
കൊച്ചി : പരമ്പരാഗത കലയുടെ ചാരുത നിലനിർത്തി, ആധുനിക ശൈലിയെ സമന്വയിപ്പിച്ച് പ്രകൃതിദത്ത മാധ്യമങ്ങളിൽ വരയുടെ വിസ്മയങ്ങളൊരുക്കിയ ശ്രീജ കളപ്പുരയ്ക്കൽ ചിരട്ടകളിൽ രചിച്ച ചിത്രങ്ങളുടെ പ്രദർശനം - 'ശരറാന്തൽ'ഏപ്രിൽ 9 മുതൽ 13 വരെ ഫോർട്ട് കൊച്ചി ഡേവിഡ് ഹാൾ ആർട്ട് കഫേയിൽ നടക്കും.
അതി സൂക്ഷ്മവും സങ്കീർണവുമായി ചിരട്ടകളുടെ ഉൾവശത്തായി വരച്ച ശ്രീജയുടെ പുതിയ പെയിന്റിങ്ങുകൾ 'ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ' എന്ന ആശയത്തിലുള്ളവയാണ്. 1960 നും 1990നും ഇടയിലുള്ള നല്ല ഓർമ്മകളും ദൃശ്യങ്ങളുമാണ് ചിത്രങ്ങളായി പുനഃസൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇതിനു പുറമെ, ചിരട്ടകൾ പൊട്ടിച്ചും പൊടിച്ചും പശയും പെയിന്റും ചേർത്ത്, അഞ്ചടി ഉയരത്തിലുള്ള കാൻവാസിലൊരുക്കിയ മറ്റൊരു വിസ്മയം കൂടി പ്രദർശനത്തിലുണ്ടാകും .
എ റെ ഓഫ് നൊസ്റ്റാൾജിയ - ശരറാന്തൽ എക്സിബിഷൻ പ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി സുരേഷ് 9 ന് വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യും. സംവിധായകൻ അമ്പിളി, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ സീമ സുരേഷ്, പ്രശസ്ത സൈക്കോളജിസ്റ്റ് ഡോ ഗീത ജേക്കബ് എന്നിവർ മുഖ്യാതിഥികളായി
പങ്കെടുക്കും. 4.30 ന് അശ്വമേധ സ്കൂൾ ഓഫ് ആർട്സ് മേധാവി മീര ശശികുമാറും ഉഷ പി ബിയുടെയും നേതൃത്വത്തിലുള്ള തിരുവാതിരയും അഞ്ചിന് മീര ശശികുമാറും ശിൽപയും അവതരിപ്പിക്കുന്ന സെമി ക്ലാസ്സിൿൽ ഡാൻസും അരങ്ങേറും.
രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ സഞ്ചരിച്ച് ശേഖരിച്ച കല്ലുകൾ, ചിപ്പികൾ, തൂവലുകൾ തുടങ്ങി നിരവധി മാധ്യമങ്ങളിൽ ചിത്രങ്ങൾ ഒരുക്കി അന്താരാഷ്ട്ര പ്രശസ്തി നേടിയ കലാകാരിയാണ് അധ്യാപികയായിരുന്ന ശ്രീജ. ലിംക ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്സ് എ സിയ ബുക്ക് ഓഫ് റെക്കോർഡ്സ് ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
രാവിലെ 10.30 മുതൽ രാത്രി 8 വരെയാണ് പ്രദർശനം








