
തിരുവനന്തപുരം:ദേവസ്വം ബോർഡ് മുൻ പ്രസിഡന്റിനെതിരെ നീക്കം; തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ എന്ന ആശങ്കയിൽ സി.പി.എം.
ശബരിമല കട്ടിളപ്പാളി സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സി.പി.എം. ജില്ലാ കമ്മിറ്റി അംഗവുമായ എ. പത്മകുമാറിന് കുരുക്ക് മുറുകുന്നു. മുൻ ദേവസ്വം കമ്മിഷണർ എൻ. വാസുവിനെ റിമാൻഡ് ചെയ്തതിനു പിന്നാലെയാണ് പത്മകുമാറിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. ഇന്നലെ സമയം ചോദിച്ച് ഒഴിഞ്ഞുമാറിയ അദ്ദേഹം ഇന്ന് ഹാജരായേക്കും.
വാസുവിന്റെ മൊഴികളിൽ പത്മകുമാറിൻ്റെ പങ്ക് വ്യക്തം
സ്വർണപ്പാളികേസിൽ എട്ടാം പ്രതിയാണ് പത്മകുമാർ. ചോദ്യം ചെയ്യലിനായി വിളിക്കുന്നത് ഇത് രണ്ടാം തവണയാണ്. ആദ്യതവണ ആരോഗ്യപ്രശ്‌നങ്ങൾ പറഞ്ഞും ഇന്നലെ അടുത്ത ബന്ധുവിന്റെ മരണത്തെയും തുടർന്നാണ് ഹാജരാകാതിരുന്നത്. എൻ. വാസുവിന്റെ റിമാൻഡ് റിപ്പോർട്ടിൽ പത്മകുമാറിന്റെ പങ്ക് വ്യക്തമായി പരാമർശിക്കുന്നുണ്ടെന്നാണ് വിവരം.
2019-ൽ വാസു ദേവസ്വം കമ്മിഷണറും പത്മകുമാർ പ്രസിഡന്റുമായിരിക്കെയാണ് സ്വർണക്കൊള്ള നടന്നത്. കട്ടിളപ്പാളിയിലെ സ്വർണമാണെന്ന് അറിഞ്ഞിട്ടും ചെമ്പുപാളിയെന്നാണ് വാസു രേഖപ്പെടുത്തിയത്. ഈ നീക്കങ്ങൾ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ അറിവോടെയായിരുന്നോ എന്നാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്.
അഴിമതി നിരോധന നിയമം ചുമത്തും
പ്രതികൾക്കെതിരേ നിലവിലുള്ള ഐ.പി.സി. കുറ്റകൃത്യങ്ങൾക്കൊപ്പം അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും കൂട്ടിച്ചേർക്കാൻ റാന്നി കോടതിയിൽ റിപ്പോർട്ട് നൽകും. എസ്.ഐ.ടിക്ക് ഈ വകുപ്പുകൾ ചേർക്കാമെന്നും കേസ് തുടർന്നും റാന്നി കോടതിക്ക് പരിഗണിക്കാമെന്നും വിജിലൻസ് ആസ്ഥാനം അറിയിച്ചു.
പ്രതിപക്ഷം പ്രചാരണായുധമാക്കി, എൽ.ഡി.എഫ് ആശങ്കയിൽ
കേസിലെ വഴിത്തിരിവുകൾ തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനും എൻ.ഡി.എക്കും പ്രധാന പ്രചാരണായുധമായി മാറി.
യു.ഡി.എഫ്: ബോർഡ് പ്രമുഖരെ അറസ്റ്റ് ചെയ്യണമെന്നും ദേവസ്വം മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് ധർണ നടത്തി. വൃശ്ചികം ഒന്നിന് വാർഡ് തലത്തിൽ പ്രതിഷേധം നടത്താനും തീരുമാനിച്ചു.
എൻ.ഡി.എ: ബി.ജെ.പി. വോട്ടുതേടിയുള്ള വീട് സന്ദർശനങ്ങളിൽ സ്വർണക്കൊള്ള ചർച്ചയാക്കുന്നു.
പത്മകുമാറിൻ്റെ അറസ്റ്റ് ഉണ്ടായാൽ കൂടുതൽ പേരുകൾ പുറത്തുവരുമോ എന്ന ആശങ്ക എൽ.ഡി.എഫ്. ക്യാമ്പിലുണ്ട്. മുൻ ദേവസ്വം മന്ത്രി കടകംപള്ളിക്കും ദ്വാരപാലക ശില്പം കൊണ്ടുപോകാൻ അനുമതി നൽകിയ പി.എസ്. പ്രശാന്തിനും പങ്കുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. 'അയ്യപ്പന്റെ സ്വർണം കവർന്ന ആരെയും രക്ഷിക്കില്ലെ'ന്നും 'മികച്ച രീതിയിലാണ് അന്വേഷണം' എന്നും പറഞ്ഞ് പ്രതിരോധം തീർക്കാനാണ് മുന്നണി ശ്രമിക്കുന്നത്.










