07:16pm 21 April 2026
NEWS
സാനുമാഷ്: കണ്ണീരുപ്പുചേർന്ന ഓർമ്മകളുടെ 'സന്ധ്യ'യിൽ മക്കൾ
30/08/2025  05:15 AM IST
മൈക്കിൾ വർഗീസ് ചെങ്ങാടക്കരി
സാനുമാഷ്: കണ്ണീരുപ്പുചേർന്ന ഓർമ്മകളുടെ സന്ധ്യയിൽ മക്കൾ

മലയാള നിരൂപണത്തിലെ സാഗരം പിൻവാങ്ങിയപ്പോൾ 'സന്ധ്യ'യിപ്പോൾ ഇരുണ്ടു തുടങ്ങി. പ്രൊഫ. എം.കെ. സാനുവെന്ന മലയാളികളുടെ സാനുമാഷ് വിടവാങ്ങിയ വീട്ടിലേക്ക് ആളുകൾ വരുന്നത് അവസാനിച്ചിട്ടില്ല. മാഷില്ലാതായ വീട്ടിൽ അനുശോചനമറിയിച്ച് ഇപ്പോഴും ആളുകളെത്തുന്നുണ്ട്. സാനു മാഷിന് ആദരാഞ്ജലികൾ അർപ്പിച്ച് അദ്ദേഹത്തിന്റെ ചിത്രത്തോടെയുള്ള ബോർഡ് റോഡിൽ പോസ്റ്റിനു മുകളിലുണ്ട്. 
'സന്ധ്യ'യിൽ കയറുമ്പോൾ തന്നെയുള്ള മുറിയിൽ ശ്രീനാരായണ ഗുരുവിന്റെ ശിരസ്സുള്ള പ്രതിമ. തൊട്ടടുത്ത് കസേരയിൽ മാല ചാർത്തി സാനുമാഷുടെ ചിത്രം. 

സാനുമാഷുടെ അഞ്ച് മക്കളിൽ മൂത്തയാൾ സന്ധ്യയിലെ മുകൾ നിലയിലാണ് താമസിക്കുന്നത്. മറ്റുള്ളവരെല്ലാം എറണാകുളത്തിന്റെ പല ഭാഗങ്ങളിലായുണ്ട്.  മാഷിന്റെ മരണത്തോടെ അച്ഛന്റെ ഓർമകളാണ് ഇനിയവർക്ക് സ്വന്തം. പ്രൊഫ. എം കെ സാനുവിന്റെ മക്കൾ രഞ്ജിത്, രേഖ, ഗീത, സീത, ഹാരിസ് 'കേരളശബ്ദ'വുമായി സംസാരിക്കുന്നു. 

അച്ഛന്റെ കൈപ്പടയിൽ റിട്ടയർമെന്റ് മെമന്റോ

കൊച്ചിൻ പോർട്ടിൽ നിന്നും റിട്ടയർ ചെയ്ത രഞ്ജിത്താണ് സാനുമാഷുടെ മൂത്തമകൻ. അവിടെ നിന്നും റിട്ടയർ ചെയ്യുമ്പോൾ സുഹൃത്തുക്കൾ ഒരുക്കിയ യാത്രയയപ്പിൽ രഞ്ജിത്തിന് നൽകിയ മെമന്റോ പ്രൊഫ. എം.കെ. സാനുവിന്റെ കൈപ്പടയിലുള്ള കുറിപ്പായിരുന്നു. ബ്രാസിൽ തീർത്ത പേനയുടെ നീണ്ട നിബ്ബുപോലുള്ള മെമന്റോയിൽ സാനു മാഷെഴുതിയ കുറിപ്പ് തുടങ്ങുന്നത് 'കുഞ്ഞേ' എന്ന അഭിസംബോധനയിലാണ്. 
'കുഞ്ഞേ, നീ നടക്കേണ്ട കാലമായിരിക്കുന്നു. ചുവടുകൾ വയ്ക്കാൻ നിന്നെ ശീലിപ്പിക്കാനുള്ള ചുമതല എന്റേതാണ്. ആ ചുമതല നിർവഹിക്കാൻ എനിക്ക് എന്തു സന്തോഷമാണെന്നോ? എന്നാൽ ഈ പാതയിലൂടെ എങ്ങനെ നടക്കണമെന്നും, എങ്ങോട്ടു നടക്കണമെന്നും നിന്നെ പഠിപ്പിക്കാൻ എനിക്ക് കഴിവില്ലല്ലോ. ഞാൻ തന്നെയും അത് പഠിക്കേണ്ടതായിട്ടാണല്ലോ ഇരിക്കുന്നത്!
തലമുറകൾ ഈ പാതയിലൂടെ കടന്നുപോയിട്ടുണ്ട്. എങ്കിലും, ഓരോ തലമുറയും മറ്റൊരു തലമുറയിൽ നിന്ന് വ്യത്യസ്തമായ രീതിയിലാണ് കടന്നു പോയിട്ടുള്ളത്. നിന്റെ രീതിയും എന്റേതിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് എനിക്കറിയാം. ആ അറിവ് എന്നെ ദുഃഖിപ്പിക്കുന്നില്ല. നിനക്ക് ഞാൻ ഭാവുകങ്ങൾ നേരുന്നു. എങ്കിലും, നാം മനുഷ്യവർഗ്ഗത്തിലെ അംഗങ്ങളാണെന്ന കാര്യം നീ ഒരിക്കലും മറക്കാതിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.'
രഞ്ജിത്തിനുവേണ്ടി മാത്രമല്ല സമൂഹത്തിന് വേണ്ടിയുള്ളതാണ് സാനുമാഷുടെ ആ കുറിപ്പ്. 

സാനുമാഷെക്കുറിച്ച് പുസ്തകമെഴുതിയ അരവിന്ദാക്ഷൻ ചില ചിത്രങ്ങളും പഴയ കുറിപ്പുകളും പരതുന്നതിനിടയിൽ ലഭിച്ച കുറിപ്പാണ് കുഞ്ഞേ എന്നാരംഭിക്കുന്നത്. അദ്ദേഹം ആ കുറിപ്പ് തന്റെ പുസ്തകത്തിൽ ചേർത്തിരുന്നു. ആ കുറിപ്പാണ് സാനുമാഷുടെ കൈപ്പടയിൽ രഞ്ജിത്തിന് സഹപ്രവർത്തകർ സമ്മാനിച്ചത്! ലോകത്ത് ഒരു മകനും കിട്ടിയിട്ടുണ്ടാവില്ല ഇത്തരമൊരു സമ്മാനം!!
കടലും കണക്കും പേടിയുള്ള മകനായിരുന്നു രഞ്ജിത്ത്. തുമ്പോളിയിൽ കടലിന് സമീപം ജനിച്ചു വളർന്നതാണെങ്കിലും ബാല്യത്തിൽ അദ്ദേഹത്തിന് കടല് പേടിയായിരുന്നു. മകന്റെ കടൽ പേടിയെ മാറ്റിക്കൊടുത്തത് അച്ഛനായിരുന്നു. പേടിക്കേണ്ട, മനുഷ്യന് പ്രയോജനങ്ങളാണ് സമുദ്രം നൽകുന്നതെന്ന് അദ്ദേഹം മകനെ പഠിപ്പിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോയി മീൻപിടിക്കുന്നതു കൊണ്ടാണ് അവർക്ക് ജീവിക്കാൻ പണം ലഭിക്കുന്നതെന്നും നമ്മൾക്ക് ഭക്ഷണമായി മീൻകിട്ടുന്നതെന്നും സാനുമാഷ് പഠിപ്പിച്ചു കൊടുത്തു. കടലിലൂടെ പോകുന്ന കപ്പലുകളിലാണ് ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്ക് ചരക്കുകളെത്തിക്കുന്നതെന്ന് പറഞ്ഞു കൊടുത്തു. രഞ്ജിത്ത് മുതിർന്നപ്പോൾ ആദ്യം ജോലി ചെയ്ത് മർച്ചന്റ് നേവിയിലായിരുന്നു. കടലിന്റെ സ്‌നേഹമറിഞ്ഞുള്ള തൊഴിൽ!

കണക്കു പേടിയുള്ള രഞ്ജിത്തിന് ആ പേടിയും അച്ഛൻ മാറ്റിക്കൊടുത്തു. ശതമാനക്കണക്ക് ഒന്നും മനസ്സിലാകാതിരുന്ന രഞ്ജിത്തിന് അച്ഛൻ അധ്യാപകനായി. ബി എസ് സി സുവോളജിയും എം.എ മലയാളവും പഠിച്ച സാനുമാഷ് ജന്മംകൊണ്ടു തന്നെ അധ്യാപകനായിരുന്നു. പിന്നീട് രഞ്ജിത്ത് എൻജിനീയറിംഗ് നേടി. 

അച്ഛൻ ഭയപ്പാട് മാറ്റിക്കൊടുത്ത രണ്ട് കാര്യങ്ങളിലാണ് പിന്നീട് രഞ്ജിത്ത് ജീവിതം കരുപ്പിടിപ്പിച്ചത്. മർച്ചന്റ് നേവിയിൽ ചീഫ് മെക്കാനിക്കൽ എൻജിനീയറായിരുന്നു രഞ്ജിത്ത്. പിന്നീട് കൊച്ചിൻ പോർട്ടിൽ തൊഴിലിനെത്തിയപ്പോൾ, അതും കടലുമായി ബന്ധപ്പെട്ട മേഖലയായിരുന്നു. 
എല്ലാ സമയത്തും തിരക്കും പൊതുപ്രവർത്തന രംഗത്തുമായിരുന്നെങ്കിലും അച്ഛൻ തങ്ങളുടെ ചെറിയ കാര്യങ്ങൾ പോലും അന്വേഷിച്ചിരുന്നതായി രഞ്ജിത്ത് ഓർക്കുന്നു. ചെറുപ്പത്തിൽ അച്ഛനും അമ്മയുമൊക്കെയായി തിരുവനന്തപുരത്തും കന്യാകുമാരിയിലുമൊക്കെ പോയ ഓർമ രഞ്ജിത്തിനുണ്ട്. ശബരിഗിരി പ്രൊജക്ട് ആരംഭിച്ച ഘട്ടത്തിൽ അച്ഛൻ പ്രസംഗിക്കാൻ പോയപ്പോൾ കൂടെ പോയതും അന്ന് താമസിച്ചതും മലകയറിയതുമെല്ലാം ഇപ്പോഴും ജീവിക്കുന്ന ഓർമകളായി രഞ്ജിത് സൂക്ഷിക്കുന്നു. എം.കെ സാനു ഫൗണ്ടേഷന്റെ യോഗങ്ങൾക്കും മറ്റും അച്ഛനോടൊപ്പം താൻ പോകാറുള്ളതും യാത്രയിൽ പല കാര്യങ്ങളും സംസാരിക്കാറുള്ളതും രഞ്ജിത്ത് സ്‌നേഹം ചേർത്തു പറയുന്നു. 
തന്റെ മക്കളുടേയും മക്കളുടെ മക്കളുടേയും പോലും കാര്യങ്ങളിൽ അദ്ദേഹം ശ്രദ്ധവെച്ചിരുന്നു. തന്റെ പൗത്രൻ പത്തുവയസ്സുകാരനായ മാനവ് നല്ല വായനക്കാ രനായതിനാൽ അവന്റെ താത്പര്യം അറിഞ്ഞുവെച്ച് പുസ്തകങ്ങൾ സമ്മാനം നൽകുമായിരുന്നു അച്ഛനെന്ന് രഞ്ജിത് ഓർക്കുന്നു. മകന്റെ കുടുംബം അവധിക്ക് വരുന്ന വിവരമറിഞ്ഞാൽ അവർ പുല്ലേപ്പടി എത്തുമ്പോൾ തന്നെ വിവരം അറിയിക്കാൻ സാനുമാഷ് പറയുമായിരുന്നു. 

ഒരിക്കൽ മകന് പുസ്തകം സമ്മാനിച്ചപ്പോൾ അവൻ സന്ധ്യയുടെ അരമതിലിലിരുന്ന് അപ്പോൾ തന്നെ വായന തുടങ്ങിയത് സാനുമാഷ് കൗതുകത്തോടെ നോക്കിയിരുന്നതും രഞ്ജിത്ത് ഓർത്തുവെക്കുന്നുണ്ട്. മൂന്നോ നാലോ പേജുകൾ വായിച്ചു കഴിഞ്ഞപ്പോൾ അവനോട് ബാക്കി കുളിച്ച് വസ്ത്രമൊക്കെ മാറിയതിന് ശേഷം മതിയെന്ന് സ്‌നേഹത്തോടെ ഉപദേശിക്കുകയും ചെയ്തു. 
മാനവ് ഒരിക്കൽ കളിത്തോക്ക് വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതോർത്തുവെച്ച് അവൻ വരുന്നതിന് മുമ്പ് പ്രസ്‌ക്ലബ് റോഡിൽ സിഐസിസി ജയചന്ദ്രനെ വിളിച്ച് തോക്ക് വാങ്ങാനുള്ള കടകണ്ടെത്തുകയും അവിടേക്കു പോയി വാങ്ങിവെക്കുകയും ചെയ്തു സാനു മാഷ്. 
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിന് തൊട്ടുമുമ്പാണ് മക്കളൊക്കെ വന്നാൽ നമുക്ക് ശ്രീകൃഷ്ണ ഇന്നിൽ പോയി ദോശ തിന്നണമെന്ന് മാഷ് പറഞ്ഞത്. രഞ്ജിത്തിന്റെ മകൻ ബോംബെയിൽ നിന്നും ആശുപത്രിയിൽ കാണാനെ ത്തിയപ്പോൾ ചികിത്സ കഴിഞ്ഞിറങ്ങിയാൽ ശ്രീകൃഷ്ണ ഇന്നിൽ പോയി ദോശ കഴിക്കുന്ന കാര്യം അവിടെ വെച്ചും പറഞ്ഞു. 
തന്റെ കൂട്ടുകാർക്ക് തന്നേക്കാൾ അച്ഛനോടായിരുന്നു ഇഷ്ടം കൂടുതലെന്നും രഞ്ജിത്ത് പറയുന്നു. തന്റെ രണ്ടു മക്കളുടെ വിവാഹത്തിന് ക്ഷണിച്ചിട്ടും വരാൻ പറ്റാതിരുന്ന ചിലർ മൂന്നാമത്തെ കല്ല്യാണത്തിന് വന്നത് അച്ഛനെ കൂടി കാണാൻ വേണ്ടിയായി രുന്നുവെന്നും രഞ്ജിത് ഓർത്തു പറയുന്നു. 

തന്റെ മകന്റെ കൂട്ടുകാരോടു പോലും വലിയ സൗഹൃദമാണ് അച്ഛൻ പുലർത്തിയിരുന്നത്. പല രൂപത്തിലും വേഷത്തിലുമൊക്കെയായി മകന്റെ കൂട്ടുകാരെത്തുമ്പോഴും അവർ തങ്ങളുടെ 'അടിപൊളി' ബൈക്കുകൾ മുത്തച്ഛനെ കാണിക്കുമ്പോഴുമൊക്കെ തന്നേക്കാൾ അവരൊക്കെ തന്റെ അച്ഛനോടും അച്ഛൻ അവരോടും തലമുറ വ്യത്യാസമില്ലാതെയാണ് പെരുമാറിയതെന്നും അദ്ദേഹം പറയുന്നു. തന്റെ മകന്റെ ഒരു കൂട്ടുകാരന്റെ ബൈക്ക് കണ്ടപ്പോൾ അതിന്റെ നിറമൊക്കെ കൊള്ളാം മൊബൈൽ ഘടിപ്പിക്കാനുള്ള സൗകര്യം കൂടി ഉണ്ടാക്കണമെന്നാണ് സാനുമാഷ് പറഞ്ഞത്. 
പഴയ വിദ്യാർഥികളിൽ പലരേയും പേരെടുത്ത് വിളിക്കാൻ പോലും സാനു മാഷിന് കഴിഞ്ഞിരുന്നു. മമ്മൂട്ടി ഉൾപ്പെടെയുള്ള വലിയ ശിഷ്യവൃന്ദമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.  ഓർമയിൽ നിന്നൊരു കാര്യം കൂടി എടുത്തു പറഞ്ഞ് രഞ്ജിത്ത് അവസാനിപ്പിച്ചു. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയായിരുന്നു. 

വർഷങ്ങൾക്കു മുമ്പൊരു മഴക്കാലം. താനും അച്ഛനും കൂടി നടന്നു പോവുകയായിരുന്നു. സ്‌കൂൾ കുട്ടികളുമായി ഒരു റിക്ഷ തങ്ങളേയും കടന്നുപോയി. അതിന്റെ പിന്നിൽ നിന്നും മഴ കൊള്ളാതിരിക്കാൻ താഴ്ത്തിയിട്ട കർട്ടനുയർത്തി അകത്തി രിക്കുകയായിരുന്ന കൊച്ചുകുട്ടികൾ ഉറക്കെ വിളിച്ചു ജാനു മാഷ്, ജാനു മാഷ്.... സാനു മാഷ് അവരെ ഓരോരുത്തരേയും തിരിച്ചും പേരു പറഞ്ഞു വിളിച്ചു. കുട്ടികളും മാഷുമായി അത്രയും നല്ല ബന്ധമുണ്ടായിരുന്നു. തനിക്ക് ആ കുട്ടികളെയൊന്നും അറിയുമായിരുന്നില്ലെന്നും പറഞ്ഞ് രഞ്ജിത്ത് നിർത്തി. 

'രേഖേ അച്ഛനെന്നാൽ ഞാനാണ്, ഞാനെന്നാൽ അച്ഛനും'

അച്ഛനുമമ്മയും ഞങ്ങൾക്ക് എല്ലാമായിരുന്നുവെന്ന് പറയുന്നത് പ്രൊഫ. എം കെ. സാനുവിന്റെ മകൾ രേഖ. അമ്മ പണ്ട് തന്നോട് പറഞ്ഞത് ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ടെന്ന് അവർ പറയുന്നു. 'രേഖേ, അച്ഛനെന്നാൽ ഞാനാണ്, ഞാനെന്നാൽ അച്ഛനും. രണ്ടും വേറെയല്ല.' ഇത് കണ്ടിട്ടാണ് തങ്ങൾ വളർന്നതെന്നും ജീവിത മൂല്യങ്ങൾ പഠിച്ചതും മനസ്സിലാക്കിയതും വീട്ടിൽ നിന്നായിരുന്നുവെന്നും രേഖ പറയുന്നു. 
വലിയവരോടും താഴേക്കിടയിലുള്ളവരോടും ഒരേ രീതിയിലായിരുന്നു അച്ഛൻ പെരുമാറിയിരുന്നത്. എങ്ങനെയാണ് ഇത്തരത്തിൽ ഒരുപോലെ പെരുമാറാൻ സാധിക്കുന്നതെന്ന് താൻ അത്ഭുതപ്പെട്ടിട്ടുണ്ട്. എല്ലാ മനുഷ്യരും തുല്യമാണെന്ന് മനസ്സിലാക്കി തന്നത് അച്ഛന്റെ ഇത്തരം പെരുമാറ്റമായിരുന്നു. 

സ്‌നേഹമയിയായിരുന്നു അച്ഛൻ. അദ്ദേഹം തങ്ങളെ ഒരിക്കലും കുറ്റപ്പെടുത്തുകയോ ഉപദേശിക്കുകയോ ചെയ്തിരുന്നില്ല. ഉപദേശിക്കാതെ നേരായ രീതിയിൽ വളർത്തിയെടുക്കാൻ സാധിച്ചത് ജീവിതം മാതൃകയായി കാണിച്ചുകൊണ്ടാണ്. ഉപദേശത്തിന് പകരം കാര്യങ്ങൾ പറഞ്ഞു തന്നു. എന്തെങ്കിലും കാര്യങ്ങൾ ചെയ്യണമെന്നോ ചെയ്യരുതെന്നോ പറഞ്ഞില്ല. ചട്ടക്കൂട്ടിൽ വളർത്തിയില്ല. എപ്പോഴും സ്വാതന്ത്ര്യം തന്നു. താൻ അനുഭവിച്ച സ്വാതന്ത്ര്യം തന്നെയാണ് തന്റെ മക്കൾക്കും നൽകുന്നതെന്നും രേഖ പറയുന്നു. 
ധാരാളം പേരെത്തിയിരുന്ന വീടായിരുന്നു ഞങ്ങളുടേത്. സന്ധ്യ കഴിഞ്ഞ് വീട്ടിലെത്തിയിരുന്ന സ്ത്രീകളോട് ഇന്നിനി പോകേണ്ടെന്നും രാവിലെ പോയാൽ മതിയെന്നും പറഞ്ഞിരുന്നത് അമ്മയായിരുന്നു. ഉച്ചസമയത്ത് എത്തുന്നവരോട് ഭക്ഷണം കഴിക്കാനും നിർബന്ധിച്ചിരുന്നു. ഉള്ള ഭക്ഷണം പങ്കുവെച്ച് നൽകാൻ അമ്മ ശ്രദ്ധിച്ചിരുന്നു. 

കഴിഞ്ഞ അഞ്ച് വർഷമായി അസുഖബാധിതയായ അമ്മയേയും അച്ഛനേയും പരിചരിച്ചിരുന്നത് താനും സഹോദരി ഗീതയും ചേർന്നായിരുന്നു. അവസാന കാലത്ത് അമ്മയ്ക്ക് ഭാഷ പോലും നഷ്ടപ്പെട്ടിരുന്നു. എങ്കിലും അമ്മ സന്തോഷവതിയായിരുന്നുവെന്നാണ് മനസ്സിലായത്. അമ്മയുടെ മുഖം നോക്കിയാൽ ആവശ്യങ്ങൾ മനസ്സിലാക്കാൻ തങ്ങൾക്ക് സാധിച്ചിരുന്നു. ഞങ്ങളുടെ സാമീപ്യം അമ്മയേയും സന്തോഷിപ്പിച്ചു. 
അമ്മയുടെ മരണത്തിൽ ഞങ്ങൾ അച്ഛനെ ആശ്വസിപ്പിക്കാൻ പ്രയാസപ്പെട്ടിരുന്നു. അമ്മയുടെ മരണമുണ്ടായതിന് ശേഷം അച്ഛൻ പല ദിവസങ്ങളിലും രാത്രി മുറിയിൽ പൊട്ടിപ്പൊട്ടി കരയുന്നത് കേട്ടിട്ടുണ്ട്. ഞങ്ങൾക്കത് വാതിലിനിപ്പുറം നിന്ന് നിശ്ശബ്ദമായി കേട്ടുനിൽക്കാനെ സാധിച്ചിട്ടുള്ളു. അച്ഛനെ കരയാൻ വിടുകയായിരുന്നു.

അമ്മയുടെ മരണത്തിന് ശേഷം അച്ഛന് കൂടുതൽ കരുതൽ നൽകാൻ ശ്രമിച്ചിരുന്നു. അമ്മ ചെയ്യുന്നതുപോലെ പുറത്തേക്ക് പോകുമ്പോൾ വീടിന്റെ പടി വരെ വന്ന് യാത്രയയക്കാനും അച്ഛൻ തിരിച്ചെത്തുമ്പോൾ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടാൽ ഓടിച്ചെന്ന് കൈപിടിച്ച് അകത്തേക്ക് കയറാൻ സഹായിക്കുകയുമൊക്കെ ചെയ്തിരുന്നു. 

ഞങ്ങൾക്ക് എന്നും സാന്ത്വനവും ശക്തിയുമായിരുന്നു അച്ഛൻ. ശരിയായി ചെയ്യുന്നതെല്ലാം ധൈര്യത്തോടെ ചെയ്യാൻ സാധിക്കുമായിരുന്നു. ഇപ്പോൾ അതെല്ലാം ചോർന്നു പോയതുപോലെ തോന്നുന്നു. മൂത്ത മകളെന്ന നിലയിൽ അച്ഛനെനിക്ക് കൂടുതൽ സ്‌നേഹവും വാത്സല്യവും തന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. എല്ലാ മക്കൾക്കും അവരെ കൂടുതൽ സ്‌നേഹിച്ചതായി തോന്നിയിട്ടുണ്ടാകും. 
ചെറുതായിരുന്ന കാലത്ത് ഞങ്ങളുടെ ചെറിയ ആവശ്യങ്ങളെല്ലാം അച്ഛന്റെ ആവശ്യങ്ങളായി കണ്ട് അതെല്ലാം ചെയ്തു തന്നിരുന്നു. ഞങ്ങൾ പെൺകുട്ടികളെന്ന രീതിയിൽ അമ്മ കുറച്ച് സ്ട്രിക്ട് കാണിച്ചപ്പോഴെല്ലാം അച്ഛനാണ് വിലക്കിയത്. ഇപ്പോഴത്തെ സന്തോഷമല്ലേ അതെന്ന് പറഞ്ഞാണ് അദ്ദേഹം ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിത്തന്നത്. ഒരിക്കൽ പോലും വഴക്കു പറയാതെയും അടിക്കാതെയും ഞങ്ങളെ നേരായ മാർഗ്ഗത്തിലേക്ക് നയിക്കാൻ സാധിച്ചത് അച്ഛന്റെ നന്മയാണ്. അച്ഛന്റേയും അമ്മയുടേയും അവസാന കാലത്ത് അവരെ കൂടെ നിന്ന് പരിചരിക്കാൻ സാധിച്ചത് വലിയ സമാധാനമാണ് തരുന്നത്. 

അച്ഛനോട് അമ്മയ്ക്ക് ബഹുമാനവും ആരാധനയുമായിരുന്നു. ഒരിക്കൽ വീട്ടിലെത്തിയപ്പോൾ ഉച്ചക്ക് ഉറങ്ങുകയായിരുന്ന അച്ഛന്റെ കാലുകൾ തൊട്ട് വന്ദിക്കുന്നത് കണ്ടിട്ടുണ്ട്. അമ്മയും വളരെ മികച്ച കുടുംബത്തിൽ നിന്നാണ് വന്നതെന്നതു കൊണ്ടായിരിക്കാം അവർ ഇത്തരത്തിൽ പെരുമാറിയിരുന്നത്. തിരക്കുള്ള വീട്ടിൽ നിന്നായിരുന്നു അമ്മ അച്ഛന്റെ ഭാര്യയായി എത്തിയത്. അതുകൊണ്ടുതന്നെ അച്ഛന്റെ തിരക്കുകളിൽ അമ്മയ്ക്ക് യാതൊരു പരിഭവവും ഉണ്ടായിരുന്നില്ല. മാത്രമല്ല വീട്ടിൽ ആളുകൾ വരാത്ത ദിവസങ്ങളുണ്ടെങ്കിൽ ഇന്ന് ആരും വന്നില്ലല്ലോ എന്ന് അമ്മ സങ്കടപ്പെട്ടിരുന്നു. 

അമ്മയും അച്ഛനും പാവമായിരുന്നു. അച്ഛന്റെ എല്ലാ കാര്യങ്ങളും അമ്മ കൃത്യമായി നോക്കിയിരുന്നു. അമ്മ ഓർമ നശിച്ച കാലത്തും അച്ഛനെ കാണുമ്പോൾ തൊഴുകയും കിടന്നിടത്തു നിന്ന് എഴുന്നേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതു കാണുമ്പോൾ 'രത്‌നമ്മേ ഇരിക്ക്' എന്നാണ് അച്ഛൻ പറഞ്ഞിരുന്നത്. അമ്മയെ അച്ഛൻ എത്രമാത്രം സ്വാധീനിച്ചിരുന്നുവെന്നാണ് ഇത് കാണിക്കുന്നത്. 
അമ്മയുടെ മരണശേഷം 'രത്‌നമ്മ ഇങ്ങനെ ഉണ്ടാക്കിത്തരുമായിരുന്നു' എന്നൊക്കെ അച്ഛൻ പറയുമ്പോൾ ആ ഭക്ഷണം ഞങ്ങൾ ഉണ്ടാക്കിക്കൊടുത്തിരുന്നു. പക്ഷേ അമ്മ ഉണ്ടാക്കിയതു പോലെ ഞങ്ങൾക്ക് സാധിച്ചിട്ടു ണ്ടാവണമെന്നില്ല. 
സന്തോഷകരമായ കുട്ടിക്കാലമാണ് എന്നും ഞങ്ങൾക്ക് അച്ഛനും അമ്മയും തന്നിരുന്നത്. കുട്ടികൾ എപ്പോഴും സന്തോഷത്തോടെയുണ്ടാ വണമെന്നാണ് അച്ഛൻ ആഗ്രഹിച്ചിരുന്നത്. ഞങ്ങളാരും വെറുതെ ഇരിക്കരുതെന്നാണ് അച്ഛൻ ആഗ്രഹിച്ചത്.  അച്ഛന് വല്ലപ്പോഴും സമയം കിട്ടുമ്പോൾ ഞങ്ങൾ മക്കൾ അഞ്ചുപേരേയും സമീപത്ത് താമസിച്ചിരുന്ന ബന്ധുക്കളായ മൂന്ന് പെൺകുട്ടികളേയും കൂട്ടി ഏതെങ്കിലുമൊക്കെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കൊണ്ടുപോകും. ഇഷ്ടമുള്ള ഭക്ഷണം വാങ്ങിത്തന്നിരുന്നു. 1970-കളിലൊക്കെ ഹോട്ടലുകളും പുറത്തു പോയി ഭക്ഷണം കഴിക്കുന്നതും കുറവായിരുന്നു എന്നോർക്കണം. ഓരോ പുതിയ ഹോട്ടലിലും അദ്ദേഹം ഞങ്ങളെ കൊണ്ടുപോയിരുന്നു. 
ഒറ്റക്കിരിക്കുന്നതും ഒറ്റക്കിരുന്ന് എഴുതുന്നതും അച്ഛന് ഇഷ്ടമായിരുന്നില്ല. ചെറുപ്പത്തിൽ ഞങ്ങളും അയൽപക്കത്തെ കുട്ടികളുമൊക്കെ മുറ്റത്ത് കളിക്കുമ്പോൾ അവിടെ മേശയിട്ടാണ് അദ്ദേഹം എഴുതിയിരുന്നത്. അവസാന കാലത്ത് ഞങ്ങൾ അടുക്കളയിലായിരിക്കുമ്പോൾ അവിടെ വന്നിരിക്കുകയും ചെയ്യാറുണ്ട്. ‌

അവസാന സമയത്ത് അച്ഛനേയും അമ്മയേയും ചെറിയ കുട്ടികളെ പോലെയാണ് നോക്കിയത്. അച്ഛൻ ആശുപത്രിയിൽ കിടക്കുമ്പോൾ ഞാനുണ്ടാക്കിയ ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയും ചെറിയ ഉരുളകളാക്കി വായിൽ വെച്ചു കൊടുത്തതാണ് അദ്ദേഹം അവസാനമായി കഴിച്ചത്.  ഐ സി യുവിലായിരിക്കെ ഞാനും അനുജത്തിയും കാണാൻ പോയപ്പോൾ രേഖേ, രാജക്കുട്ടി (അനുജത്തി ഗീതയെ അങ്ങനെയായിരുന്നു വിളിച്ചിരുന്നത്) നമുക്ക് പോകാമെന്നാണ് പറഞ്ഞത്. ആ സമയത്ത് അച്ഛന്റെ കണ്ണുകളിൽ തിളക്കവും പ്രതീക്ഷയുമുണ്ടായിരുന്നു. നമുക്ക് പോകാം അച്ഛാ എന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ ഡോക്ടറോട് പറയാം അദ്ദേഹത്തെ വിളിക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. ഡോക്ടർ സർജറി ചെയ്യുകയാണെന്നും കുറച്ചു സമയമെടുക്കുമെന്നും സിസ്റ്റർ പറഞ്ഞപ്പോൾ സമയം വേണമല്ലേ, എന്നാൽ ഞാനിന്ന് പോയിട്ട് നാളെ വന്ന് ഡോക്ടറെ കണ്ടുകൊള്ളാമെന്നാണ് അദ്ദേഹം പറഞ്ഞത്. അന്ന് ഐ സി യുവിൽ നിന്നും ഞങ്ങൾ ഇറങ്ങിയത് ഡോക്ടറെ കണ്ടിട്ട് വരാമെന്ന് പറഞ്ഞിട്ടായിരുന്നു. 

പിറ്റേന്ന് ഡോക്ടറെ കണ്ട് അച്ഛനെ ഒന്നുകിൽ മുറിയിലേക്കോ അല്ലെങ്കിൽ വീട്ടിലേക്കോ കൊണ്ടുപോകട്ടെ എന്നു ചോദിക്കാമെന്ന് കരുതിയാണ് ഞാനും അനുജത്തിയും ആശുപത്രിയിൽ എത്തിയതെങ്കിലും അദ്ദേഹത്തിന്റെ സ്ഥിതി അൽപം മോശമായിരുന്നു. അതോടെ ഞങ്ങളുടെയും അച്ഛന്റേയും ആഗ്രഹം സാധിക്കാതെ പോയി. അച്ഛനിപ്പോൾ അമ്മയുടെ അടുത്തുണ്ടാവുമെന്നാണ് ഞങ്ങൾ വിചാരിക്കുന്നത്. കരുതലും സ്‌നേഹവുമായിരുന്നു ഞങ്ങൾക്ക് അച്ഛൻ. ചെറുമക്കൾക്ക് അപ്പൂപ്പനെ വലിയ കാര്യമായിരുന്നു. ചെറുമക്കളെ അപ്പൂപ്പനും ഭയങ്കര സ്‌നേഹത്തോടെയാണ് കണ്ടിരുന്നത്. 

അച്ഛന്റെ ഓർമകളിലാണ് ഞങ്ങളിപ്പോഴുള്ളത്

അച്ഛനെ കുറിച്ചുള്ള നല്ല ഓർമകളാണ് എല്ലാ സമയത്തുമുള്ളത്. അച്ഛനില്ലാതായപ്പോൾ ആ ഓർമകളിലാണ് ഞങ്ങളി പ്പോഴുള്ളതെന്ന് പ്രൊഫ. എം. കെ. സാനുവിന്റെ മൂന്നാമത്തെ മകൾ ഡോ. എം. എസ്. ഗീത പറഞ്ഞു. കളമശ്ശേരി സെന്റ് പോൾസ് കോളജിൽ നിന്നും ഹിന്ദി വിഭാഗത്തിൽ മേധാവിയായി വിരമിച്ചതാണ് ഡോ. എം.എസ് ഗീത.

ജീവിതത്തിൽ താങ്ങും തണലുമായിരുന്നു അച്ഛൻ ഞങ്ങൾക്ക്. 'സന്ധ്യ' ശൂന്യമായിപ്പോയി. ഇരുട്ടു വരുന്നുണ്ടോ എന്നു തോന്നിപ്പോവുകയാണ്. അവിടം ഇരുളാതെ നോക്കുകയെന്നതാണ് ഇനി ഞങ്ങൾക്ക് മുമ്പിലുള്ള ദൗത്യം. നല്ല പിതാവും വഴികാട്ടിയുമായിരുന്നു അച്ഛൻ. കുട്ടിക്കാലത്ത് കളിക്കൂട്ടുകാരനായിരുന്നു. സമയം കിട്ടുമ്പോഴെല്ലാം ഞങ്ങളോടൊപ്പം ചെസ്സും കാരംസുമെല്ലാം കളിച്ച ഓർമകളുണ്ട്. 
ഓർമകളിലെല്ലാം അച്ഛന് നല്ല തിരക്കുണ്ട്. രാവിലെ കോളജിലേക്ക് പോകുന്ന അച്ഛൻ ഉച്ചയ്ക്ക് ഊണുകഴിക്കാൻ കൃത്യസമയത്ത് തന്നെ എത്തിയിരുന്നു. എന്നാൽ വൈകിട്ട് അങ്ങനെയായിരുന്നില്ല. അദ്ദേഹം രാത്രി പല സമയങ്ങളിലാണ് വീട്ടിലെ ത്തിയിരുന്നത്. സാംസ്‌ക്കാരിക പരിപാടികളും പുസ്തക ശാലകളിലുമൊക്കെയായി തിരക്കായിരുന്നു. അച്ഛനോടൊപ്പം പുറത്തുപോയ കുട്ടിക്കാലമൊക്കെ ഓർമയിലുണ്ട്. അദ്ദേഹത്തിനും ഞങ്ങളെ കൊണ്ടുപോകാൻ ഇഷ്ടമായിരുന്നു. പക്ഷേ, എല്ലായ്‌പ്പോഴും അതിന് സാധിക്കു മായിരുന്നില്ല.

പഠിക്കാനും നല്ല മാർക്ക് വാങ്ങാനുമൊന്നും അച്ഛൻ ഒരിക്കലും നിർബന്ധം പിടിച്ചിരുന്നില്ല. അച്ഛന് ഞങ്ങളിലൊക്കെ നല്ല വിശ്വാസമുണ്ടായിരിക്കണം. അതുകൊണ്ടുതന്നെയാകണം ഞങ്ങളാരും പഠനത്തിൽ മോശമായിരുന്നില്ല.  സങ്കടം വരുമ്പോൾ ഞങ്ങളുടെ തണലായിരുന്നു അച്ഛൻ. ഞങ്ങൾ മക്കൾക്ക് മാത്രമല്ല ഒരുപാടു പേർക്ക് അച്ഛൻ തണലായിരുന്നു. ഞങ്ങളുടെ വീടിന്റെ വാതിൽ എപ്പോഴും തുറന്നിട്ടതു പോലെയായിരുന്നു. ആളുകൾ പലപ്പോഴും സങ്കടം പറയാൻ വരുന്നത് കണ്ടിട്ടുണ്ട്. 
ചേച്ചിയും ഞാനും അച്ഛന്റെ കൂടെതന്നെയുണ്ടായിരുന്നു. ചിലപ്പോഴൊക്കെ ആളുകൾ അച്ഛന്റെ ഭക്ഷണ മേശയോളം എത്താറുള്ളത് ഞങ്ങൾ ബുദ്ധിമുട്ടാണല്ലോ എന്നു ചിന്തിക്കുമെങ്കിലും അച്ഛൻ അതൊന്നും കാര്യമാക്കിയിരുന്നില്ല. അച്ഛന്റെ താത്പര്യത്തിന് ഞങ്ങളും പ്രാധാന്യം കൊടുത്തതുകൊണ്ട് അതേക്കുറിച്ച് പിന്നീട് ചിന്തിച്ചതുമില്ല. 

അസുഖ ബാധിതയാകു ന്നതുവരെ അമ്മയായിരുന്നു അച്ഛന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. എന്തെങ്കിലും വേണമെന്നോ അത് തരൂ എന്നോ അച്ഛന് ഒരിക്കൽ പോലും പറയേണ്ടി വന്നിട്ടില്ല. അമ്മ എല്ലാം കണ്ടറിഞ്ഞ് ചെയ്തിരുന്നു. അതുകൊണ്ടുതന്നെ വീട്ടിൽ എന്തൊക്കെ എവിടെയൊക്കെ ഉണ്ടെന്നു പോലും അച്ഛന് അറിയാമായിരുന്നില്ല. 

പക്ഷേ, അമ്മയ്ക്ക് ഓർമക്കുറവ് വരികയും സ്‌ട്രോക്ക് വന്ന് കിടപ്പിലായപ്പോഴും അച്ഛൻ അമ്മയെ പരിചരിക്കുന്നത് കണ്ടപ്പോഴാണ് അദ്ദേഹം എത്രമാത്രം അമ്മയേയും ഞങ്ങളെയുമെല്ലാം സ്‌നേഹിച്ചതെന്ന് മനസ്സിലായത്. അമ്മ അച്ഛനെ എങ്ങനെയാണോ ജീവിതകാലത്ത് പരിചരിച്ചത് അതുപോലെ അമ്മയുടെ അസുഖ കാലത്ത് അച്ഛൻ പരിചരിക്കുന്നത് കണ്ടിട്ടുണ്ട്. 

അച്ഛന് അധികസമയം ഇരിക്കാനൊന്നും സാധിക്കാ തിരുന്നിട്ടും ഭക്ഷണം കൊടുക്കുകയും ഗുളികയും മരുന്നുമൊക്കെ എടുത്തു കൊടുക്കുകയുമൊക്കെ കൊടുക്കുന്നത് കണ്ട് അത്ഭുതം തോന്നിയിട്ടുണ്ട്. അച്ഛൻ എത്ര പെട്ടെന്നാണ് എല്ലാ കാര്യങ്ങളും ഏറ്റെടുത്തത്. ഇപ്പോൾ ഓർക്കുമ്പോൾ സങ്കടം വരുന്നു.  അമ്മ കിടപ്പിലായപ്പോൾ രക്തം പരിശോധിക്കാൻ ലാബിൽ നിന്നും ആളുകൾ വന്ന് കുത്തിയെടുത്തപ്പോൾ വേദനിച്ചതുകൊണ്ടാകണം അമ്മ ചെറുതായൊന്ന് ഞരങ്ങിയപ്പോൾ അച്ഛൻ കരയുകയുണ്ടായി. വെറുതെ വേദനിപ്പിച്ചല്ലോ എന്നായിരുന്നു അച്ഛൻ സങ്കടപ്പെട്ടത്. 

മക്കളേക്കാൾ അച്ഛൻ കൊച്ചുമക്കളോട് സ്‌നേഹം പ്രകടിപ്പിച്ചിരുന്നു. എന്റെ മകളുടെ നൃത്തം അരങ്ങേറുന്ന ഒരു ക്ഷേത്രോത്സവ സദസ്സിലേക്ക് അമ്മയേയും കൂട്ടി അച്ഛൻ തിക്കിത്തിരക്കി വന്നതും അതുകണ്ടതുമെല്ലാം വല്ലാത്തൊരു അനുഭവമാണ്.  നെതർലാന്റ്‌സിലുള്ള എന്റെ മകളൊരിക്കൽ അപ്പൂപ്പന് കത്തയക്കട്ടെയെന്നു പറഞ്ഞ് കത്തയച്ചു. അവൾ ജീവിതത്തിൽ ആദ്യമായി എഴുതിയ കത്തായിരുന്നു അത്. കത്തെഴുതുകയോ വരികയോ ചെയ്യാത്ത ഇക്കാലത്ത് അച്ഛനെ തേടി കത്തെത്തിയപ്പോൾ അദ്ദേഹത്തിന്റെ സന്തോഷം കാണേണ്ടതായിരുന്നു. മകൾ കത്ത് അയക്കുമെന്ന് പറഞ്ഞത് ഞങ്ങൾ അച്ഛനെ അറിയിച്ചിരുന്നില്ല. അപ്പൂപ്പനാണ് താൻ ജീവിതത്തിൽ ആദ്യമായി കത്ത് അയക്കുന്നതെന്ന് അവൾ എഴുതിയിരുന്നു. കത്ത് കിട്ടിയ അച്ഛൻ അവൾക്ക് മറുപടിയും എഴുതി. പിന്നീട് തുടർന്നും കത്തുകൾ അവർ തമ്മിൽ എഴുതിയിരുന്നു. 

അച്ഛനെന്ന വലിയ മനുഷ്യന്റെ ജീവിതം കാണാനും അനുഭവിക്കാനും ഞങ്ങൾക്ക് കഴിഞ്ഞു. അവസാന കാലങ്ങളിൽ പോലും അദ്ദേഹത്തെ വിളിച്ച എല്ലാവരോടൊപ്പവും അച്ഛൻ പോയിരുന്നു. അദ്ദേഹത്തിന്റെ മൃദുസ്വഭാവം ചിലരെങ്കിലും ദുരുപയോഗപ്പെടുത്തിയോ എന്ന് ഞങ്ങൾക്ക് തോന്നിയെങ്കിലും അദ്ദേഹമത് പ്രകടിപ്പിച്ചിരുന്നില്ല. പലപ്പോഴും കാലുകളിൽ നീരുവന്നിരുന്നു. എന്നിട്ടും അദ്ദേഹം അതൊക്കെ ആസ്വദിച്ചിരുന്നെന്ന് തോന്നുന്നു. 

ഞങ്ങളുടെ നാവിൽ ഹരിശ്രീ കുറിച്ചു തന്നത് അച്ഛനായിരുന്നു. ഞാൻ കോളജിൽ ചേർന്ന അതേ ദിവസം യാദൃച്ഛികമായി അവിടെ അച്ഛൻ അതിഥിയായി എത്തിയത് ഭയങ്കരമായ സന്തോഷമുണ്ടാക്കി. ജീവിതത്തിലെ അപൂർവ്വമായ അനുഭവമായിരുന്നു അത്. വലിയ നല്ല അച്ഛന്റെ മകളായി ജനിക്കാൻ സാധിച്ചതാണ് സന്തോഷം. 

അച്ഛനുമപ്പുറത്ത് ഗുരു

സാനുമാഷുടെ ഇളയമകൻ ഹാരിസ് സാനുവിന് പ്രൊഫ. എം.കെ. സാനുവെന്നാൽ അച്ഛനെന്നതിലുപരി ഗുരു കൂടിയായിരുന്നു. പരമ്പരാഗത രീതിയിലുള്ള കുടുംബ കാഴ്ചപ്പാടിൽ നോക്കിയാൽ മനസ്സിലാകുന്നതിന് അപ്പുറത്താണ് അച്ഛന്റെ സ്ഥാനമെന്ന് ഹാരിസ് പറയുന്നു. 
മക്കളെ പഠിപ്പിക്കുകയും സ്‌കൂളിൽ വിടുകയും കൂടെ കളിക്കുകയുമൊക്കെ ചെയ്യുന്ന പരമ്പരാഗത അച്ഛനായി സാനു മാഷെ കാണാൻ ശ്രമിച്ചാൽ അദ്ദേഹത്തെ മനസ്സിലാക്കാനാവില്ല. 95 ശതമാനവും പൊതുജീവിതവുമുള്ള അദ്ദേഹം സാഹിത്യത്തിലും സാംസ്‌ക്കാരികത്തിലുമൊക്കെയാണ് ശ്രദ്ധവെച്ചിരുന്നത്. 

മക്കൾക്കും ശിഷ്യൻമാർക്കുമൊക്കെ എന്തു തെരഞ്ഞെടുക്കണമെന്ന സ്വാതന്ത്ര്യമാണ് അച്ഛൻ നൽകിയതെന്നും ഹാരിസ് പറയുന്നു. ഒരു ഗുരുവിനും അധ്യാപകനും ആവശ്യമായ എല്ലാ സവിശേഷതകളും ചേർന്നു നിൽക്കുന്നതാണ് അദ്ദേഹത്തിന്റെ സ്വഭാവ വൈശിഷ്ട്യം. സമയനിഷ്ഠ, ശുദ്ധത, നിഷ്‌കളങ്കത, അറിവ് തുടങ്ങി എല്ലാ കാര്യങ്ങളും അദ്ദേഹത്തിൽ സമ്മേളിച്ചിട്ടുണ്ട്. 

അധ്യാപകനെന്ന നിലയിൽ അദ്ദേഹം തന്റെ ശിഷ്യന്മാരോടാണ് കൂടുതൽ ഇടപഴകുന്നത് എന്നതിനാൽ ചെറുപ്പത്തിൽ തനിക്ക് ചെറിയ ഈർഷ്യയൊക്കെ തോന്നിയിരുന്നുവെന്ന് ഹാരിസ് പറയുന്നു. എന്നാൽ നല്ല മനുഷ്യനു മാത്രമേ അങ്ങനെയൊക്കെ സാധിക്കുകയുള്ളുവെന്ന് പിന്നീടാണ് മനസ്സിലായതെന്നും ഹാരിസ് പറഞ്ഞു. ശിഷ്യഗണങ്ങളെ അത്രയും പരിഗണിക്കണമെങ്കിൽ തീർച്ചയായും നന്മയുള്ളവർക്ക് മാത്രം സാധിക്കുന്ന കാര്യമാണത്.  അദ്ദേഹം എഴുതിയ പുസ്തകങ്ങളിലൊന്നും അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കണ്ടെത്താൻ സാധിക്കില്ല. അതിനു കാരണം ലോകത്തെ കുറിച്ചാണ് അദ്ദേഹം ചിന്തിച്ചത് എന്നതുകൊണ്ടാണ്. 

മെക്കാനിക്കൽ എൻജിനീയറായ ഹാരിസ് ദുബൈയിൽ എനർജി കൺസൾട്ടൻസിയാണ് നടത്തുന്നത്. താൻ എല്ലാ മാസവും അച്ഛനെ കാണാൻ കൃത്യമായി എത്തുമായിരുന്നുവെന്നും രണ്ടോ മൂന്നോ ദിവസം സന്തോഷ ത്തോടെയും രസകരമായും കൂടെ കഴിഞ്ഞിരുന്നതായും അദ്ദേഹം പറയുന്നു. മാത്രമല്ല എല്ലാ ദിവസവും അരമണിക്കൂർ നേരമെങ്കിലും അച്ഛനുമായി ടെലിഫോണിൽ സംസാരിക്കും. 

അച്ഛനും മകനും തമ്മിലുള്ള ടെലിഫോൺ സംഭാഷണങ്ങളെല്ലാം ലോകവും ആത്മീയവും ശ്രീനാരായണ ഗുരുവും ശ്രീബുദ്ധനും ടോൾസ്‌റ്റോയിയും അരിസ്‌റ്റോട്ടിലും ഉൾപ്പെടെയുള്ള രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക വിഷയങ്ങളായിരുന്നുവെന്നും ഹാരിസ് വ്യക്തമാക്കുന്നു. 
നിഷ്‌കളങ്കനായിരുന്ന അദ്ദേഹം മനസ്സിൽ പോലും ശുദ്ധമല്ലാത്തത് ചിന്തിച്ചിട്ടുണ്ടാവില്ലെന്നാണ് ഹാരിസ് കരുതുന്നത്. സാധാരണക്കാരനെ പോലെ സംസാരിക്കുമ്പോഴും അദ്ദേഹത്തിന്റെ ഉള്ളിലെ അപാരമായ അറിവ് അഗ്‌നിയായി മറ്റുള്ളവരിലേക്ക് പകർത്തപ്പെടുമായിരുന്നു. സമയം പറഞ്ഞാൽ പാലിക്കുകയും യോഗങ്ങൾക്കും മറ്റും കൃത്യസമയത്ത് എത്തിച്ചേരുകയും ചെയ്യും. താൻ അച്ഛനോടൊപ്പം യോഗത്തിന് പോവുമ്പോൾ മറ്റാരും എത്തിച്ചേർന്നിട്ടുണ്ടാവില്ലെന്ന് പറഞ്ഞാലും നമ്മൾ സമയത്തിന് എത്തണമെന്നായിരുന്നു അദ്ദേഹം ഉപദേശിക്കുകയും പ്രവർത്തിക്കുകയും ചെയ്തിരുന്നതെന്നും ഹാരിസിന് പറയാനാവും. 

തനിക്ക് വ്യക്തിപരമായ വിഷമങ്ങളോ പ്രയാസങ്ങളോ ഉണ്ടാവുമ്പോൾ അദ്ദേഹത്തിന് സമീപം ഇരിക്കുകയും നൈർമല്യം അനുഭവിക്കുകയും ചെയ്തിട്ടു ണ്ടെന്നും ഹാരിസ് പറയുന്നു. കാന്തം പോലെയാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്.  തങ്ങളുടെ വീട്ടിൽ സാനു മാഷെ കാണാൻ വരുന്നവരെല്ലാം സാഹിത്യവുമായി ബന്ധമുള്ളവരല്ലെന്നും ചിലരെല്ലാം സാനു മാഷിന്റെ സാമീപ്യത്തിന് വേണ്ടി മാത്രം എത്തി ച്ചേരുന്നവരാണെന്നും ഹാരിസ് മനസ്സിലാക്കിയിട്ടുണ്ട്.'സ്‌നേഹത്തിന്റെ കാന്തികവലയമെന്നാണ്' തങ്ങളുടെ വീടിനു സമീപത്തെ ഒരു ചർച്ചിലെ അച്ചൻ സാനു മാഷെ വിശേഷിപ്പിച്ചതെന്നും ഹാരിസ് വിശദമാക്കുന്നു. 

92-ാം വയസ്സുവരെ എല്ലാ വർഷവും സാനുമാഷ് യു.എ.ഇയിൽ എത്തിയിരുന്നു. അവസാനമായി വന്നത് 250 കുട്ടികളെ എഴുത്തിനി രുത്താനായിരുന്നു. അതിനുമുമ്പ് എസ് എൻ ഡി പി വാർഷികത്തിനും പിന്നെയൊരിക്കൽ പിണറായി വിജയൻ, ബി.സന്ധ്യ എന്നിവരോടൊപ്പവുമെല്ലാം യു എ ഇയിൽ വന്നിട്ടുണ്ട്. യു എ ഇ സന്ദർശിക്കാനെത്തുമ്പോൾ ചിലപ്പോൾ തന്റെ ഫഌറ്റിലും താമസിക്കാറുണ്ടെന്നും അപ്പോൾ തന്റെ ഫഌറ്റിലും താഴെയുമെല്ലാം സാനു മാഷെ കാണാനുള്ള വലിയ ജനാവലി എത്താറുണ്ടെന്നും ഹാരിസ് വിശദമാക്കുന്നു.

ഒരു ദശാബ്ദക്കാലം 'കുങ്കുമ'ത്തിന്റെ ചീഫ് എഡിറ്റർ

1990 മുതൽ 2000 വരെ ഏതാണ്ട് പത്തു വർഷക്കാലം ചീഫ് എഡിറ്ററായി പ്രൊഫ. എം. കെ സാനു കുങ്കുമത്തിൽ ജോലി നോക്കി. ഡോ. ബി.എ രാജാകൃഷ്ണൻ മാനേജിംഗ് എഡിറ്ററായിരുന്ന കാലത്താണ് കുങ്കുമത്തിൽ പ്രൊഫ. എം.കെ സാനുവിനെ കൊണ്ടുവന്നത്. ഡോ. ബി.എ രാജാകൃഷ്ണനും ഭാര്യ വിമല രാജാകൃഷ്ണനുമാണ് അന്ന് സ്ഥാപനത്തിന്റെ ചുമതല വഹിച്ചിരുന്നത്. ആർ. കൃഷ്ണസ്വാമിയെപ്പോലെതന്നെ മുതിർന്ന എഴുത്തുകാരോട് നല്ല സൗഹൃദം  അവരും പുലർത്തിപ്പോന്നിരുന്നു. ആ സൗഹൃദം അടുത്ത തലമുറയിൽപ്പെട്ട മധു. ആർ ബാലകൃഷ്ണനും ഭാര്യ സംഗീതയും നിലനിർത്തിപ്പോരുന്നു.

'വഴിയമ്പലത്തിലെ പകൽക്കിനാവുകൾ' എന്ന പ്രശസ്തമായ ലേഖന പരമ്പര അന്ന് കുങ്കുമത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. സാഹിത്യ താൽപ്പര്യമുള്ള ഏറെ വായനക്കാരെ ആകർഷിച്ചിരുന്ന ഒരു പരമ്പരയായിരുന്നു അത്. എ. കെ. ജി, സുകുമാർ അഴീക്കോട്, കൃഷ്ണയ്യർ, ഗുപ്തൻനായർ തുടങ്ങിയവരെപ്പറ്റി മാഷ് എഴുതിയ ലേഖനങ്ങൾ നോവൽ പോലെ വായിക്കാൻ കഴിയുമായിരുന്നു. ഈ കാലഘട്ടത്തിലാണ് എൻ.വി. രാമവാരിയർ എഴുതിയ എൻ വിയുടെ ജീവചരിത്രം (ഞങ്ങളുടെ കുഞ്ഞേട്ടൻ) കുങ്കുമത്തിൽ പ്രസിദ്ധീകരിക്കാൻ അദ്ദേഹം മുൻകൈ എടുത്തത്. 
പൊതുവെ വളരെ ലളിതമായ ഒരു ജീവിതശൈലിയാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. കുങ്കുമം ഓഫീസിലെ ഏത് ജീവനക്കാരായാലും അവരുടെ വീടുകളിലെ ചടങ്ങുകളിലും മറ്റും സജീവമായി പങ്കെടുക്കുകയും  ചെയ്തിരുന്നു. സാഹിത്യവുമായി ബന്ധപ്പെട്ട സമ്മേളനങ്ങളിലും ചർച്ചകളിലുമൊക്കെ എപ്പോഴും പങ്കെടുക്കാൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. കൊല്ലം എസ്.എൻ. കോളേജുമായി നേരത്തെയുണ്ടായിരുന്ന ബന്ധംമൂലം കൊല്ലത്ത് അദ്ദേഹത്തിന് വലിയൊരു സൗഹൃദവലയം ഉണ്ടായിരുന്നു. അതിനാൽ കൊല്ലത്തിന്റെ സാംസ്‌ക്കാരിക ചലനങ്ങളുമായി എപ്പോഴും ബന്ധപ്പെടാനും അതിന് നേതൃപരമായ നിർദ്ദേശങ്ങൾ നൽകാനും അദ്ദേഹം സദാ സന്നദ്ധനായിരുന്നു. ഇതുകൊണ്ടുതന്നെ സാനുമാഷിന്റെ വിയോഗം കൊല്ലത്തെ സാമൂഹ്യ സംസ്‌ക്കാരികരംഗത്ത് പ്രവർത്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം വലിയൊരു നഷ്ടമാണ്.

 

സാനുമാഷിന്റെ 'കുങ്കുമ'ക്കാലം

എൻ.ടി സതീഷ്

'കുങ്കുമം' വാരികയുടെ തുടക്കകാലം മുതൽ അവസാനം വരെ മുൻനിന്ന് നയിച്ചത് പ്രശസ്ത സാഹിത്യകാരന്മാരായിരുന്നു. ഉറൂബ്, എൻ.വി. കൃഷ്ണവാര്യർ, വൈക്കം ചന്ദ്രശേഖരൻ നായർ എന്നിവർ അക്കൂട്ടത്തിൽ പ്രധാനികളായിരുന്നു. ആ ഗണത്തിൽപ്പെടുന്ന ശ്രേഷ്ഠ വ്യക്തിത്വത്തിനുടമയായിരുന്നു സാഹിത്യവിമർശകനും അദ്ധ്യാപകനും പ്രഭാഷകനുമൊക്കെയായിരുന്ന പ്രൊഫ. എം.കെ. സാനു. എൺപതുകളുടെ അവസാനം മുതൽ തൊണ്ണൂറുകളുടെ അവസാനം വരെ ഏകദേശം പത്തുവർഷക്കാലം വരെയാണ് സാനുമാഷ് കുങ്കുമം വാരികയുടെ പത്രാധിപരായി പ്രവർത്തിക്കുന്നത്. അക്കാലങ്ങളിൽ അദ്ദേഹം കുങ്കുമത്തിൽ എഴുതി പ്രസിദ്ധീകരിച്ച സ്ഥിരം പംക്തിയായിരുന്നു 'വഴിയമ്പലത്തിലെ പകൽക്കിനാവുകൾ.' ആർക്കും അത്ര പരിചിതമല്ലാതിരുന്ന, എന്നാൽ കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിൽ പരിവർത്തനത്തിന് പ്രേരകമാംവിധം ഒരായുസ്സ് മുഴുവൻ പ്രവർത്തിച്ച അനുഗൃഹീത വ്യക്തികളെ പരിചയപ്പെടുത്തുക എന്നതായിരുന്നു 'വഴിയമ്പലത്തിലെ പകൽക്കിനാവുകളു'ടെ മഹത്തായ ലക്ഷ്യം. 

എന്നാൽ പല സന്ദർഭങ്ങളിലും കേരളത്തിന്റെ പരിധിവിട്ട് വിപ്ലവകരമായ ചിന്തകൾക്ക് അടിത്തറപാകിയ പുറംദേശങ്ങളിലെ വ്യക്തികളും സാനുമാഷിന്റെ 'പകൽക്കിനാവുകളി'ൽ മിന്നിമാഞ്ഞുപോയിരുന്നു. അതുപോലെ ഇക്കാലയളവിൽ കുങ്കുമത്തിൽ പ്രസിദ്ധീകരിച്ചിരുന്ന മുഖപ്രസംഗങ്ങളും അദ്ദേഹത്തിന്റെ ദീപ്തമായ ആശയങ്ങളെ പ്രതിഫലിപ്പിക്കുന്നവയായിരുന്നു. അനുദിനം മാറിക്കൊണ്ടിരിക്കുന്ന സാഹിത്യരംഗത്തെ ചലനങ്ങളെ വേറിട്ട കാഴ്ചപ്പാടോടെ അവതരിപ്പിക്കുന്നവയായിരുന്നു സാനുമാഷിന്റെ മുഖപ്രസംഗങ്ങൾ. അതുപോലെ അദ്ദേഹത്തിന്റെ പത്രാധിപ കാലഘട്ടത്തിൽ കാലഗതി പൂകിയ സാഹിത്യകാരന്മാരെ ഓർമ്മകളിൽ നിന്നും വീണ്ടെടുത്ത് സ്‌നേഹമസൃണമായി, ബഹുമാനത്തോടെ അവതരിപ്പിക്കാനും മാഷ് തന്റെ മുഖക്കുറിപ്പിൽ ശ്രദ്ധിച്ചിരുന്നു. അതിൽ അവരെ ആദ്യമായി കണ്ടുമുട്ടിയ നാളുകൾ, സ്‌നേഹസഞ്ചാരങ്ങൾ, വേദി പങ്കിട്ടപ്പോഴുള്ള അനുഭവങ്ങൾ ഒക്കെ ഇടംപിടിച്ചിരുന്നു. അത് സാനുമാഷിന്റെ തന്റെ ഇരുത്തം വന്ന ഭാഷയിൽ, ശൈലിയിൽ അവതരിപ്പിക്കുമ്പോൾ പഴയകാല ഓർമ്മകൾ പുതിയകാലത്തും സൗരഭം പരത്തുന്നതായിത്തോന്നും.

ഒരു കറുത്ത ബാഗും കയ്യിൽ ഇറുക്കിപ്പിടിച്ച് കൊല്ലത്തെ തെരുവീഥികളിൽ വിനയാന്വിതനായി കുനിഞ്ഞ ശിരസ്സോടെ, ബഹളങ്ങളിൽ നിന്നും തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് നടന്നുനീങ്ങുന്ന സാനുമാഷ് അദ്ദേഹത്തിന്റെ കുങ്കുമദിനങ്ങളിലെ അപൂർവ്വ കാഴ്ചയായിരുന്നു. ഋഷിതുല്യമായ നിശ്ശബ്ദതയും ബഹുമാന സവിശേഷമായ സമീപനങ്ങളും മാഷിനെ മറ്റ് സാഹിത്യകാരന്മാരിൽ നിന്നും വ്യത്യസ്തനാക്കിയിരുന്നു. പലപ്പോഴും പംക്തിയായ വഴിയമ്പലത്തിലെ പകൽക്കിനാവുകളും മുഖപ്രസംഗങ്ങളും മാഷ് എഴുതിത്തയ്യാറാക്കിക്കൊണ്ടുവരികയില്ല. ചില ഒറ്റപ്പെട്ട സന്ദർഭങ്ങളിൽ ഓഫീസിലെ മറ്റ് പ്രസിദ്ധീകരണങ്ങളുടെ ചുമതലയുള്ള വനിതാജീവനക്കാരോട് പറഞ്ഞുകൊടുത്തും എഴുതിക്കാറുണ്ട്. അപ്പോഴൊക്കെ വിശാലമായ മുറിയിൽ ചുറ്റിനടന്നുകൊണ്ടാകും അവയൊക്കെ പറഞ്ഞുകൊടുക്കുക.
എപ്പോഴും ഒരു വിജ്ഞാനതാപസ്സന്റെ ഭാവമായിരുന്നു സാനുമാഷിന്. ലാളിത്യത്തിന്റെ പ്രതീകം. ഗർവ്വ് അശേഷമില്ലാത്ത സംസാരഭാഷ ഇതൊക്കെയായിരുന്നു കുങ്കുമത്തിന്റെ നാളുകളിൽ പത്രാധിപസ്ഥാനത്ത് കണ്ട പ്രൊഫ. എം.കെ. സാനു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW
img