
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ സ്വത്തുക്കളെക്കുറിച്ച് വിജിലൻസ് അന്വേഷിച്ചേക്കും. സാധാരണ കുടുംബത്തിൽ ജനിച്ച മുരാരി ദേവസ്വം ബോർഡിൽ ജോലിക്ക് പ്രവേശിച്ച ശേഷം അതിസമ്പന്നനായ സാഹചര്യമാണ് വിജിലൻസ് പരിശോധിക്കുക. ദേവസ്വം ബോർഡിലെ ജോലി കൊണ്ട് ഇത്രയും പണം സമ്പാദിക്കാൻ കഴിയുമോയെന്നതിലാകും പ്രധാനമായും അന്വേഷണം നടക്കുക. സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം മുരാരിയുടെ സ്വത്തുവിവരം വിജിലൻസിന് കൈമാറും.
പോലീസ് ജോലി ഉപേക്ഷിച്ചാണ് മുരാരി തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജീവനക്കാരനായത്. 1994-ൽ പോലീസ് കോൺസ്റ്റബിളായി പരിശീലനത്തിന് പ്രവേശിച്ചെങ്കിലും പൂർത്തിയാക്കിയില്ല. 1997-ൽ ദേവസ്വം ബോർഡിൽ ഉയർന്ന പദവിയിലിരുന്നയാളുടെ സഹായിയായി തുടങ്ങി. പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിൽ ക്ലർക്കായി സ്ഥിരനിയമനം ലഭിച്ചു. വൈക്കം, ഏറ്റുമാനൂർ, തിരുനക്കര ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്ക് 'സ്പെഷൽ ഓഫീസർ' തസ്തികയിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹം ഈ മൂന്ന് ക്ഷേത്രങ്ങളിലും ഉത്സവത്തിന് ആനകളെ കരാറെടുക്കുന്നതിൽ ക്രമക്കേട് നടത്തിയതായും കണ്ടെത്തിയിരുന്നു.
സ്വർണക്കൊള്ള നടന്ന കാലത്ത് ആഡംബര വീട്
2019-ലാണ് മുരാരി ആഡംബര വീട് നിർമ്മിച്ചത്. ഒന്നര വർഷം കൊണ്ട് നിർമ്മാണം പൂർത്തിയായ ഈ കാലഘട്ടം ശബരിമലയിൽ സ്വർണക്കൊള്ള നടന്ന സമയത്താണ്. സ്വർണപ്പാളി ചെമ്പാണെന്നുള്ള രേഖ ആദ്യം തയാറാക്കിയത് മുരാരി ബാബുവാണ്. എന്നാൽ, താൻ എഴുതി നൽകിയതുകൊണ്ട് മാത്രം കാര്യങ്ങൾ തീരുമാനമാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം കമ്മീഷണറുമൊക്കെ അനുമതി നൽകാതെ ഒരു പ്രവൃത്തിയും നടക്കില്ലെന്നുമാണ് മുരാരിയുടെ മൊഴി.
നിലവിൽ സ്വർണക്കൊള്ളക്കേസിൽ തിരുവനന്തപുരം സ്പെഷൽ സബ് ജയിലിലാണ് മുരാരി. കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതോടെ സമ്പത്തിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനാകുമെന്നാണ് പ്രതീക്ഷ.
മുരാരി ബാബുവിനെ 28ന് ഹാജരാക്കണം
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ ഈ മാസം 28ന് ഹാജരാക്കണമെന്ന് റാന്നി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി നിർദ്ദേശിച്ചു. പ്രതിയെ 29ന് മുമ്പ് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പ്രത്യേക അന്വേഷണ സംഘം പ്രൊഡക്ഷൻ വാറന്റ് സമർപ്പിച്ചിരുന്നു. സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട രണ്ടു കേസുകളിലും ഇയാൾ പ്രതിയാണ്. ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികളെ ചെമ്പുപാളിയെന്ന് ബോധപൂർവം മഹസറിൽ രേഖപ്പെടുത്തിയത് മുരാരിയാണെന്നും, സ്വർണം പൊതിഞ്ഞ കട്ടിളപ്പാളികൾ പുറത്തേക്ക് കൊണ്ടുപോയ കേസിലും ഇയാൾ പ്രതിയാണെന്നും എഫ്ഐആറിൽ പറയുന്നു. രണ്ടു കേസുകളിലെയും ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി 30 വരെയാണ്.











