
ദുബായ്: സൗദി അറേബ്യയ്ക്കു നേരെ ഹൂതികളുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമായതോടെ രാജ്യത്ത് സുരക്ഷാ നടപടികൾ കടുപ്പിച്ചു. നജ്റാനിൽ ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് ആറുപേർക്ക് പരുക്കേറ്റു. മൂന്ന് വീടുകൾക്കും മൂന്ന് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. റിയാദിലെ പ്രമുഖ കെട്ടിടമായ കിങ്ഡം സെന്ററും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അടച്ചു.
99 നിലകളുള്ള കിങ്ഡം സെന്റർ റിയാദിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. സൗദി തലസ്ഥാനത്തെ ലക്ഷ്യമിട്ട് എത്തിയ രണ്ട് ഡ്രോണുകൾ കഴിഞ്ഞ ദിവസം സഖ്യസേന വെടിവച്ചിട്ടിരുന്നു. ആക്രമണഭീഷണി നിലനിൽക്കുന്നതിനാൽ റിയാദിലെയും സമീപപ്രദേശങ്ങളിലെയും സ്കൂളുകളിൽ രണ്ടാഴ്ചയായി ഓൺലൈൻ ക്ലാസുകളാണ് നടത്തുന്നത്. കിങ് ഖാലിദ് വിമാനത്താവളവും അടച്ചിട്ടിരിക്കുകയാണ്.
സൈനിക ഹെലികോപ്റ്റർ തകർന്നു; രണ്ടുപേർ മരിച്ചു
നജ്റാൻ മേഖലയിൽ സൗദി സൈന്യത്തിന്റെ എഎച്ച്-6ഐ ഹെലികോപ്റ്റർ തകർന്നുവീണ് രണ്ടുപേർ മരിച്ചു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് സൗദി സൈന്യത്തിന്റെ വിശദീകരണം. ഹെലികോപ്റ്റർ വെടിവച്ചിട്ടതാണെന്ന ഹൂതികളുടെ വാദം സൗദി അധികൃതർ നിഷേധിച്ചു.
സൗദിയിലെ ഇന്ത്യക്കാർക്ക് എംബസിയുടെ മുന്നറിയിപ്പ്
സൗദി അറേബ്യയിലുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക സുരക്ഷാ നിർദേശങ്ങൾ പിന്തുടരണമെന്നും റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. അടിയന്തര യാത്ര ആവശ്യമുള്ളവർ ബഹ്റൈൻ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിലേക്ക് വിമാനമാർഗം എത്തി അവിടെനിന്ന് റോഡ് വഴി സൗദിയിലേക്ക് പോകുന്ന സാധ്യത പരിഗണിക്കണമെന്നും നിർദേശമുണ്ട്.
സംഘർഷം വിമാനഗതാഗതത്തെയും ബാധിച്ചു. ആകാശ എയർ റിയാദ്, ജിദ്ദ നഗരങ്ങളിലേക്കുള്ള സർവീസുകൾ ഈ മാസം 27 വരെ റദ്ദാക്കി. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകുമെന്ന് കമ്പനി അറിയിച്ചു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നിവയും ഈ മാസം 24 വരെയുള്ള സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
സൗദിക്ക് സഹായം വാഗ്ദാനം ചെയ്ത് ഈജിപ്ത്
ഹൂതികളുടെ ആക്രമണങ്ങളെ നേരിടാൻ സൗദി അറേബ്യയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് ഈജിപ്ത് പ്രഖ്യാപിച്ചു. മേഖലയിൽ വർധിച്ചുവരുന്ന സംഘർഷം വിലയിരുത്താൻ ഈജിപ്ത് പാർലമെന്റ് പ്രത്യേക യോഗം ചേർന്നു.
അതിനിടെ, യെമനിലെ സാദാ പ്രവിശ്യയിൽ സൗദി നടത്തിയ ബോംബാക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടതായി ഹൂതികൾ അവകാശപ്പെട്ടു. മരണസംഖ്യ സംബന്ധിച്ച ഈ അവകാശവാദം സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.











