
ദോഹ: ഖത്തറിലെ സ്കൂളുകളിൽ 2025-2026 അധ്യയന വർഷത്തെ രണ്ടാം സെമസ്റ്റർ അവസാന പരീക്ഷകൾക്ക് സുഗമമായ തുടക്കം. പരീക്ഷകളുടെ ആദ്യ ദിനമായ വ്യാഴാഴ്ച വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. ഇബ്രാഹിം ബിൻ സാലിഹ് അൽ നുഐമി ഒമർ ബിൻ അൽ ആസ് ബോയ്സ് സെക്കൻഡറി സ്കൂൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഇതോടൊപ്പം രാജ്യത്തെ വിവിധ സ്കൂളുകളിൽ പരീക്ഷകൾ സുഗമമായാണ് പുരോഗമിക്കുന്നത്.
മൂല്യനിർണ്ണയ കാര്യങ്ങൾക്കായുള്ള അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഖാലിദ് അൽ ഹർഖാനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സ്കൂളിലെ പരീക്ഷാ കമ്മിറ്റികളുടെ സജ്ജീകരണങ്ങളും പരീക്ഷാ നടത്തിപ്പും നിരീക്ഷിച്ച അദ്ദേഹം, ക്ലാസ് മുറികൾ സന്ദർശിച്ച് പരീക്ഷാ ചോദ്യങ്ങളെക്കുറിച്ചുള്ള വിദ്യാർത്ഥികളുടെ അഭിപ്രായങ്ങളും ചോദിച്ചറിഞ്ഞു. പരീക്ഷാ നടത്തിപ്പിലെ ഉയർന്ന അച്ചടക്കത്തെയും മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചതിനെയും അദ്ദേഹം പ്രശംസിച്ചു.
വിദ്യാർത്ഥികൾക്ക് യാതൊരുവിധ മാനസിക സമ്മർദ്ദവുമില്ലാതെ, പോസിറ്റീവായ അന്തരീക്ഷത്തിൽ പരീക്ഷ എഴുതാൻ ആവശ്യമായ അനുകൂല സാഹചര്യമൊരുക്കേണ്ടത് പ്രധാനമാണെന്ന് ഡോ. അൽ നുഐമി ഓർമ്മിപ്പിച്ചു. പരീക്ഷകൾ കാര്യക്ഷമമായി നടത്തുന്നതിനായി സ്കൂൾ അധികൃതരും അധ്യാപകരും നടത്തുന്ന മികച്ച ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
ജൂൺ 21 വരെയാണ് രണ്ടാം സെമസ്റ്റർ പരീക്ഷകൾ നടക്കുക. പരീക്ഷാ കാലയളവിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ പിന്തുണയും സൗകര്യങ്ങളും ഉറപ്പാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകളെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ ഇടപെടലുകളുടെ ഭാഗമായാണ് ഈ ഫീൽഡ് സന്ദർശനം നടത്തിയത്.










