
തൊണ്ണൂറ് വയസ്സുണ്ട് ഫാ. ലീനസ് പുത്തൻവീട്ടിലിന്. ഒഡീഷയിലെ സാംബൽപൂർ കുച്ചിൻഡ ചർവാച്ചിൽ കാർമൽ നികേതൻ ആശ്രമത്തിലാണ് അദ്ദേഹം സേവനം അനുഷ്ഠിക്കുന്നത്. സാംബൽപൂരിൽ അദ്ദേഹത്തോടൊപ്പം നാൽപ്പത്തിമൂന്നുകാരനായ ഫാ. സിൽവിൻ കളത്തിലും സേവനം അനുഷ്ഠിക്കുന്നുണ്ട്. കേരളത്തിൽ എറണാകുളത്തെ മഞ്ഞുമ്മൽ ആസ്ഥാനമായാണ് കാർമൽ സഭ പ്രവർത്തിക്കുന്നത്. ഫാ. ലീനസ് പുത്തൻവീട്ടിലെന്ന വയോധികനായ വൈദികനും സാംബൽപൂരിലെ കാർമൽ നികേതൻ ആശ്രമത്തിലെ സുപ്പീരിയർ അച്ചനായ ഫാ. സിൽവിൻ കളത്തിലിനുമെതിരെ സംബൽപൂരിൽ 2025 മെയ് 23-ാം തീയതിയാണ് ഒരു സംഘം സംഘപരിവാർ പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത്. ആശ്രമത്തിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ സംഘപരിവാർ പ്രവർത്തകർ വയോധികനാണ് ഫാ. ലീനസ് എന്ന പരിഗണന പോലും നൽകിയില്ല. ആശ്രമത്തിൽ നിന്നും മുപ്പതിനായിരം രൂപ മോഷ്ടിക്കുകയും മൊബൈൽ ഫോൺ ഉൾപ്പെടെ നശിപ്പിക്കുകയും ചെയ്തു. സാംബൽപൂർ കാർമൽ നികേതൻ ആശ്രമത്തിലെ ആക്രമണത്തെ കുറിച്ച് ഫാ. ലീനസ് പുത്തൻവീട്ടിൽ 'കേരളശബ്ദം' പ്രതിനിധി മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരിയുമായി സംസാരിക്കുന്നു.
ഗാഢനിദ്രയിലായിരിക്കവെ ആക്രമികൾ എത്തി
2025 മെയ് 23 ന് പുലർച്ചെ ഒരു മണിയോടെയായാരുന്നു 11 പേരടങ്ങുന്ന അക്രമി സംഘം ഗേറ്റ് പൊളിച്ച് കാർമൽ നികേതൻ ആശ്രമത്തിലെത്തിയത്. അക്രമിസംഘത്തിലെ രണ്ടുപേർ പെൺവേഷത്തിലായിരുന്നു എത്തിയത്. നിർത്താതെയുടെ പട്ടിയുടെ കുര കേട്ടാണ് ഫാ. സിൽവിൻ ഉണർന്ന് വെളിച്ചമിട്ട് വാതിൽ തുറന്ന് പുറത്തിറങ്ങിയത്. പുറത്ത് പതുങ്ങി ഇരിക്കുകയായിരുന്ന അക്രമികൾ അച്ചനെ അടിച്ചു വീഴ്ത്തുകയും കൈകളും വായും കെട്ടി മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയും ചെയ്തു.
ഒരു സംഘം ഫാ. സിൽവിനെ ആക്രമിക്കുമ്പോൾ മറ്റൊരു സംഘം ഫാ. ലീനസിന്റെ മുറിയിലെത്തുകയായിരുന്നു. ഗാഢനിദ്രയിലായിരുന്ന അദ്ദേഹത്തിന്റെ കൈക്കു പിടിച്ചപ്പോഴാണ് ഉറക്കമുണർന്നത്. അക്രമികളിൽ ഒരാൾ കൈക്കും മറ്റൊരാൾ കാലിനും പിടിച്ചു. അതോടെ അച്ചൻ ശബ്ദമുണ്ടാക്കിയെങ്കിലും ഉടനെ അവർ കത്തിയെടുത്ത് കഴുത്തിനു നേരെ വെച്ച് പേടിപ്പിക്കുകയായിരുന്നു. അതോടെ ഫാ. ലീനസ് നിശബ്ദനായി. കൈകൾ പിറകിലേക്ക് കെട്ടുകയും മർദ്ദിക്കുകയും ചെയ്തു. പിന്നീട് വലിച്ചിഴച്ച് ഫാ. സിൽവിന്റെ മുറിയിലേക്ക് കൊണ്ടുപോയി.
ഫാ. സിൽവിന്റെ കൈകൾ പിറകോട്ടു വലിച്ചു കെട്ടി കമിഴ്ത്തിക്കിടത്തുകയും പുറത്തും ചന്തിയിലും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. മൃഗീയമായ മർദ്ദനമായിരുന്നു അത്. പൊലീസുകാർ പോലും വലിയ കള്ളന്മാരെ അത്തരത്തിൽ മർദ്ദിക്കില്ലെന്നാണ് ഫാ. ലീനസ് പറയുന്നത്. ഫാ. സിൽവിന്റെ മുഖത്തും കഴുത്തിനുമൊക്കെ പിന്നേയും പിന്നേയും മർദ്ദിക്കുകയും ചെയ്തു.
ആശ്രമത്തിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കുകയും കൂടുതൽ പണമുണ്ടോ എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ലാപ്‌ടോപ് ഉണ്ടായിരുന്നെങ്കിലും അതെടുക്കാൻ അവർ തയ്യാറായില്ല. അച്ചൻമാരുടെ മൊബൈൽ ഫോണുകളും ആക്രമികൾ പിടിച്ചെടുത്തു.
ഒഡീഷയിൽ മിഷണറി പ്രവർത്തനങ്ങൾ നടത്തേണ്ടതില്ലെന്നും ഉടൻ കേരളത്തിലേക്ക് മടങ്ങിക്കൊള്ളാനുമായിരുന്നു അക്രമികളുടെ ഭീഷണി. പിന്നീട് ഫാ. ലീനസിനെ കൈകൾ ബന്ധിച്ച് അദ്ദേഹത്തിന്റെ മുറിയിലേക്ക് കൊണ്ടുപോയി. ഫാ. സിൽവിൻ അദ്ദേഹത്തിന്റെ മുറിയിലുമായിരുന്നു. രണ്ട് അച്ചൻമാരേയും അവരുടെ മുറികളിൽ പൂട്ടിയിട്ട ശേഷം അക്രമികൾ രക്ഷപ്പെടുകയായിരുന്നു.
സമീപത്തെ പൂജാരി രക്ഷയ്‌ക്കെത്തി
മുറിയിൽ ബന്ധനത്തിലായ രണ്ട് അച്ചൻമാരും വളരെ സമയമെടുത്താണ് തങ്ങളുടെ കൈകളിലെ കെട്ടുകൾ അഴിച്ചത്. ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് ഫാ. ലീനസ് തന്റെ കെട്ടഴിച്ചത്. ഫാ. സിൽവിനും എങ്ങനെയൊക്കെയോ ബന്ധനം അഴിക്കുകയായിരുന്നു. തന്റെ മേശയുടെ വലിപ്പ് എടുത്ത് അതുകൊണ്ട് വാതിൽ അടിച്ചുപൊളിച്ച് പുറത്തേക്ക് വരാനായിരുന്നു ഫാ. ലീനസിന്റെ ശ്രമം.
ആശ്രമത്തിന്റെ തൊട്ടടുത്ത് ചെറിയൊരു ക്ഷേത്രമുണ്ട്. അതിനടുത്ത് തന്നെയാണ് അവിടുത്തെ പൂജാരിയുടെ താമസവും. ഒച്ചയും ബഹളവുമുണ്ടാക്കി പൂജാരിയെ വിളിച്ചാണ് പുറത്തുനിന്നും പൂട്ടിയ വാതിൽ തുറക്കാനായത്.
പുറത്ത് ആരെയെങ്കിലും വിളിച്ച് വിവരം പറയണമെങ്കിൽ ആശ്രമത്തിൽ ഫോണുണ്ടായിരുന്നില്ല. അക്രമികൾ അവ കൈവശപ്പെടുത്തിയിരുന്നു. പൂജാരി നൽകിയ ഫോണിലാണ് വിവരം പുറംലോകത്തെത്തിച്ചത്. വിവരം അറിഞ്ഞതോടെ സമീപത്തെ ഗോത്രവർഗ്ഗക്കാരും ആശ്രമത്തിലെത്തി. ഫോണുകൾ അക്രമികൾ കൊണ്ടുപോയി എന്നാണ് കരുതിയിരുന്നതെങ്കിലും ഒരു ദിവസം കഴിഞ്ഞപ്പോൾ അവ ടോയ്‌ലെറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ഫാ. സിൽവിന് മർദ്ദനത്തിൽ ഗുരുതര പരിക്കുണ്ടെങ്കിലും അദ്ദേഹം തന്നെയാണ് വാഹനമോടിച്ച് സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. പൊലീസ് സ്റ്റേഷനിലെ നമ്പറോ വിളിക്കാൻ ഫോണോ ഇല്ലാത്തതിനാൽ വേറെ മാർഗ്ഗങ്ങളൊന്നും അച്ചൻമാർക്കു മുമ്പിലുണ്ടായിരുന്നില്ല.
വിവരമറിഞ്ഞ പൊലീസുകാർ ആശ്രമത്തിൽ വന്ന് രണ്ട് അച്ചൻമാരേയും ആശുപത്രിയിലെത്തിക്കുകയും പ്രാഥമിക ശുശ്രൂഷകൾ നൽകുകയും ചെയ്തു. പുറംലോകത്ത് വിവരമെത്തിയതോടെ ആശുപത്രിയിൽ കുറേ മാധ്യമങ്ങളും അഭിഭാഷകരും മറ്റു പലരും വന്നു. ഫാ. ലീനസിന്റെ കാലിനും തുടകൾക്കും പരിക്കുണ്ടായിരുന്നു. ഫാ. സിൽവിന്റെ പരിക്കുകൾ ഗുരുതരമായിരുന്നു. അദ്ദേഹത്തിന് മലർന്നു കിടക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു.
വിദഗ്ധചികിത്സയ്ക്ക് കേരളത്തിലേക്ക്
അക്രമികൾ വന്നുപോയെങ്കിലും തനിക്ക് ഭയമോ പേടിയോ ഉണ്ടായിരുന്നില്ലെന്ന് ഫാ. ലീനസ് പറയുന്നു. പിറ്റേ ദിവസം രാത്രി താൻ സുഖമായി കിടന്നുറങ്ങിയെന്നാണ് അദ്ദേഹം വിശദമാക്കുന്നത്.
എന്നാൽ കേരളത്തിലെ കാർമലീത്ത സഭയിൽ നിന്നും രണ്ട് അച്ചന്മാരോടും തിരികെ നാട്ടിൽ വന്ന് ചികിത്സ നടത്താനാണ് വിളിച്ചറിയിച്ചത്. ഫാ. സിൽവിൻ കേരളത്തിലേക്ക് മടങ്ങട്ടെയെന്നും താൻ ഒഡീഷയിൽ തന്നെ തുടരാമെന്നുമായിരുന്നു ഫാ. ലീനസ് പറഞ്ഞത്.
ഫാ. സിൽവിൻ കേരളത്തിലെത്തി ആശുപത്രിയിൽ ചികിത്സയിൽ തുടരവെ പിറ്റേ ദിവസം ഫാ. ലീനസിനോടും തിരികെ വന്ന് ചികിത്സ നടത്താൻ സഭ ആവശ്യപ്പെട്ടു. രണ്ട് അച്ചൻമാരും മഞ്ഞുമ്മൽ ആശുപത്രിയിൽ ചികിത്സ തേടി.
ക്രിസ്ത്യൻ സ്ഥാപനങ്ങൾ ആക്രമിക്കുന്ന സംഘപരിവാർ
തങ്ങളുടെ സ്ഥാപനത്തിനു നേരെ നേരത്തെ ഭീഷണിയൊന്നും ഉണ്ടായിരുന്നില്ലെന്ന് ഫാ. ലീനസ് പറയുന്നു. എന്നാൽ സാംബൽപൂർ ജില്ലയിലെ ഓരോ ക്രിസ്ത്യൻ സ്ഥാപനങ്ങളും ആക്രമിക്കുകയെന്നത് സംഘപരിവാറിന്റെ 'പ്രോജക്ട്' ആണെന്നാണ് ഫാ. ലീനസിന്റെ അഭിപ്രായം. ഓരോ വർഷവും അവർ ഓരോ സ്ഥാപനം ആക്രമിക്കും. ഈ വർഷം തങ്ങളുടെ സ്ഥാപനമായിരിക്കും അവർ തെരഞ്ഞെടുത്തത് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
ആർ എസ് എസുകാർ ക്രിസ്ത്യാനികൾക്കെതിരെ വ്യാപകമായി കലാപം അഴിച്ചുവിട്ട 2008-ലാണ് ഫാ. ലീനസ് ഒഡീഷയിലെത്തിയത്. കണ്ഡമാൽ ജില്ലയിലായിരുന്നു അന്ന് ആക്രമണം നടത്തിയത്. ഇരുന്നൂറോളം ക്രിസ്ത്യാനികളാണ് അന്ന് കൊല്ലപ്പെട്ടത്.
2008-ലെ കണ്ഡമാൽ ആർ എസ് എസ് കലാപം
2008 ആഗസ്റ്റ് 23-ന് സ്വാമി ലക്ഷ്മണാനന്ദമയിയെ മാവോയിസ്റ്റുകൾ വധിച്ചതിന് പിന്നാലെ ആഗസ്റ്റ് 25-നാണ് കണ്ഡമാലിൽ ക്രിസ്ത്യൻ വിരുദ്ധ കലാപത്തിന് തുടക്കമായത്. സ്വാമി ലക്ഷ്മണാനന്ദമയിയെ കൊലപ്പെടുത്തിയ മാവോയിസ്റ്റുകളിൽ ചിലർ ക്രിസ്ത്യാനികളായിരുന്നു എന്നതായിരുന്നു കലാപത്തിന്റെ പ്രേരണ. ഒരു കപ്യാരെ കെട്ടിയിട്ട് ഹിന്ദുമതം സ്വീകരിക്കാൻ ആവശ്യപ്പെട്ട ആർ എസ് എസ് അദ്ദേഹമതിന് തയ്യാറാവാതെ വന്നതോടെ പ്ലാസ്റ്റിക് ബാഗിട്ട് മൂടി ഭാര്യയുടേയും മക്കളുടേയും മുമ്പിലിട്ട് കത്തിച്ചു കൊന്നത് ഈ കലാപത്തിലായിരുന്നു.
ക്രിസ്ത്യാനികളെ കൊല്ലാക്കൊല നടത്തുകയും തീവെപ്പും കൊള്ളയും നടത്തിയാണ് കലാപകാരികൾ അഴിഞ്ഞാടിയത്. ബി ജെ പി എം എൽ എ ആയിരുന്ന മനോജ് പ്രധാന്റെ നേതൃത്വത്തിൽ നിരവധി ക്രിസ്ത്യൻ കേന്ദ്രങ്ങൾ ആക്രമിച്ച് തീയിട്ടു. പിന്നീടു പുറത്തുവന്ന കണക്കുകൾ പ്രകാരം കലാപത്തിൽ 1400 ക്രിസ്ത്യൻ വീടുകളും 80 ചർച്ചുകളുമാണ് തകർക്കപ്പെട്ടത്. 18,500 പേർക്കാണ് വീടുകൾ നഷ്ടപ്പെട്ട് അഭയാർഥി കേന്ദ്രങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്നത്.
ഫാ. ലീനസ് കണ്ഡമാൽ കലാപ കാലത്ത് പൊലീസിൽ പരാതി നൽകിയെങ്കിലും ഒന്നും ചെയ്യാനാവില്ലെന്ന നിലപാടായിരുന്നു പൊലീസിന്റേത്. വേണമെങ്കിൽ അച്ചൻ രക്ഷപ്പെട്ടോളൂ എന്നായിരുന്നുവത്രെ പൊലീസ് പറഞ്ഞത്. അന്ന് ഒഡീഷ ഭരിച്ചിരുന്നത് ബി ജെ പി സർക്കാരായിരുന്നു. ബി ജെ പി സർക്കാർ കലാപം നടത്തി അഴിഞ്ഞാടാൻ അണികൾക്ക് രണ്ടു മാസമാണ് സമയം നൽകിയത്.
പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിംഗിന്റെ ഫ്രാൻസ് സന്ദർശനത്തിൽ എന്തുകൊണ്ടാണ് ക്രിസ്ത്യാനികളെ ഇങ്ങനെ പീഡിപ്പിക്കുന്നതെന്ന ചോദ്യം ഉയർന്നതാണ് കലാപത്തിന് അന്ത്യം കുറിക്കാൻ കാരണമായത്. ഡോ. മൻമോഹൻ സിംഗ് തിരികെ ഇന്ത്യയിലെത്തിയപ്പോൾ സി ആർ പി എഫിനെ വിട്ട് കലാപം അടിച്ചമർത്തുകയായിരുന്നു. കണ്ഡമാൽ കലാപത്തിൽ പല വൈദികരും കാടുകളിലും മറ്റുമാണ് അഭയം പ്രാപിച്ചത്. ഫാ. ലീനസും ഒരിടത്ത് അഭയം പ്രാപിക്കുകയായിരുന്നു.
പ്രതിരോധിക്കാനാവാത്ത സംഘപരിവാർ ആക്രമണങ്ങൾ
ഉത്തരേന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരെ സംഘപരിവാർ നടത്തുന്ന ആക്രമണങ്ങൾ ക്രിസ്ത്യൻ സഭകൾക്കോ ക്രിസ്ത്യാനികൾക്കോ പ്രതിരോധിക്കാനാവില്ലെന്നാണ് ഫാ. ലീനസ് പറയുന്നത്. മാധ്യമങ്ങളാണ് അതിലൊക്കെ ഇടപെടലുകൾ നടത്തേണ്ടത്. സംഘപരിവാർ ആക്രമണങ്ങൾ നടത്തിയാലും തങ്ങൾ തങ്ങളുടെ പ്രവർത്തനങ്ങളുമായി മുമ്പോട്ടു പോകും. ചിലർക്ക് ഭയമുണ്ടാകും ചിലർക്ക് ഭയമുണ്ടാകില്ല. തനിക്ക് ഭയമില്ലെന്നും ഫാ. ലീനസ് പറയുന്നു.
തങ്ങൾക്ക് സംഘപരിവാറുകാരേയും ആർ എസ് എസുകാരേയും ചെറുക്കാനാവില്ല. അവർ മാരകായുധങ്ങളുമായാണ് ആക്രമിക്കാനെത്തുന്നത്. വലിയ കത്തി, കട്ടപ്പാര, ഹാമർ തുടങ്ങി നിരവധി ആയുധങ്ങളുമായാണ് കാർമൽ നികേതൻ ആശ്രമത്തിൽ അവരെത്തിയത്. ഒരിടത്ത് അവർ തങ്ങളെ തളർത്താൻ ശ്രമിക്കുമ്പോൾ മറ്റൊരിടത്ത് വളരുമെന്നും അദ്ദേഹം പറഞ്ഞു.
സാംബൽപൂരിലെ ആക്രമണങ്ങൾക്കു പിന്നാലെ അധികൃതർ തങ്ങളുമായി മികച്ച രീതിയിൽ സഹകരിച്ചിരുന്നതായും ഫാ. ലീനസ് പറഞ്ഞു. എന്നാൽ സാംബൽപൂർ കാർമൽ ആശ്രമം ആക്രമണത്തിൽ മാത്രമല്ല ഒരു ആക്രമണ സംഭവത്തിലും പൊലീസ് ആരേയും പിടികൂടിയിട്ടില്ല. ഇനിയും ആരെയെങ്കിലും പിടികൂടുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ഡമാൽ കലാപത്തിൽ ഇരുന്നൂറു പേർ മരിച്ചിട്ടും പത്തുരൂപ പോലും ആർക്കും സഹായമായി സർക്കാർ അനുവദിച്ചിട്ടില്ല. സഹായിക്കുമെന്നൊക്കെ പറഞ്ഞിരുന്നെങ്കിലും ഒന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
ക്രിസ്ത്യൻ സഭകളും മതപരിവർത്തനവും
തങ്ങളുടെ സഭ ആരേയും മതപരിവർത്തനം നടത്താൻ മുതിരാറില്ലെന്നാണ് ഫാ. ലീനസ് പറയുന്നത്. ഒരുപക്ഷേ പ്രൊട്ടസ്റ്റന്റ് വിഭാഗത്തിലുള്ളവർ മതപരിവർത്തന പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടാകുമായിരിക്കും. മതം മാറണമെന്ന് ആവശ്യപ്പെട്ട് വരുന്നവർക്കു പോലും വളരെ സാവകാശത്തിൽ മാത്രമാണ് അതിനൊക്കെ അനുവാദം കൊടുക്കാറുള്ളത്. നിയമപരമായ നടപടികൾ നിർവഹിച്ചു മാത്രമാണ് അത്തരക്കാർ മതം മാറാറുള്ളു.
ഒഡീഷയിൽ ഉൾപ്പെടെ ഉത്തരേന്ത്യയിലെ കത്തോലിക്കർക്ക് അവരുടെ മതപരമായ കാര്യങ്ങൾ നിർവഹിക്കാനുള്ള പ്രവർത്തനങ്ങളാണ് തങ്ങളവിടെ ചെയ്യുന്നതെന്നും ഫാ. ലീനസ് പറയുന്നു. കുർബാന കൊടുക്കുക, കുമ്പസാരിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് നിർവഹിക്കുന്നത്. മതപരിവർത്തനമൊന്നും നിർവഹിക്കാറില്ല.
തങ്ങൾ വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകാറുണ്ടെന്നും ഫാ. ലീനസ് പറഞ്ഞു. ഓരോ വർഷവും ഇംഗ്ലീഷ് അറിയാത്ത 25 പേർക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകും. മികച്ച വിദ്യാഭ്യാസം കിട്ടുമ്പോൾ അവർക്ക് മെച്ചപ്പെട്ട ജോലിയും ജീവിത നിലവാരവും ലഭിക്കും എന്നതാണ് അതിനു പിന്നിലെ ലക്ഷ്യം. സാധാരണയായി ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ വിദ്യാഭ്യാസമില്ലാത്തവർ പരമാവധി ചെയ്യുന്നത് തൂപ്പ് ജോലിയാണ്. അവർക്ക് അതുമാത്രം പോരാ എന്നതാണ് നിലപാട്.
ചെറുപ്പം മുതൽ സ്ത്രീകൾ ഉൾപ്പെടെ പാൻപരാഗും ഡ്രഗ്‌സുമൊക്കെ അവർ കഴിക്കുന്നുണ്ട്. ആ അവസ്ഥ മാറ്റുകയെന്നതും ലക്ഷ്യമാണ്. വലിയ മുതലാളിമാരാണ് ദരിദ്ര ഗ്രാമീണർക്ക് കൃഷി ചെയ്യാൻ പലിശയ്ക്ക് പണം നൽകുന്നത്. കൊയ്ത്തു കഴിയുമ്പോൾ മുതലാളിമാർ നെല്ലുമായി പോകുന്നത് അവിടുത്തെ സ്ഥിരം കാഴ്ചയാണ്. അതിനുമൊരു മാറ്റം വരണം. ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിലെ പലരും ഇപ്പോൾ കേരളത്തിൽ ചേക്കേറുന്നതും പതിവായിട്ടുണ്ട്.
പ്രതിബന്ധങ്ങളെ തരണം ചെയ്ത് തങ്ങൾ മുന്നോട്ടു പോകുമെന്നും ഇനിയും ആക്രമികൾ വരുന്നുണ്ടെങ്കിൽ വരട്ടെയെന്നും അത് അപ്പോൾ നോക്കിയാൽ മതിയല്ലോ എന്നുമാണ് ഫാ. ലീനസിന്റെ പക്ഷം.
മഞ്ഞുമ്മൽ ബോയ്‌സിലെ വൈദികൻ
ഒഡീഷയിലെ സാംബൽപൂരിൽ ആക്രമിക്കപ്പെട്ടാലും ഇല്ലെങ്കിലും ഫാ. ലീനസിനെ നേരത്തെ കേരളം അറിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ പേരോ വിവരങ്ങളോ അറിയില്ലെങ്കിലും ഫാ. ലീനസ് മലയാള സിനിമയുടെ ഭാഗമായിട്ടുണ്ടെന്നതാണ് വസ്തുത. മഞ്ഞുമ്മൽ ബോയ്‌സ് എന്ന ഹിറ്റ് ചിത്രത്തിന് കാരണമായ യഥാർഥ സംഭവത്തിൽ ഗുണാ കേവിൽ വീണ സുഭാഷിനെ രക്ഷപ്പെടുത്തിയ സംഭവം ലോകത്തെ അറിയിച്ചത് ഫാ. ലീനസായിരുന്നു. അക്കാലത്ത് അദ്ദേഹമായിരുന്നു മഞ്ഞുമ്മൽ പള്ളിയിലെ വൈദികൻ!










