചെയ്യാത്തവരും ഇതു കൂടാതെയുണ്ടാകണമല്ലോ.
രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതികളെ പിടികൂടി തുക തിരിച്ചു പിടിക്കുന്ന കേസുകൾ വിരളമാണ്. പ്രതികളെ പിടിച്ചാലും അവരുടെ പക്കൽ പണം ഉണ്ടാകണമെന്നില്ല. പല കൈമറിഞ്ഞായിരിക്കും പണം പോകുന്നത്.
ജനുവരി മുതൽ ജൂലൈ വരെ നഗരത്തിൽ 2948 സൈബർ കുറ്റങ്ങളിൽ 877 കേസുകൾ മാത്രമാണ് തെളിയിക്കാനായത്.
58 കോടി തട്ടിയെടുത്ത കേസിൽ 7 പേർ അറസ്റ്റിൽ
മുതിർന്ന പൗരന്മാരിൽ നിന്നു തട്ടിയെടുത്ത 58 കോടി രൂപ രാജ്യം കടന്ന് ചൈന, കംബോഡിയ വരെ പോയെന്ന് സൈബർ പൊലീസ്. കടലാസുകമ്പനിയുടെ പേരിലും വ്യാജ അക്കൗണ്ടിലും കമ്മിഷന്റെ പേരിൽ അക്കൗണ്ട് വാടകയ്ക്കു തരുന്നവരുടെ പേരിലുമായി 27 അക്കൗണ്ടുകളിലൂടെയാണ് പണം സഞ്ചരിച്ചത്.
ഷേയ്ക്ക് ശബീദ് സലാം (19), ജാഫർ അക്ബർ സയ്യദ്(33), അബ്ദുൾ നസീർ കരിം ഖുല്ലി ((51), അർജുൻ കട്വാസര (52), ജെഠാറാം കട്വാസര (35), ഇമ്രാൻ ഷേയ്ക്ക് (22), മുഹമ്മദ് ഷേയ്ക്ക് (26) എന്നിവരാണ് അറസ്സിലായത്. ഇവരിൽ നിന്നു കണ്ടെടുത്ത 4 കോടി രൂപ സൈബർ പൊലീസ് മരവിപ്പിച്ചു. ഖുല്ലിയെപ്പോലെ ചിലർ ശിവ്‌രിയിലെ മുതിർന്ന പൗരനിൽ നിന്നു 70 ലക്ഷം തട്ടിയെടുത്ത കേസിലും പ്രതികളാണ്. 13 സംസ്ഥാനങ്ങളിലായി 31 സൈബർ കേസ് പരാതികളിൽ പ്രതികൾക്ക് പങ്കുണ്ട്.
വിദേശത്താണെന്നു സംശയിക്കുന്ന സംഘത്തിന്റെ നേതാവിനെ പിടികൂടാനുള്ള ശ്രമം നടത്തിവരുന്നു. പണം നഷ്ടപ്പെട്ട ബാങ്ക് മാനേജരേയും ചോദ്യം ചെയ്യുമെന്ന് സൈബർ വിഭാഗം ഓഫീസർ അറിയിച്ചു.
ഇത്തരം തട്ടിപ്പുകളിൽ ബാങ്കുകളുടെ പിടിപ്പുകേടിനും പങ്കുണ്ടെന്നു അഡിഷണൽ ഡയറക്ടർ ജനറൽ യശസ്വി യാദവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കെവൈസി, മറ്റുള്ളവരുടെ പേരിലുള്ള അക്കൗണ്ട് തിരിച്ചറിയാനുള്ള ബയോമെട്രിക് വെരിഫിക്കേഷൻ സൗകര്യം എന്നിവയിലെ പോരായ്മകളും തട്ടിപ്പുകാർക്ക് സൗകര്യമാകുന്നു.
കസ്റ്റമറെ തിരിച്ചറിയുന്ന കെവൈസി (നോ യുവർ കസ്റ്റമർ) സംവിധാനം ബാങ്കുകൾ കൃത്യമായി ഉൾക്കൊള്ളണം. ബാങ്ക് ജീവനക്കാർക്ക് സൈബർ വിഷയത്തിൽ അവബോധം ഇല്ലായ്മ, രേഖകൾ ഒത്തുനോക്കി ശരിയാണോയെന്നു സ്ഥാപിക്കുന്നതിലെ പിഴവ് എന്നിവയാണ് ബാങ്കിംഗ് സംവിധാനത്തിലെ പാളിച്ചകൾ. ഇതാണ് സൈബർ കുറ്റങ്ങൾക്ക് സാഹചര്യമൊരുക്കുന്നത്. പുതിയ അക്കൗണ്ട് തുറക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെപ്പറ്റി സംസ്ഥാനത്തെ ബാങ്കുകൾക്ക് നിർദ്ദേശം നൽകുമെന്നും യാദവ് അറിയിച്ചു.











