
ശബരിമലയുടെ സൽപേര് നിലനിർത്തുന്നത് അതിന്റെ അദ്വിതീയമായ മതസൗഹാർദ്ദം, ഭക്തരുടെ അചഞ്ചലമായ വിശ്വാസം, പൗരാണികവും പാരമ്പര്യവുമായ പ്രാധാന്യം എന്നിവയാണ്. ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നായ ഇവിടേക്ക് മണ്ഡലകാലത്തും മകരവിളക്കിനുമായി ലക്ഷോപലക്ഷം വിശ്വാസികളാണ് വ്രതാനുഷ്ഠാനങ്ങളുമായി അയ്യപ്പദർശനത്തിനെത്തുന്നത്. ശബരിമല തീർത്ഥാടനം കേരളത്തിന് വലിയൊരു വരുമാനസ്രോതസ്സുകൂടിയാണ്.
കോടിക്കണക്കിന് രൂപ വരുമാനമുള്ള ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളുടെ ഭരണം നടത്തിപ്പ്, സംരക്ഷണം എന്നിവ ഉറപ്പാക്കാനാണ് ദേവസ്വം ബോർഡ് സ്ഥാപിച്ചത്. ക്ഷേത്രങ്ങളുടെ സ്വത്തുക്കൾ ദൈവത്തിന്റെ സ്വത്തായി കണക്കാക്കുകയും അതിന്റെ നടത്തിപ്പ് സുഗമമാക്കുകയുമാണ് ദേവസ്വം ബോർഡിന്റെ പ്രധാന കർത്തവ്യം. തിരു-കൊച്ചി ഹിന്ദുമത സ്ഥാപനനിയമം(ആക്ട് തഢക 950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപനമായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ ആകുന്നയാൾ ഹിന്ദുമത വിശ്വാസിയായിരിക്കണം എന്നും വ്യവസ്ഥയുണ്ട്. ഒരു യഥാർത്ഥ ഈശ്വരവിശ്വാസിക്ക് ദൈവത്തിന്റെ സ്വത്ത് മോഷ്ടിക്കുന്നതിന് കൂട്ടുനിൽക്കാനാവില്ല. ഇത്തരം ചുമതലകൾ വിശ്വാസി എന്ന പരിഗണനയ്ക്കപ്പുറം കക്ഷിരാഷ്ട്രീയവിധേയത്വം മാത്രം പരിഗണിച്ച് ഏൽപ്പിക്കുമ്പോൾ അത്തരക്കാർ ക്ഷേത്രസ്വത്തിനെ കാട്ടിലെ തടി തേവരുടെ ആന എന്ന നിലയിൽ കാണുക സ്വാഭാവികമാണ്.
ശബരിമലയിലെ യഥാർത്ഥ സ്വർണ്ണാഭരണങ്ങളെ ചെമ്പുപൂശിയതെന്ന് വിശേഷിപ്പിച്ചതിന്റെ ക്രിമിനൽ ബാധ്യത മിനിറ്റ്‌സിൽ ഒപ്പിട്ട ദേവസ്വം ബോർഡ് അംഗങ്ങൾക്കെല്ലാം ഉണ്ട് എന്ന് ഡിസംബർ 19 ന് ഹൈക്കോടതി പറഞ്ഞതിനെ ചോദ്യം ചെയ്ത് ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് സുപ്രീംകോടതിയിൽ നൽകിയ ഹർജി പരിഗണിക്കവേ 'നിങ്ങൾ ദൈവത്തെപ്പോലും വെറുതെ വിടില്ല' എന്ന് ആവശ്യം തള്ളിക്കൊണ്ട് പറഞ്ഞത് ദേവസ്വം ബോർഡിന്റെ കുറ്റകരമായ പങ്കിന്റെ ഗൗരവസ്വഭാവത്തിന് അടിവരയിടുന്നു.
മുൻ പ്രസിഡന്റ് പത്മകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ കൊല്ലം വിജിലൻസ് കോടതി, ലോകമെങ്ങുമുള്ള കോടിക്കണക്കിന് അയ്യപ്പഭക്തരുടെ വിശ്വാസത്തിലാണ് മുറിവേറ്റതെന്ന് പറഞ്ഞിരുന്നു. മനസ് മരവിപ്പിക്കുന്ന ആരോപണങ്ങളാണ് കേസിനെ സംബന്ധിച്ചുള്ളതെന്ന് പറഞ്ഞ വിജിലൻസ് കോടതി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെതിരായ ആരോപണങ്ങൾ അതീവഗുരുതരവും ഞെട്ടിപ്പിക്കുന്നതുമാണെന്നും അയ്യപ്പന്റെ ശ്രീകോവിലിലെ സ്വർണ്ണം ദേവസ്വം ബോർഡിന്റെ അറിവോടെ കൊള്ളയടിച്ച് ശബരിമല ക്ഷേത്രത്തിന്റെ സൽപ്പേരിനെ ബാധിച്ചെന്നും നിരീക്ഷിക്കുകയുണ്ടായി.
ഇത്രയൊക്കെയായിട്ടും പത്മകുമാറിനെയും എൻ. വാസുവിനെയും മറ്റും ദേവസ്വം ബോർഡിന്റെ ഭരണത്തിനായി നിയോഗിച്ച രാഷ്ട്രീയ പ്രസ്ഥാനത്തിന് അവരെ തെറ്റുകാരായി കാണാൻ കഴിഞ്ഞില്ലെന്നതിലെ ധാർമ്മികത അത്ഭുതകരമാണ്.
ശബരിമല ശ്രീകോവിലിന് ഇരുവശങ്ങളിലുമുള്ള ദ്വാരപാലകശിൽപ്പങ്ങളിൽ പൊതിഞ്ഞിരുന്ന സ്വർണ്ണപ്പാളികൾ നവീകരിച്ച് സ്വർണ്ണം പൂശാൻ അഴിച്ചെടുത്ത് ചെന്നൈയ്ക്ക് 2025 സെപ്റ്റംബർ 7 ന് കൊടുത്തുവിട്ടതിന് പിന്നാലേ നടപടി ക്രമവിരുദ്ധമായാണ് എന്ന് ശബരിമലയിലെ ഹൈക്കോടതിയുടെ പ്രതിനിധിയായ സ്‌പെഷ്യൽ കമ്മീഷണർ ആർ. ജയകൃഷ്ണൻ ഹൈക്കോടതി ദേവസ്വം ബെഞ്ചിന് റിപ്പോർട്ട് നൽകിയതിനെത്തുടർന്ന് ഹൈക്കോടതി മുൻകാല രേഖകളെല്ലാം വിളിച്ചുവരുത്തിയപ്പോഴാണ് കേരളം ഇന്നുവരെ കേട്ടിട്ടില്ലാത്ത സംഘടിതക്കൊള്ളയുടെ ചുരുൾ നിവർന്നുതുടങ്ങിയത്.
ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണത്തിൽ പ്രത്യേക അന്വേഷണസംഘം നടത്തുന്ന അന്വേഷണത്തിൽ ശബരിമലയിൽ നടന്ന പെരുംകൊള്ളയാണ് അനാവരണം ചെയ്യപ്പെട്ടത്. ക്ഷേത്രശ്രീകോവിലിലെ കട്ടിളയുടെ ഏഴുപാളികളിലെ സ്വർണ്ണം മാത്രമല്ല കട്ടിളയ്ക്ക് മുകളിലെ പ്രഭാമണ്ഡലത്തിലെ സ്വർണ്ണവും, ശിവരൂപം, വ്യാളിരൂപം എന്നിവയിൽ പൊതിഞ്ഞ സ്വർണ്ണവും കൊള്ളയടിച്ചു എന്നു എസ്.ഐ.ടി കണ്ടെത്തുകയുണ്ടായി. കൊള്ളയടിച്ച സ്വർണ്ണം മുഴുവൻ എവിടെപ്പോയി, നിലവിൽ അറസ്റ്റിലായവർക്ക് പുറമേ ആർക്കെല്ലാം കൊള്ളയിൽ പങ്കുണ്ട്, എന്നതുകൂടി ഹൈക്കോടതി പറഞ്ഞതുപോലെ ഒരു സ്വാധീനത്തിനും വഴങ്ങാതെ ഭയരഹിതമായി പ്രത്യേക അന്വേഷണസംഘം(എസ്.ഐ.ടി) കണ്ടെത്തുക തന്നെ വേണം. അത് ഈ നാടിന്റെ മുഴുവൻ ആവശ്യമാണ്.










