
പരിഹരിച്ചത് രണ്ട് പതിറ്റാണ്ടിലേറെ നീണ്ട തടസം; റോഡ് നിർമ്മാണം ഉടൻ ആരംഭിക്കും:പി.രാജീവ്
സീപോർട്ട്- എയർപോർട്ട് റോഡിൻ്റെ രണ്ടാം ഘട്ട നിർമ്മാണത്തിനായി എച്ച് എം.ടി യുടേയും എൻ.എ.ഡിയുടേയും ഭൂമി പദ്ധതി നിർവ്വഹണ ഏജൻസിയായ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷന് കൈമാറി. റോഡ് നിർമ്മാണം രണ്ട് പതിറ്റാണ്ടിലേറെ തടസപ്പെടുന്നതിന് കാരണമായ ഭൂമി പ്രശ്നം ഇതോടെ പൂർണ്ണമായി പരിഹരിക്കപ്പെട്ടതായി വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ഈ ഭാഗത്തെ റോഡ് നിർമ്മാണം ഉടനെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ നടത്തിയ നിരന്തരമായ ഇടപെടലിൻ്റെ ഫലമായാണ് റോഡ് നിർമ്മാണം പൂർത്തിയാക്കാൻ വഴിയൊരുങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.
സീപോർട്ട്- എയർപോർട്ട് റോഡ് നിർമ്മാണത്തിലെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്ന എച്ച്.എം.ടി മുതൽ എൻ.എ.ഡി വരെയുള്ള ഭാഗത്തിനാണ് എച്ച്.എം.ടി ഭൂമി ആവശ്യമായി വന്നത്. തൃക്കാക്കര നോർത്ത് വില്ലേജിലെ ബ്ലോക്ക് 5 ൽ ഉൾപ്പെട്ട 1.4015 ഹെക്ടർ ഭൂമിയാണ് കൈമാറിയത്. ഭൂമിക്കുള്ള വില സുപ്രീം കോടതി നിർദ്ദേശപ്രകാരം ബാങ്കിൽ നിക്ഷേപിച്ചിരുന്നു. ഭൂമി ഏറ്റെടുക്കലിനായി അനുവദിച്ച 37,90,90662 രൂപയാണ് ഇപ്രകാരം കൈമാറിയത്. ദേശസാൽകൃത ബാങ്കിൽ തുക കെട്ടിവെക്കുന്നതിനുള്ള സംസ്ഥാന സർക്കാരിൻ്റെ അപേക്ഷ സുപ്രീം കോടതി നേരത്തെ അനുവദിച്ചിരുന്നു.
സീപോർട്ട്- എയർപോർട്ട് റോഡ് വികസനത്തിനായി എൻ.എ.ഡി.യിൽ നിന്ന് വിട്ടു കിട്ടേണ്ട 2 .4967 ഹെക്ടർ ഭൂമിയും കൈമാറി. ഭൂമി വിലയുൾപ്പെടെ 32. 26 കോടി രൂപ സംസ്ഥാന സർക്കാർ നേരത്തെ അനുവദിച്ചിരുന്നു. സ്ഥല വിലയായി കേന്ദ്ര പ്രതിരോധ മന്ത്രാലയം കണക്കാക്കിയ 23.11 കോടി രൂപയും എൻ.എ.ഡി തൊരപ്പ് റോഡ് വീതി കൂട്ടി നിർമ്മിക്കുന്നതിന് 8.16 കോടി രൂപയും ചുറ്റുമതിൽ നിർമ്മാണത്തിന് 99. 43 ലക്ഷം രൂപയും ഉൾപ്പെടെയാണ് ധനകാര്യ വകുപ്പ് അനുവദിച്ചിരുന്നത്.
എച്ച്. എം.ടി - എൻ. എ.ഡി ഭാഗത്തെ റോഡ് നിർമ്മാണത്തിനായി 17.31 കോടി രൂപയുടെ ഭരണാനുമതി നൽകി കഴിഞ്ഞ മാസം സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഭാഗത്തിൻ്റെ ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണ്. എച്ച് എം.ടി ഭാഗത്ത് 45 മീറ്റർ വീതിയിൽ 600 മീറ്റർ നീളത്തിലാണ് റോഡ് നിർമ്മിക്കുക. എൻ.എ.ഡിയുടെ ഭാഗത്തെ സ്കെച്ച് നേരത്തെ തയ്യാറാക്കിയതിനാൽ തുടർ നടപടികൾക്ക് കാലതാമസമുണ്ടാവില്ല. ഇതോടൊപ്പം വീതി കൂട്ടി നിർമ്മിക്കുന്ന എൻ.എ.ഡി തൊരപ്പ് റോഡിൻ്റെ ടെണ്ടറും ഉടനുണ്ടാകും.
എൻ.എ.ഡി-മഹിളാലയം ഭാഗത്തിൻ്റെ ടെണ്ടർ ഡിസംബറിൽ പുറപ്പെടുവിക്കും. 6.5 കി.മീറ്റർ ദൈർഘ്യമുള്ള ഈ ഭാഗത്തിൻ്റെ ഭൂമി ഏറ്റെടുക്കൽ പൂർത്തീകരണത്തിലേക്ക് എത്തുകയാണ്. ഈ ഭാഗത്തെ ഭൂമി ഏറ്റെടുക്കുന്നതിന് 569.34 കോടി രൂപ കിഫ്ബി നേരത്തെ അനുവദിച്ചിരുന്നു. 529 കൈവശവസ്തുക്കളിൽ 210 അവാർഡുകൾ പാസാക്കി. ഏറ്റെടുത്ത ഭൂമിയിലെ 90 ശതമാനം അവാർഡുകളും ഡിസംബറിൽ പൂർത്തിയാക്കും. ഇതിനുശേഷം ടെണ്ടറിലേക്ക് കടക്കും.
ഇരുമ്പനം മുതൽ നെടുമ്പാശ്ശേരി വരെ 25.7 കിലോമീറ്റർ ദൈർഘ്യമുള്ള സീപോർട്ട്-എയർപോർട്ട് റോഡ് പദ്ധതി, കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതും കൊച്ചി വിമാനത്താവളത്തിലേക്ക് എളുപ്പത്തിൽ എത്താൻ സൗകര്യമൊരുക്കുന്നതുമായ പാതയാണ്.
Photo Courtesy - Google









