03:25pm 16 September 2026
NEWS
സോവിയറ്റ് യൂണിയനിലെ രഹസ്യങ്ങൾ
31/08/2025  06:26 PM IST
nila
സോവിയറ്റ് യൂണിയനിലെ രഹസ്യങ്ങൾ

യുക്രൈൻ - റഷ്യ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അതികഠിനമായി പരിശ്രമിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കാനായാൽ തനിക്ക് സ്വർ​ഗം ലഭിക്കുമെന്നാണ് ട്രംപിന്റെ വിശ്വാസം. ഇക്കാര്യം ട്രംപ് തുറന്നു പറയുകയും ചെയ്തു. റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിനുമായും യുക്രൈൻ പ്രസിഡന്റ് വ്ലാഡ്മിർ സെലൻസ്കിയുമായും ട്രംപ് നേരിട്ട് ചർച്ച നടത്തുകയും ചെയ്തിരുന്നുയ യുക്രൈൻ താത്പര്യം സംരക്ഷിക്കാനായി യൂറോപ്യൻ യൂണിയൻ നേതാക്കളും രം​ഗത്തുണ്ട്. എന്നാൽ, സമാധാന ചർച്ചകളിൽ ഇനിയും വിജയം കാണാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. 

സോവിയറ്റ് യൂണിയന്റെ പുനരേകീകരണമാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിൻ ലക്ഷ്യം വെക്കുന്നത് എന്നാണ് അമേരിക്കയും യൂറോപ്യൻ ശക്തികളും ആരോപിക്കുന്നത്. എന്നാൽ, വാഴ്സ ഉടമ്പടിയിൽ നിന്നും സോവിയറ്റ് യൂണിയൻ പിന്മാറുമ്പോൾ നാറ്റോ സഖ്യവും പിരിച്ചുവിടേണ്ടതായിരുന്നു എന്ന വാദമാണ് പുടിൻ ഉയർത്തുന്നത്. ഇനി അഥവാ നാറ്റോ സഖ്യം പിരിച്ചു വിട്ടില്ലെങ്കിൽ പോലും കിഴക്കൻ യൂറോപ്പിലേക്ക് നാറ്റോ തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കില്ലെന്ന ഉറപ്പ് അന്നത്തെ സോവിയറ്റ് യൂണിയൻ പ്രസിഡന്റായിരുന്ന മിഖായേൽ ​ഗോർബച്ചേവിന് നൽകിയിരുന്നു എന്ന വാദവും റഷ്യ ഉയർത്തുന്നു. അമേരിക്കയുടെയും പടിഞ്ഞാറൻ യുറോപ്യൻ രാജ്യങ്ങളിലെയും പഴയ നേതാക്കളുടെ വാക്കിന് വില കൽപ്പിക്കണമെന്നാണ് റഷ്യയുടെ ആവശ്യം. യുക്രൈൻ ഉൾപ്പെടെയുള്ള കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ (പഴയ സോവിയറ്റ് യൂണിയനിലെ ഘടക റിപ്പബ്ലിക്കുകൾ) നാറ്റോയിൽ അം​ഗമാകുന്നത് തങ്ങളുടെ സുരക്ഷക്ക് ഭീഷണിയാണെന്ന് പുടിൻ വ്യക്തമാക്കുന്നു.

1922 മുതൽ 1991 വരെ നിലനിന്നിരുന്ന ഒരു സോഷ്യലിസ്റ്റ് രാഷ്ട്രമായിരുന്നു യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കുകൾ . ബാൾട്ടിക്, കരിങ്കടൽ മുതൽ പസഫിക് സമുദ്രം വരെ വ്യാപിച്ചുകിടക്കുന്ന 2,24,02,200 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ലോകത്തിലെ ഏറ്റവും വലിയ രാജ്യമായിരുന്നു ഇത്.

100 ദേശീയതകളെ ഒരൊറ്റ രാജ്യമാക്കി മാറ്റി മോസ്കോ കേന്ദ്രീകരിച്ചുള്ള ഭരണക്രമമായിരുന്നു സോവിയറ്റ് യൂണിയൻ. ഇത് ലോകത്തിലെ 24 സമയ മേഖലകളിൽ പതിനൊന്നിലും വ്യാപിച്ചുകിടന്നിരുന്നു. സോവിയറ്റ് യൂണിയൻ നാമമാത്രമായി ഒന്നിലധികം ദേശീയ റിപ്പബ്ലിക്കുകളുടെ ഒരു ഫെഡറൽ യൂണിയനായിരുന്നുവെങ്കിലും അവസാന വർഷങ്ങളിൽ അതിന്റെ സർക്കാരും സമ്പദ്‌വ്യവസ്ഥയും വളരെ കേന്ദ്രീകൃതമായിരുന്നു. തകരുന്നതിന് മുമ്പ് 15 സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കുകൾ ഉൾപ്പെടുന്നതായിരുന്നു സോവിയറ്റ് യൂണിയൻ. അർമേനിയ, അസർബൈജാൻ, ബെലോറഷ്യ, എസ്തോണിയ, ജോർജിയ, കസാക്കിസ്ഥാൻ, കിർഗിസിയ, ലാത്വിയ, ലിത്വാനിയ, മോൾഡാവിയ, റഷ്യ, താജിക്കിസ്ഥാൻ. യുക്രെയ്ൻ, ഉസ്ബെക്കിസ്ഥാൻ എന്നിവയായിരുന്നു യു എസ് എസ് ആറിലെ സോഷ്യലിസ്റ്റ് സോവിയറ്റ് റിപ്പബ്ലിക്കുകൾ. ബെലോറഷ്യ ഇപ്പോൾ ബെലാറസ് എന്നാണറിയപ്പെടുന്നത്. കിർ​ഗിസിയ ഇപ്പോൾ കിർഗിസ്ഥാനാണ്. മോൾഡാവിയ വിഘടിച്ച് മോൾഡോവയും തമെൻകിസ്താനുമായി. 

1917-ലെ റഷ്യൻ വിപ്ലവത്തിലൂടെയാണ് സോവിയറ്റ് യൂണിയന്റെ ഉത്ഭവം. ഒരിക്കൽ റഷ്യൻ സാമ്രാജ്യമായിരുന്ന പ്രദേശത്ത് ബോൾഷെവിക്കുകൾ ഒരു സോഷ്യലിസ്റ്റ് രാഷ്ട്രം സ്ഥാപിച്ചു. പിന്നീട് ദീർഘവും രക്തരൂക്ഷിതമായ ആഭ്യന്തരയുദ്ധവും തുടർന്നു. റഷ്യ, യുക്രെയ്ൻ, ബെലാറസ്, ട്രാൻസ്കാക്കേഷ്യ എന്നിവ തമ്മിലുള്ള 1922-ലെ ഉടമ്പടി സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കുകളുടെ യൂണിയൻ രൂപീകരിച്ചു. പിന്നീട് ട്രാൻസ്കാക്കേഷ്യ വിഭജിച്ചാണ് നാം ഇന്നു കാണുന്ന ആധുനിക ജോർജിയ, അർമേനിയ, അസർബൈജാൻ എന്നിവ രൂപംകൊണ്ടത്.

സർ നിക്കോളാസ് രണ്ടാമനെ പുറത്താക്കി അധികാരമേറ്റ സർക്കാരിനെ ബോൾഷെവിക്കുകൾ അട്ടിമറിച്ചു. 1917 ഒക്ടോബർ 24, 25 തീയതികളിലായിരുന്നു ഒക്ടോബർ വിപ്ലവം എന്നറിയപ്പെടുന്ന സായുധ വിപ്ലവം നടന്നത്. പാർട്ടിയുടെയും രാജ്യത്തിന്റെയും തലപ്പത്ത് ലെനിൻ അവരോധിക്കപ്പെട്ടു. 1922 ൽ സമീപരാജ്യങ്ങളെ കൂട്ടിച്ചേർത്തു യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സ് എന്ന യുഎസ്എസ്ആർ ജന്മമെടുത്തു. ലെനിന്റെ മരണശേഷം ചുമതലയേറ്റ സ്റ്റാലിൻ, രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്ത് സർവാധിപത്യം പുലർത്തി.

പഞ്ചവത്സര പദ്ധതികളിലൂടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി. വ്യവസായങ്ങൾ ദേശസാൽക്കരിച്ചു. നിർബന്ധിത കൂട്ടുകൃഷി സമ്പ്രദായം നടപ്പാക്കി. ലോകത്തെ വൻ ശക്തികളിലൊന്നായി യുഎസ്എസ്ആർ രൂപം മാറി. പിന്നാലെ യുഎസും യുഎസ്എസ്ആറും തമ്മിലുള്ള ശീതയുദ്ധത്തിനും തുടക്കമായി. പ്രതിരോധ – സൈനിക ബജറ്റ് പടിപടിയായി ഇരുകൂട്ടരും വർധിപ്പിച്ചു. ബഹിരാകാശ രംഗത്തും മത്സരം മുറുകി. ബ്രഷ്നേവിന്റെ മരണശേഷം ആന്ത്രപ്പോവും ചെർണങ്കോയും വന്നെങ്കിലും അധികകാലം അധികാരത്തിലുണ്ടായില്ല. യുഎസിനെതിരെ കരുത്തനായ നേതാവ് എന്ന നിലയിൽ മിഖയേൽ ഗൊർബച്ചേവ് രംഗപ്രവേശം ചെയ്തു.

1986ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ 27–ാം പാർട്ടി കോൺഗ്രസിൽ പെരിസ്ട്രോയിക്ക, ഗ്ലാസ്നോസ്ത് എന്നീ നയങ്ങൾ ഗൊർബച്ചോവ് അവതരിപ്പിച്ചു. പുനർനിർമ്മാണം എന്നാണ് പെരിസ്ട്രോയിക്കയുടെ അർത്ഥം. സാമ്പത്തിക വളർച്ചയായിരുന്നു പെരിസ്ട്രോയിക്കയുടെ ലക്ഷ്യം. സുതാര്യത എന്നാണ് ​ഗ്ലാസ്നോസ്ത് എന്നാലർത്ഥം. പതിറ്റാണ്ടുകൾ നീണ്ട ഇരുമ്പുമറ നീക്കി അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കിയതായിരുന്നു ഗ്ലാസ്നോസ്ത്. ക്ഷാമവും പൂഴ്ത്തിവയ്പും സോവിയറ്റ് ജനജീവിതത്തെ ബാധിച്ചു തുടങ്ങി. ശീതയുദ്ധത്തിന്റെ വേഗം പതിയെ കുറഞ്ഞു. 1917നു ശേഷം നടന്ന ആദ്യ സ്വതന്ത്ര തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടിയിലെ മിക്ക പ്രമുഖരും പരാജയപ്പെട്ടു.

അഫ്ഗാനിസ്ഥാനിൽനിന്നു സൈന്യത്തെ പിൻവലിച്ചതും ഇക്കാലത്താണ്. വാഴ്സ ഉടമ്പടി പ്രകാരം കിഴക്കൻ യൂറോപ്പിലെ രാജ്യങ്ങളിലെ സോവിയറ്റ് സൈന്യത്തെ പിൻവലിച്ചതോടെ റുമാനിയയും ചെക്കോസ്ലോവാക്യയും അടക്കമുള്ള രാജ്യങ്ങളിൽ കമ്യൂണിസ്റ്റ് ഭരണം തകർന്നു. യൂണിയന്റെ ഭാഗമായ ബാൾട്ടിക് രാജ്യങ്ങളായ എസ്തോണിയ, ലാത്വിയ, ലിത്വേനിയ എന്നിവിടങ്ങളിലും അർമീനിയയിലും 1987 മുതൽതന്നെ സ്വാതന്ത്ര്യപ്രക്ഷോഭങ്ങൾ നടന്നിരുന്നു. മോൾഡോവ, ബെലാറസ്, ജോർജിയ, യുക്രെയ്ൻ എന്നിവിടങ്ങളിലും സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ടു ജനം തെരുവിലിറങ്ങി.

സോവിയറ്റ് യൂണിയനെ ഒരുമിച്ചുനിർത്താൻ ഗോർബച്ചേവ് ഒരു ശ്രമം കൂടി നടത്തി. ഹിതപരിശോധനയിൽ 9 റിപ്പബ്ലിക്കുകളിലെ 76.4% പേർ യൂണിയന് അനൂകൂലമായി വോട്ടുചെയ്തു. എസ്തോണിയ, ലാത്വിയ, അർമേനിയ, ജോർജിയ, മോൾഡോവ എന്നിവർ പങ്കെടുത്തില്ല. പിന്നാലെ റഷ്യൻ ഫെഡറേഷൻ പ്രസിഡന്റായി ബോറിസ് യെൽസിൻ തിരഞ്ഞെടുക്കപ്പെട്ടു. അതിനിടെ, സോവിയറ്റ് യൂണിയൻ നിലനിർത്താൻ ശക്തമായ നേതൃത്വം വേണമെന്ന് സർക്കാരിലെയും പാർട്ടിയിലെയും ഒരുവിഭാഗത്തിനു തോന്നി. പുതിയ യൂണിയൻ കരാർ ഒപ്പിടുന്നതിന്റെ തലേന്ന് (1991 ഓഗസ്റ്റ് 19) ഇവർ ഗൊർബച്ചോവിനെ ക്രിമിയയിലെ അവധിക്കാല വസതിയിൽ തടങ്കലിലാക്കി. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

കസഖിസ്ഥാനിലായിരുന്ന യെൽസിൻ, അട്ടിമറി വിവരമറിഞ്ഞതോടെ മോസ്കോയിലേക്കു പുറപ്പെട്ടു. ‘നടന്നത് വിപ്ലവമല്ല, പിന്തിരിപ്പന്മാർ ജയിക്കരുത്’ എന്ന് ജനക്കൂട്ടത്തോടു യെൽസിൻ ആഹ്വാനം ചെയ്തു. മടിച്ചുനിന്ന സൈന്യവും ജനത്തിനൊപ്പം ചേർന്നു. ഓഗസ്റ്റ് 21ലെ അട്ടിമറി പരാജയപ്പെട്ടു. വീട്ടുതടങ്കലിലായിരുന്ന ഗൊർബച്ചോവ് മോസ്കോയിൽ തിരിച്ചെത്തിയെങ്കിലും പക്ഷേ, അധികാരം കേന്ദ്രീകരിക്കാനോ യുഎസ്എസ്ആർ വിഘടിക്കുന്നതു തടയാനോ കഴിഞ്ഞില്ല. രാജ്യങ്ങൾ ഓരോന്നായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 

1991 ക്രിസ്മസ് ദിനത്തിൽ, സോവിയറ്റ് യൂണിയന്റെ അന്നത്തെ പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് പ്രഖ്യാപിച്ചു: “നാം ഇപ്പോൾ ഒരു പുതിയ ലോകത്തിലാണ് ജീവിക്കുന്നത്”, അങ്ങനെ സോവിയറ്റ് യൂണിയന്റെ പിരിച്ചുവിടലും ഗോർബച്ചേവിന്റെ രാജിയും അന്ന് പ്രഖ്യാപിച്ചു. സോവിയറ്റ് യൂണിയന്റെ തകർച്ചയുടെ കാരണങ്ങൾ പലതാണ്. സോവിയറ്റ് യൂണിയന്റെ തകർച്ചയെ ത്വരിതപ്പെടുത്തിയെന്ന് ചരിത്രകാരന്മാർ വിശ്വസിക്കുന്ന ഗ്ലാസ്‌നോസ്‌റ്റ് , പെരിസ്ട്രോയിക്ക എന്നീ നയങ്ങൾ ഗോർബച്ചേവിന്റെ പരിഷ്‌കാരങ്ങളായിരുന്നു. 1980-കളുടെ അവസാനത്തിൽ ആരംഭിച്ച ഗ്ലാസ്‌നോസ്‌റ്റ് ഭരണത്തിലെ സുതാര്യതയ്‌ക്കുള്ള ഒരു നീക്കമായിരുന്നു. അതേ സമയം അവതരിപ്പിച്ച പെരിസ്‌ട്രോയിക്ക, തകർച്ചയിലായ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള സാമ്പത്തിക പരിഷ്‌കരണവുമായി ബന്ധപ്പെട്ടിരുന്നു.

പെരിസ്ട്രോയിക്കയും ​ഗ്ലാസ്നോസ്റ്റും മാത്രമായിരുന്നില്ല സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് കാരണം. പ്രതിരോധ ചെലവുകൾക്ക് പണം അധികമായി ഒഴുകിയപ്പോൾ ജീവിത നിലവാരം മോശമായി മാറി എന്നും വിമർശനം ഉയർന്നു. സാമ്പത്തിക ദുരുപയോഗം സോവിയറ്റ് യൂണിയനെ എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകൾ ഉൾപ്പെടെയുള്ള ബാഹ്യ ഘടകങ്ങൾക്ക് ഇരയാക്കുകയും ചെയ്തു.

1988 ഡിസംബറിൽ ഐക്യരാഷ്ട്രസഭയിൽ, ഗോർബച്ചേവ് സോവിയറ്റ് സായുധ സേനയെ ഏകപക്ഷീയമായി കുറയ്ക്കുമെന്ന് പ്രഖ്യാപിക്കുകയും കിഴക്കൻ യൂറോപ്പിൽ നിന്ന് ആയിരക്കണക്കിന് ടാങ്കുകൾ പിൻവലിക്കുകയും ചെയ്തു. വാർസോ ഉടമ്പടി സഖ്യ രാജ്യങ്ങളുടെ മേലുള്ള ഈ സൈനിക നിയന്ത്രണം കുറച്ചതോടെ ആ രാജ്യങ്ങൾ കൂടുതൽ സ്വയംഭരണാവകാശം നേടുന്നതിലേക്ക് നയിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചെക്കോസ്ലോവാക്യ, പോളണ്ട്, ഹംഗറി, റൊമാനിയ, ബൾഗേറിയ എന്നിവിടങ്ങളിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളെ അട്ടിമറിച്ച സംഭവവികാസങ്ങൾ ഉണ്ടായത്. ഇതിന് പിന്നാലെ ബെർലിൻ മതിലിന്റെ തകർച്ചയും ജർമ്മൻ പുനരേകീകരണത്തിലേക്കുള്ള നീക്കവും സോവിയറ്റ് യൂണിയനെ കൂടുതൽ ദുർബലമാക്കി.

ജനാധിപത്യ റഷ്യയുടെ ആദ്യ പ്രസിഡന്റായി യെൽസിൻ. ചരിത്രം പക്ഷേ കാത്തുവെച്ചിരുന്നത് വ്ലാഡ്മിർ പുടിന്റെ നാളുകളായിരുന്നു. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷം പ്രസിഡന്റ് ബോറിസ് യെൽസിന്റെ ഭരണത്തിൽ റഷ്യ കലങ്ങിമറിഞ്ഞു കൊണ്ടിരിക്കേയായിരുന്നു 1999ൽ പ്രധാനമന്ത്രിയെന്ന നിലയിലുള്ള പുടിന്റെ രംഗപ്രവേശം.

യെൽസിന് പറ്റിയ ഒരു അബദ്ധമാണ് പുടിന്റെ വരവ് എന്ന് പലരും പിന്നീട് വിലയിരുത്തിയിട്ടുണ്ട്. യെൽസിനു കീഴിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പുട്ടിന്റെ കടന്നുവരവ് നേതൃത്വത്തിലെ പലരെയും കടപുഴക്കിക്കൊണ്ടായിരുന്നു. മോസ്‌കോയിൽ നടന്ന തീവ്രവാദി ആക്രമണങ്ങൾക്ക് പിന്നിൽ ചെചൻ തീവ്രവാദികളാണെന്ന് പുടിൻ പറയുന്നുണ്ടെങ്കിലും, അധികാരത്തിലേക്ക് വരാൻ അദ്ദേഹം തന്നെ സ്വീകരിച്ച കുതന്ത്രമായിരുന്നോ ഇതെന്ന് സംശയിക്കുന്നവരും ഏറെയാണ്. ചെചൻവാസികൾക്കുനേരെ നടത്തിയ ആക്രമണങ്ങളിലൂടെയാണ് പുടിൻ വളർന്നുവന്നത്. ചെച്‌നിയയെ തുടച്ചുനീക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കിക്കൊണ്ട് റഷ്യക്കാരുടെ മനസ്സിൽ ദേശീയതയെന്ന വികാരം കുത്തിവെക്കാനും പുടിനായി. ഈ ദേശീയ വികാരമാണ് ഇപ്പോഴും പുടിൻ തിരഞ്ഞെടുപ്പ് വേളകളിൽ ആളിക്കത്തിക്കുന്നത്. റഷ്യയില്ലെങ്കിൽ ലോകമുണ്ടാവില്ലെന്ന മുദ്രാവാക്യം ജനങ്ങൾക്കിടയിൽ വളർത്തിയെടുക്കാൻ അദ്ദേഹം വിജയിച്ചത് ഈ തിരഞ്ഞെടുപ്പിലും പ്രകടമായിരുന്നു.

യെൽസിൻ വിരമിച്ചതോടെ അടുത്ത വർഷം പ്രസിഡന്റായി. രണ്ടു തവണയായി എട്ടു വർഷം ആ സ്ഥാനത്തിരുന്നു. തുടർച്ചയായി മൂന്നാം തവണയും പ്രസിഡന്റാകുന്നതിനു ഭരണഘടന തടസ്സമായപ്പോഴാണ് 2008ൽ സ്ഥാനമൊഴിഞ്ഞു പ്രധാനമന്ത്രിയായത്. തന്റെ കീഴിൽ ഒന്നാം ഉപപ്രധാനമന്ത്രിയായിരുന്ന മെദ്വദേവിനെ പ്രസിഡന്റാക്കുകയും ചെയ്തു. പക്ഷേ, ഭരണത്തിന്റെ കടിഞ്ഞാൺ അപ്പോഴും പുടിന്റെ കൈകളിൽ തന്നെയായിരുന്നു. ഭരണഘടനയെ അങ്ങനെ മറികടന്നശേഷം 2012ൽ മൂന്നാം തവണയും പ്രസിഡന്റായി. മെദ്വദേവിനെ പ്രധാനമന്ത്രിയാക്കി. പക്ഷേ, ജനങ്ങൾ പ്രതിഷേധിച്ചു. തലേവർഷത്തെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന പേരിൽ മോസ്‌ക്കോയിലെ തെരുവുകൾ ഇളകി മറിയുകയായിരുന്നു അപ്പോൾ. പുടിൻ മൂന്നാമതും പ്രസിഡന്റാകുന്നതിനെതിരായ സമരവുമായി അതു മാറി. പുടിൻ ഗൗനിച്ചില്ല. അതിനുശേഷമാണ് പ്രസിഡന്റിന്റെ സേവന കാലാവധി നാലു വർഷത്തിൽനിന്ന് ആറു വർഷമാക്കി വർധിപ്പിക്കാൻ പാർലമെന്റ് തീരുമാനിച്ചത്. 2016ൽ നടക്കേണ്ടിയിരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് അങ്ങനെ 2018ലേക്കു നീണ്ടു. അതിലും മൽസരിച്ചു ജയിച്ചാണ് 2024 മാർച്ചുവരെ അധികാരത്തിലിരിക്കാൻ പുടിൻ അർഹത നേടി. 2024ൽ 71 വയസ്സുകഴിഞ്ഞു നിൽക്കുമ്പോഴും പുടിൻ തന്നെയായിരുന്നു റഷ്യൻ പ്രസിഡന്റായി മത്സരിച്ച് ജയിച്ചെത്തിയത്. ഇന്നും അമേരിക്കയുടെ ഏകധ്രുവലോക അഹന്തക്ക് പൂർണമായും കീഴ്പ്പെടാതെ പഴയ സോവിയറ്റ് പ്രതാപത്തിന്റെ തിരുശേഷിപ്പുകളും പേറി റഷ്യയെ നയിക്കുകയാണ് പുടിൻ. പക്ഷേ, പാശ്ചാത്യ ലോകം ആരോപിക്കുന്നത് പോലെ സോവിയറ്റ് യൂണിയനെ പുനർജനിപ്പിക്കാൻ പുടിൻ ഇന്നും വലിയ നീക്കമൊന്നും നടത്തുന്നുമില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img