01:43am 12 November 2025
NEWS
മസ്ജിദുകളുടെ അടിയിൽ അമ്പലം തേടുന്നത് വിനാശകരം; നിലനിൽക്കണം 91ലെ ആരാധനാലയ നിയമം
11/01/2025  06:53 PM IST
ചെറുകര സണ്ണീലൂക്കോസ്
മസ്ജിദുകളുടെ അടിയിൽ  അമ്പലം തേടുന്നത് വിനാശകരം; നിലനിൽക്കണം 91ലെ ആരാധനാലയ നിയമം

ഉടമസ്ഥാവകാശമുന്നയിച്ച് ആരാധനാലയങ്ങൾ തർക്കസ്ഥലങ്ങളാകാതിരിക്കാനും അതിലൂടെ രാജ്യത്തെ സാമുദായിക സൗഹാർദ്ദം തകരാതിരിക്കാനുമാണ് ബാബ്‌റി മസ്ജിദ് രാമജന്മഭൂമിയാണെന്ന തർക്കം കലാപമായ മാറിയ പശ്ചാത്തലത്തിൽ ദീർഘവീക്ഷണത്തോടെ 1991 ൽ രാജ്യത്തെ ആരാധനാലങ്ങൾ 1947 ആഗസ്റ്റ് 15 ലെ തൽസ്ഥിതി നിലനിർത്താൻ വ്യവസ്ഥ ചെയ്യുന്ന നീക്കം പാർലമെന്റ് പാസാക്കിയത്. കീഴ്‌കോടതി മുതൽ പരമോന്നത നീതിപീഠം വരെയുള്ള ചില ന്യായാധിപന്മാർക്ക് രാജ്യനന്മയേക്കാൾ സ്വന്തം മതവിശ്വാസത്തോടുള്ള കൂറ് മുന്നിലായപ്പോൾ അഞ്ചും ആറും നൂറ്റാണ്ട് മുമ്പ് ഉള്ള കാര്യം ഉന്നയിച്ച് തൽക്കവുമായി കോടതിയിലെത്തിയവരെ 1991 ലെ നിയമം ചൂണ്ടിക്കാണിച്ച് തിരിച്ചയയ്ക്കാതെ പഴയതെല്ലാം തപ്പി കണ്ടെത്താൻ അനുമതി കൊടുത്തത് ഇന്ത്യാരാജ്യത്തെ മതങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്ന സ്ഥിതി വിശേഷമാണ് ഉണ്ടാക്കിയിട്ടുള്ളത്.

1991 ലെ ആരാധനാലയ നിയമം റദ്ദാക്കാൻ സമർപ്പിച്ച ഹർജികളിൽ സുപ്രീംകോടതി പ്രത്യേക ബഞ്ച് 2024 ഡിസംബർ 12 ന് വാദം കേൾക്കുമ്പോൾ രാജ്യത്തെ മതേതര സമൂഹം അന്തിമതീരുമാനത്തെ ഉൽക്കണ്ഠയോടെ ഉറ്റുനോക്കുകയാണ്.

1992 ഡിസംബർ 6 ഞായറാഴ്ച പട്ടാപ്പകൽ ഹിന്ദുത്വ കർസേവകർ രാമജന്മഭൂമിയിൽ മസ്ജിദ് പാടില്ലായെന്ന് ആക്രോശിച്ചുകൊണ്ട് ബാബ്‌റി മസ്ജിദ് തകർത്തത് ദീർഘനാളത്തെ തയ്യാറെടുപ്പുകൾക്കുശേഷമാണ്. ഇന്ത്യ എന്ന മതേതര- ജനാധിപത്യ ദേശരാഷ്ട്രമെന്ന ആശയത്തെ തകർക്കാനുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമായിരുന്നു അത്. ബാബ്‌റി മസ്ജിദ് തകർത്ത അതേ സ്ഥലത്ത് രാമക്ഷേത്രം പണിയുവാൻ മൂന്ന് പതിറ്റാണ്ടിലേറെ സംഘപരിവാർ നടത്തിയ പരിശ്രമത്തിലൂടെയാണ് ഇന്ത്യാരാജ്യത്ത് ഹിന്ദുത്വരാഷ്ട്രീയവും അതിന്റെ പ്രത്യയശാസ്ത്രവും സ്വാധീനമുറപ്പിച്ചത്. രാഷ്ട്രീയ സ്വയംസേവക സംഘം കൃത്യമായി ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു അത്.

മതേതരഇന്ത്യ എന്ന ആശയത്തെ ചവിട്ടിമെതിച്ച് മുസ്ലീം എന്ന അപരസത്യത്തെ വേർതിരിച്ച് അവരെ നിരന്തര ആഭ്യന്തര ശത്രുവാക്കി ആഖ്യാനം സൃഷ്ടിച്ച് മതേതരമനസ്സുണ്ടായിരുന്ന ഹിന്ദുക്കളെ തീവ്രമത വികാരമുള്ളവരും മുസ്ലീം വിദ്വേഷമുള്ളവരുമാക്കികൊണ്ടാണ് ആർ.എസ്.എസും അവരുടെ രാഷ്ട്രീയമുഖമായ ഭാരതീയ ജനതാപ്പാർട്ടിയും, സ്വാതന്ത്ര്യസമരത്തിനുനേതൃത്വംകൊടുത്ത ദേശീയ പ്രസ്ഥാനത്തിന്റെ പൈതൃകം അവകാശപ്പെടാൻ കഴിയുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിനെക്കാളും വലിയ പ്രസ്ഥാനമായി തീർന്നത്. അത് കേവലം രാഷ്ട്രീയാധികാരമെന്നതിനപ്പുറം ഇന്ത്യയുടെ സാമൂഹികശരീരത്തെ ഹിന്ദുത്വവൽക്കരിക്കുക എന്ന സൂക്ഷ്മമായ രാഷ്ട്രീയപ്രവർത്തനമായിരുന്നു.

ബാബ്‌റിമസ്ജിദ് തകർക്കുന്നതിന് മുന്നോടിയായി എൽ.കെ. അദ്വാനിയുടെ രഥയാത്ര കടന്നുപോയയിടങ്ങളിൽ മുഴുവൻ ആസൂത്രിതമായ വർഗ്ഗീയലഹളകൾ നടത്തിയത് രാജ്യം മുഴുവൻ വർഗ്ഗീയധ്രുവീകരണം ലക്ഷ്യമിട്ടായിരുന്നു. സംഘപരിവാറിന്റെ രാജ്യത്തെ ഏറ്റവും സമുന്നതരായ നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗങ്ങളിലൂടെ ജനങ്ങളെ ഇളക്കി ബാബ്‌റി മസ്ജിദ് പൊളിക്കാൻ പ്രാപ്തരാക്കി മാറ്റുകയായിരുന്നു. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ഹിന്ദുത്വ കർസേവകർ എത്തിയാണ് പട്ടാപ്പകൽ ലോകം മുഴുവൻ കാൺകെ ഒരു മതവിഭാഗം അഞ്ച് നൂറ്റാണ്ട് നിസ്‌കരിച്ച ഒരു ആരാധനാലയം തകർത്തുകളഞ്ഞത്.

അയോധ്യയിൽ വേണ്ടത് ബാബ്‌റി മസ്ജിദ് അല്ല ശ്രീരാമക്ഷേത്രമാണെന്ന മുദ്രാവാക്യത്തിന്റെ സംഘടിതശ്രമങ്ങളുടെ യുക്തി സഹമായ പരിണതിയാണ് മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുന്നതിലേക്ക് വരെ ബി.ജെ.പിയെ എത്തിച്ചത്. അയോധ്യയിൽ ബാബറി മസ്ജിദ് ഇരുന്ന ഭൂമിയിൽ രാമക്ഷേത്രം നിർമ്മിച്ചതുകൊണ്ട് തീരുന്നതല്ല സംഘപരിവാറിന്റെ രാഷ്ട്രീയലക്ഷ്യം. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി പരിവർത്തിപ്പിക്കുന്നതിന് ഏറ്റവും എളുപ്പമുള്ള കാര്യപരിപാടി 'പള്ളി പൊളിച്ച് അമ്പലം പണിയുക' എന്നതാണെന്ന് അവർക്ക് ബോധ്യമുണ്ട്.

അയോധ്യയിലെ ദൗത്യം എങ്ങനെ ലക്ഷ്യം നേടിയോ അതേ വഴിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്ലീം ആരാധനാലയങ്ങൾ ലക്ഷ്യമിട്ട് തർക്കം ഉന്നയിച്ചപ്പോഴേ വ്യക്തമായിരുന്നു ജനങ്ങളെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിച്ചു ഭൂരിപക്ഷ വിഭഗത്തെ എക്കാലവും ഒപ്പം നിർത്തുകയാണ് സംഘപരിവാർ ലക്ഷ്യമെന്ന്.

കാശി വിശ്വനാഥക്ഷേത്രത്തിനടുത്തുള്ള വാരണാസി ഗ്യാൻവാപി മസ്ജിദ് ആയിരുന്നു അയോധ്യ കഴിഞ്ഞുള്ള ടാർജറ്റ്. ഈ പള്ളി മുഗൾ ചക്രവർത്തിയായ ഔറംഗസീബ് ക്ഷേത്രം തകർത്തുണ്ടാക്കിയതാണെന്ന വാദവുമായി സംഘപരിവാർ നിയമനടപടികളുമായി രംഗത്തുവന്നു. ഉത്തർപ്രദേശിലെ സംഭൽ ശാഹി ജുമാമസ്ജിദ് മുഗൾ ചക്രവർത്തി ബാബർ 16-ാം നൂറ്റാണ്ടിൽ ഹരിഹർ മന്ദിർ തകർത്ത് പണിതതാണെന്ന് തർക്കമുന്നയിച്ചതാണ് മറ്റൊന്ന്. അതേപോലെ അജ്മീർ ഖാജാ മുഈനുദ്ദീൻ ചിശ്തി ദുർഗ. ഈ ദർഗ മുമ്പ് ശിവക്ഷേത്രമായിരുന്നെന്നാണ് ഇപ്പോൾ സംഘപരിവാർ വാദം.

മഥുരയിലെ ശാഹി ഈദ്ഗാഹ് സ്ഥിതി ചെയ്യുന്നത് ശ്രീകൃഷ്ണ ജന്മഭൂമിയിലാണെന്ന തർക്കം അയോധ്യ കഴിഞ്ഞപ്പോൾ മുതൽ സംഘപരിവാർ ഉന്നയിക്കുന്നുണ്ട്. വേറൊന്ന് കമാൽമൗല മസ്ജിദിനെ സംബന്ധിച്ചാണ്. ഈ പള്ളി നിൽക്കുന്ന സ്ഥലം പണ്ട് സരസ്വതിക്ഷേത്രമായിരുന്ന ഭോജ്ശാലയാണെന്നാണ് തർക്കം ഉണ്ടായിട്ടുള്ളത്. ലഖ്‌നോ റിലേവാലി മസ്ജിദ് മുഗൾ ചക്രവർത്തി ഔറംഗസീബ് പണിതത് 'ലക്ഷ്മൺ തില' കയ്യേറിയതാണെന്നാണ് തർക്കം ഉയർത്തിയിട്ടുള്ളത്.

ആരാധനാലയങ്ങളെച്ചൊല്ലിയുള്ള  തർക്കങ്ങൾ വർഗ്ഗീയ സംഘർഷത്തിലേക്ക് നയിക്കും എന്നത് അയോധ്യയിലെ ബാബ്‌റി മസ്ജിദിനുമേൽ തർക്കമുന്നയിച്ച അനുഭവത്തിൽ നിന്ന് മനസ്സിലാക്കിയാണ് 1991 ൽ പി.വി. നരസിംഹറാവു സർക്കാർ പാർലമെന്റിൽ ആരാധനാലയങ്ങൾ 1947 ആഗസ്റ്റ് 15 ന്റെ സ്വാതന്ത്ര്യദിനത്തിൽ ഏത് നിലയിലാണോ തൽസ്ഥിതി തുടരണമെന്നും അതിൽ ഇതരവിഭാഗങ്ങൾ അവകാശവാദം ഉന്നയിക്കുകയോ തങ്ങളുടേതാക്കി മാറ്റുകയോ ചെയ്യരുതെന്ന് അനുശാസിക്കുന്ന ആരാധനാസ്ഥലനിയമ നിർമ്മാണം നടത്തിയത്.

ഏത് സാഹചര്യത്തിലും ഏതെങ്കിലുമൊരു മതവിഭാഗത്തിന്റെ ആരാധനാലയങ്ങൾ മറ്റൊന്നിലേക്ക് മാറ്റുന്നത് നിരോധിക്കുന്ന നിയമമാണിത്. മതപരമായ സ്ഥലങ്ങൾ പരിവർത്തനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതിയ കേസുകൾ ഫയൽ ചെയ്യുന്നതോ നിലവിലുള്ള സ്യൂട്ടുകളുടെ തുടർച്ചയോ ഇത് തടയുന്നുണ്ട്. അത്തരം പരിവർത്തനങ്ങൾ സംബന്ധിച്ച് ഒരു കോടതിയും ഒരു സ്യൂട്ട് അപ്പീൽ പോലും സ്വീകരിക്കാൻ പാടില്ലെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. അയോധ്യയിലെ രാമജന്മഭൂമി- ബാബ്‌റി മസ്ജിദ് മാത്രമാണ് ഇതിന്റെ പരിധിയിൽ  നിന്ന് ഒഴിവാക്കപ്പെട്ടിരുന്നത്. ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവം മാറ്റുന്നത് വ്യക്തമായ നിയമലംഘനവും മൂന്നുവർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. 2019 ൽ ബാബ്‌റി മസ്ജിദ് സ്ഥലം രാമക്ഷേത്രത്തിന് വിട്ടുകൊടുത്ത വിധിയിലും സുപ്രീംകോടതി ഈ നിയമം കാത്തുസംരക്ഷിക്കേണ്ട കാര്യം എടുത്തുപറയുകയുണ്ടായി.

എന്നാൽ തങ്ങളുടെ ആത്യന്തികമായ രാഷ്ട്രീയ നേട്ടത്തിന് ക്ഷേത്രം തകർത്താണ് പള്ളി സ്ഥാപിച്ചിട്ടുള്ളത് എന്ന് മതവിശ്വാസികളെ ധരിപ്പിച്ച് അപരമതത്തോട് നിലനിർത്തുന്ന വിദ്വേഷം നിരന്തരം നിലനിർത്തുന്നതിനും കോടതിയിൽ തർക്കം ഉന്നയിച്ച് അവകാശം സ്ഥാപിക്കുന്നതിനും തടസ്സം സൃഷ്ടിക്കുന്നത് 1991 ലെ നിയമമാണ് എന്ന് ബോധ്യമായ സംഘപരിവാർ അതിനെതിരെ കോടതി കയറാൻ തുടങ്ങി. നിയമം റദ്ദാക്കാൻ ബി.ജെ.പി പാർലമെന്റിൽ സ്വകാര്യബിൽ അവതരിപ്പിക്കുകപോലും ഉണ്ടായി.

രണ്ടാം മോദി സർക്കാർ അധികാരത്തിലിരിക്കുമ്പോൾ ബി.ജെ.പി നേതാവും ഹിന്ദുത്വ കേസുകളിലെ സ്ഥിരം വ്യവഹാരിയുമായ അശ്വനികുമാർ ഉപാധ്യായ ആണ് ആദ്യ ഹർജി നൽകിയത്. തുടർന്ന് സുബ്രഹ്മണ്യസ്വാമിയും വിശ്വഭദ്രപൂജാരിയും 1991 ലെ ആരാധനാലയ നിയമം റദ്ദാക്കാൻ സുപ്രീംകോടതിയിലെത്തി. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിരന്തരം ആവശ്യപ്പെട്ടിട്ടും മോദി സർക്കാർ ഹർജികളിൽ മറുപടി നൽകാനോ എതിർസത്യവാങ്മൂലം നൽകാനോ തയ്യാറാവുകയുണ്ടായില്ല. 2023 ഒക്‌ടോബർ 31 നകം എതിർ സത്യവാങ്മൂലം നൽകാനാണ് സുപ്രീംകോടതി ഒടുവിൽ ആവശ്യപ്പെടുകയുണ്ടായത്. ആരാധനാലയ നിയമങ്ങൾ ലംഘിച്ച് അവകാശവാദങ്ങളും തർക്കങ്ങളും ഉന്നയിക്കുന്നത് സാമൂഹിക സംഘർഷത്തിനിടയാക്കുന്ന പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ്കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ച് കേസ് കേൾക്കുന്നത്.

1991 ലെ ശക്തമായ നിയമം നിലനിൽക്കെ ഗ്യാൻപി മസ്ജിദ് സംഭൽ ശാഹി ജുമാമസ്ജിദ് തുടങ്ങിയയിടങ്ങളിലൊക്കെ എങ്ങനെ വീണ്ടും അമ്പലം തേടി സർവ്വ നേടത്താൻ അവസരമുണ്ടായത് എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. ഏറ്റവും നിർഭാഗ്യകരമായ നിലപാടിലൂടെ ജുഡീഷ്യറി തന്നെയാണിതിനവസരം ഒരുക്കിയത്.

അയോധ്യ, ബാബ്‌റി മസ്ജിദ് രാമജന്മഭൂമിയാണെന്ന അവകാശവാദം സ്വാധീനം നേടിയെന്നതിന്റെ ചുവടുപിടിച്ച് 1991 ൽ ജില്ലാ കോടതിയിലാണ് വാരണാസി കാശി വിശ്വനാഥ ക്ഷേത്രത്തിനടുത്തുള്ള ഗ്യാൻവാപി മസ്ജിദ് നിലനിൽക്കുന്ന സ്ഥലത്ത് ക്ഷേത്രം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ആദ്യമായി ഒരു ഹർജി എത്തുന്നത്. 1991 ലെ ആരാധനാലയനിയമത്തിൽ നിന്ന് ബാബ്‌റി മസ്ജിദ് തർക്കത്തിന് നൽകിയ ഇളവ് ഈ തർക്കത്തിനനുവദനീയമായിരുന്നില്ല. കാശി വിശ്വനാഥക്ഷേത്രം പൊളിച്ചാണ് ഔറംഗസീബ് പള്ളി പണിതതെന്നും അത് ഹിന്ദുക്കൾക്ക് തുറന്നുകൊടുക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ 91 ലെ നിയമം ചൂണ്ടിക്കാട്ടി 1997 ൽ കോടതി ഈ ഹർജിയും ആവശ്യവും തള്ളുകയായിരുന്നു.

എന്നാൽ  പിന്നീട് അയോധ്യയിലെ ബാബ്‌റി മസ്ജിദ്ഭൂമി ഹിന്ദുക്ഷേത്രം നിർമ്മിക്കാൻ വിട്ടുകൊടുത്ത 2019 ലെ വിധിയെ തുടർന്നാണ് 'ഗ്യാൻവാപി മസ്ജിദ്' ഭൂമി വിട്ടുകിട്ടണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നത്.  ഈ ആവശ്യവുമായി വന്ന ഹർജികളെ മസ്ജിദ് ഭരണസമിതിയും യു.പി സുന്നി കേന്ദ്ര വഖഫ് ബോർഡും വിവിധ ഘട്ടങ്ങളിൽ വിവിധ കോടതികളിൽ ചോദ്യം ചെയ്തിരുന്നു.

ഗ്യാൻവാപി മസ്ജിദിന്റെ നിർമ്മാണത്തെക്കുറിച്ച് പഠിക്കാൻ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയോട്(എ.എസ്.ഐ) സിവിൽ കോടതി 2021 ൽ നിർദ്ദേശിച്ചു. മറ്റേതെങ്കിലും ആരാധനാലയത്തിനു മാറ്റം വരുത്തിയാണോ മസ്ജിദ് സ്ഥാപിച്ചിട്ടുള്ളതെന്ന് പഠിക്കാനായിരുന്നു സർവ്വേ. സിവിൽ കോടതി ഉത്തരവിനെതിരെ മസ്ജിദ് പ്രതിനിധികൾ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. 1991 ലെ നിയമത്തിന്റെ ലംഘനമാണെന്നായിരുന്നു മസ്ജിദ് സമിതിയുടെ പ്രധാന വാദം. എന്നാൽ പള്ളിക്കമ്മിറ്റിയുടെയുൾപ്പെടെ ഹർജികൾതള്ളിയ അലഹബാദ് ഹൈക്കോടതി '1991 ലെ നിയമം മതപരമായ സ്വഭാവത്തെ നിർവ്വചിക്കുന്നില്ലെന്നും ഇത് ബന്ധപ്പെട്ട കക്ഷികൾ സമർപ്പിക്കുന്മ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതിയാണ് തീരുമാനമെടുക്കേണ്ടതെന്നും' വ്യക്തമാക്കി. വിധി പറഞ്ഞ ജഡ്ജി ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ 'ഗ്യാൻവാപി വളപ്പിന് ഹിന്ദുമതപരമായ സ്വഭാവമോ മുസ്ലീം മതപരമായ സ്വഭാവമോ ഇല്ലെന്നും' കൂട്ടിച്ചേർത്തു.

2022 മേയിൽ, ഗ്യാൻവാപി പള്ളിയുടെ വുദുഖാനയ്ക്ക് നടുവിലുള്ള ജലധാര 'ശിവലിംഗ'മാണെന്നും അതിനാൽ നമസ്‌ക്കാരത്തിനെത്തുന്നവർ അംഗശുദ്ധ് വരുത്തുന്ന വുദുഖാന അടച്ചുപൂട്ടി മുദ്രവയ്ക്കണമെന്നുമുള്ള സംഘപരിവാർ പ്രതിനിധികളുടെ ഹർജി മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് പരിഗണിച്ചത്. 'വുദുഖാന' അടച്ചുപൂട്ടുന്നതിലൂടെ ബാബ്‌റി മസ്ജിദ് പോലെ ഗ്യാൻവാപിയും തർക്കമന്ദിരമായി മാറുമെന്നും അതിന് കൂട്ടുനിൽക്കരുതെന്നുമായിരുന്നു മസ്ജിദ് പക്ഷത്തിന്റെ വാദം. എന്നാൽ കേസിലെ രണ്ട് കക്ഷികളുടെയും താൽപ്പര്യങ്ങൾ ബാലൻസ് ചെയ്യണമല്ലോ എന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പ്രതികരിച്ചത്. ആരാധനാലയത്തിന്റെ സ്വഭാവം മാറ്റുന്നതിന് മാത്രമേ 1991 ലെ നിയമം തടയുന്നുള്ളൂ എന്നും അതിന്റെ മുൻസ്വഭാവം എന്തായിരുന്നുവെന്ന് പരിശോധിക്കുന്നതിൽ നിന്ന് അതാരെയും തടയുന്നില്ലല്ലോ എന്ന് മറ്റൊരു നിരീക്ഷണവും നടത്തിക്കൊണ്ടാണ് 'വുദുഖാന' അടച്ചുപൂട്ടാനുള്ള ഹർജിക്കാരുടെ ആവശ്യം ചീഫ് ജസ്റ്റിസ് അംഗീകരിച്ചത്.

അലഹബാദ് ഹൈക്കോടതി സർവ്വേ നടത്താൻ അനുമതി നൽകിയതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ട് 2023 ആഗസ്റ്റ് 4 ന് പുറപ്പെടുവിച്ച വിധിയിലും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞത് 1991 ലെ നിയമം ഒരു ആരാധനാലയത്തിന്റെ മുൻസ്വഭാവം എന്തായിരുന്നുവെന്ന് പരിശോധിക്കുന്നത് തടയുന്നില്ലെന്നായിരുന്നു. നിങ്ങൾക്ക് ബാലിശമെന്ന് തോന്നുന്നത് മറുവിഭാഗത്തിന്റെ വിശ്വാസമാണെന്ന് പറയാനും അദ്ദേഹം മടിച്ചില്ല. ഫലത്തിൽ 1991 ലെ ആരാധനാലയ നിയമത്തിന്റെ കടയ്ക്കൽ കത്തിവെച്ചത് മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആയിരുന്നുവെന്ന വിമർശനം അന്നേ ഉയർന്നിരുന്നു.

ഏതായാലും 1991 ൽ എന്ത് ഉദ്ദേശത്തോടെയാണോ ആരാധനാലയ നിയമം കൊണ്ടുവന്നത് ആ ഉദ്ദേശലക്ഷ്യം അട്ടിമറിക്കപ്പെടുകയായിരുന്നു ഗ്യാൻവാപി തർക്കക്കേസിലൂടെ. കോടതി അനുമതിയെ തുടർന്ന് 2023 ആഗസ്റ്റ് 4 ന് സർവ്വേ ആരംഭിച്ചു. ഡിസംബർ 18 ന് മുദ്രവെച്ച കവറിൽ റിപ്പോർട്ട് കോടതിക്ക്  സമർപ്പിച്ചു. തുടർന്ന് ഈ രഹസ്യറിപ്പോർട്ട് കക്ഷികൾക്ക് ലഭ്യമാക്കാനും കോടതി അനുവദിച്ചു. അതോടെ സംഘപരിവാർ വക്താക്കൾ വാരണാസിയിലെ ഗ്യാൻവാപി മസ്ജിദ് ഇപ്പോൾ ഉള്ളിടത്ത് ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നതായും ഹിന്ദുബിംബങ്ങളുടെ അവശിഷ്ടങ്ങളും കൊത്തുവേലചെയ്ത ശിൽപ്പങ്ങളും അവിടെ കണ്ടെടുത്തതായും അവകാശപ്പെട്ട് രംഗത്ത് വന്നു. വിശ്വഹിന്ദു പരിഷത്ത് അന്തർദേശീയ വർക്കിംഗ് പ്രസിഡന്റ് അലോക്കുമാർ ഗ്യാൻവാപി മസ്ജിദ് ഹിന്ദുസമുദായത്തിന് ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യം ഉന്നയിക്കുകയും ചെയ്തു.

ഗ്യാൻവാപിക്ക് പിന്നാലെ വിവിധ മസ്ജിദുകൾ സ്ഥിതി ചെയ്യുന്നിടത്ത് ക്ഷേത്രങ്ങൾ ഉണ്ടായിരുന്നോ എന്ന് സർവ്വേ നടത്തണമെന്ന് പലയിടങ്ങളിൽ നിന്നാവശ്യം ഉയർന്നു. അതിനെതിരെ ഹിന്ദു-മുസ്ലീം മതവിശ്വാസികൾക്കിടയിൽ വിദ്വേഷം കനക്കുകയായിരുന്നു.

ഗ്യാൻവാപിക്ക് പിന്നാലെ മഥുരയിലെ കൃഷ്ണജന്മഭൂമി ക്ഷേത്രത്തിന് തൊട്ടുചേർന്നുള്ള ഷാഹി ഈദ്ഗാഹ് പള്ളിയും നിയമയുദ്ധത്തിലായിരിക്കുകയാണ്. ഇവിടെയും അലഹബാദ് ഹൈക്കോടതിയാണ് മസ്ജിദ് ഒരുകാലത്ത് ക്ഷേത്രമായിരുന്നുവോ എന്നു സർവ്വേ നടത്തുവാൻ അനുമതി കൊടുത്തത്.

ഉത്തർപ്രദേശിലെ സംഭൽ ശാഹി ജുമാമസ്ജിദ് 1526 മുതൽ 1530 വരെ ബാബർ ചക്രവർത്തി ഭരിച്ചപ്പോൾ ബാബറി മസ്ജിദിനും പാനിപ്പത്ത് മസ്ജിദിനും ഒപ്പം പണിതതാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ മസ്ജിദിന്റെ പരിസരം പരിശോധിച്ചാൽ ആറ് നൂറ്റാണ്ട് മുമ്പുണ്ടായിരുന്ന ഹരിഹർ ക്ഷേത്രത്തിന്റെ അവശിഷ്ടം കാണുമെന്നുമുള്ള ഹർജിയെത്തുന്നതോടെയാണ് ഇവിടെ പ്രശ്‌നങ്ങൾ തുടങ്ങുന്നത്. കേസ് കോടതിയിലെത്തിയ 2024 നവംബർ 19 ന് തന്നെ പള്ളിയിൽ സർവ്വേ നടത്തുവാൻ സംഭൽ കോടതി ഉത്തരവിട്ടു. മുസ്ലീം വിഭാഗത്തിന് നോട്ടീസ് പോലും നൽകാതെയായിരുന്നു സംഭൽ കോടതി ഉത്തരവുണ്ടായത്. 19 ന് രാത്രിതന്നെ കോടതി നിയോഗിച്ച അഡ്വക്കേറ്റ് കമ്മീഷണറുടെ നേതൃത്വത്തിൽ സർവ്വേയും നടന്നു. വെളിച്ചമില്ലാത്തതിനാൽ സർവ്വേ പൂർത്തിയായില്ലെന്ന് പറഞ്ഞാണ് അടുത്ത ദിവസം രാവിലെ ഏഴുമണിക്ക് കനത്ത പോലീസ് സന്നാഹത്തിൽ സർവ്വേ നടത്താൻ ജുമാ മസ്ജിദിലേക്ക് വീണ്ടും സംഘം എത്തിയത്.

നടപടിയിൽ പ്രതിഷേധിച്ച് പള്ളിക്കു ചുറ്റം 1000 ത്തോളം പേർ തടിച്ചുകൂടി. ഇവരെ വിരട്ടിയോടിച്ച് പോലീസ് വഴിയൊരുക്കുന്നതിനിടയൽ ചിലർ പോലീസിന് നേരെ കല്ലെറിയുകയും നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു. തുടർന്ന് പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘർഷത്തിനിടയിൽ അഞ്ച് പ്രതിഷേധക്കാർ വെടിയേറ്റ് മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷത്തിനിടയിലും കോടതി അനുമതിയുണ്ടെന്നതിനാൽ ചിത്രങ്ങളെടുത്തും വീഡിയോ റെക്കോർഡ് ചെയ്തും അഡ്വക്കേറ്റ് കമ്മീഷണറും സംഘവും സർവ്വേ പൂർത്തിയാക്കുകയായിരുന്നു. സംഘർഷം സൃഷ്ടിച്ചു എന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത 25 പേരും ഒരേ സമുദായക്കാരായിരുന്നു.

രാജസ്ഥാൻ അജ്മീറിലെ പ്രശസ്തമായ ഖ്വാജ മുഇനുദ്ദീൻ ചിസ്തി ദർഗ മതേതരത്വവും സാഹോദര്യവും അടയാളപ്പെടുത്തുന്ന കേന്ദ്രമായാണ് പൊതുവേ അറിയപ്പെട്ടിരുന്നത്. ഈ 'ദർഗ' ഒരു ശിവക്ഷേത്രത്തിനുമേൽ നിർമ്മിച്ചതാണെന്ന ഹർജി 'അജ്മീർ' കോടതിയിലെത്തി. അജ്മീർ ദർഗ ശിവക്ഷേത്രമായിരുന്നോ എന്ന് നോക്കാൻ ഇക്കഴിഞ്ഞ നവംബർ 27 ന് സിവിൽ കോടതി ജഡ്ജി മൻമോഹൻ ചന്ദേൽ, ആർക്കിയോളജിക്കൽ സർവ്വേ ഇന്ത്യയോടാവശ്യപ്പെട്ടിരിക്കുകയാണ്.

പുരാതനമായ മസ്ജിദുകളെല്ലാം ഹിന്ദുക്ഷേത്രങ്ങൾ തകർത്ത് നിർമ്മിച്ചതാണെന്ന ഒരു ആഖ്യാനവും, സർവ്വേക്കായി കോടതിയെ സമീപിക്കലും അനുകൂല ഉത്തരവ് സമ്പാദിക്കുന്നതുമെല്ലാം ഉന്നതങ്ങളിൽ പ്ലാൻ ചെയ്ത ആസൂത്രിതപദ്ധതിയുടെ ഭാഗമാണെന്നത് വ്യക്തമാണ്. തർക്കമുയരുന്നിടത്തെല്ലാം സംഭവിക്കുന്നത് ഒരേ കാര്യമാണ്. ആദ്യം സംഘപരിവാർ പ്രസ്ഥാനങ്ങളിലെ ഏതെങ്കിലും ഒന്നിന്റെ പ്രതിനിധി മുസ്ലീം ആരാധനാലയത്തിനുമേൽ തർക്കമുന്നയിക്കുന്നു. ആർക്കിയോളജിക്കൽ സർവ്വേ ടീം പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയിലെത്തുന്നു. കോടതി വിഷയം പരിഗണിക്കുന്നു. സർവ്വേയ്ക്ക് ഭരണകൂടം സന്നദ്ധത അറിയിക്കുന്നു. ആരാധനാലയനിയമത്തെ കണക്കിലെടുക്കാതെ കോടതി സർവ്വേയ്ക്ക് അനുമതി നൽകുന്നു. ഇതാണിപ്പോൾ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഒരു മതവിഭാഗത്തിന്റെ ആരാധനാലയങ്ങളുടെ മേലുള്ള കയ്യേറ്റം ഭരണകൂട പിന്തുണയോടുകൂടി നടക്കുമ്പോൾ ജുഡീഷ്യറി കൂടി ഒരു പക്ഷം ചേർന്നാൽ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വിനാശകരമായ സ്ഥിതിവിശേഷത്തിലേക്കാകും രാജ്യം എത്തിച്ചേരുക.

ശരിക്കൊപ്പം നിൽക്കുന്ന ന്യായാധിപൻ എന്ന പേരുകേട്ട  മുൻ സുപ്രീംകോടതി ജഡ്ജിയാണ് ജസ്റ്റിസ് റോഹിൻടൺ ഥാലി നരിമാൻ. 2021 ഓഗസ്റ്റിലാണദ്ദേഹം വിരമിച്ചത്. 2023 മാർച്ച് 1 ന് അന്തരിച്ച സുപ്രീംകോടതി മുൻചീഫ് ജസ്റ്റിസ് എ.എം. അഹമ്മദിയുടെ സ്മരണയ്ക്കായി രൂപീകരിച്ച ഫൗണ്ടേഷൻ ഉദ്ഘാടനച്ചടങ്ങിലെ വിശിഷ്ടാതിഥി നരിമാൻ ആയിരുന്നു. മതനിരപേക്ഷതയും ഇന്ത്യൻ ഭരണഘടനയുമായിരുന്നു ജസ്റ്റിസ് നരിമാന്റെ പ്രഭാഷണവിഷയം.

മതനിരപേക്ഷതയോട് നീതി പുലർത്താത്ത വിധിന്യായങ്ങളാണ് ബാബ്‌റി കേസ്സിൽ ഉണ്ടായതെന്നദ്ദേഹം പറഞ്ഞു. ബാബറി മസ്ജിദ് തകർക്കപ്പെട്ട കേസിൽ മുഴുവൻ പ്രതികളേയും വെറുതെവിട്ട ജഡ്ജി വിരമിച്ചശേഷം യു.പിയിൽ ഉപലോകായുക്തയായി നിയമിക്കപ്പെട്ടു. മസ്ജിദ് തകർത്തത് നിയമവിരുദ്ധമാണെന്ന് പറഞ്ഞ സുപ്രീംകോടതി തന്നെ തർക്കഭൂമി രാമക്ഷേത്രത്തിന് നൽകാൻ ഉത്തരവിട്ടത് അന്യായമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ ഒരു പശ്ചാത്തലത്തിലാണ് 1991 ലെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടുള്ള വ്യവഹാരങ്ങളിൽ പുതിയ ഹർജികൾ സ്വീകരിക്കരുത് എന്നും നിലവിലുള്ള ഹർജികളിൽ ഉത്തരവു പുറപ്പെടുവിക്കരുത് എന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്റെ സുപ്രധാന ഇടപെടൽ ഡിസംബർ 12 ന് ഉണ്ടായിട്ടുള്ളത്. 4 ആഴ്ചക്കകം സർക്കാരിന്റെ വിശദീകരണം ചോദിച്ചിട്ടുള്ളതിനാൽ ഇനി ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് ആകും നിർണയമാകുക.

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img