11:35am 06 November 2026
NEWS
കോവളത്ത് 16കാരിക്ക് നേരെ ലൈംഗികാതിക്രമം; നാലുപേർക്കെതിരെ പരാതി; രണ്ടുപേർ പിടിയിൽ
06/11/2026  06:27 AM IST
nila
കോവളത്ത് 16കാരിക്ക് നേരെ ലൈംഗികാതിക്രമം; നാലുപേർക്കെതിരെ പരാതി; രണ്ടുപേർ പിടിയിൽ

 

കോവളം: കോവളത്ത് മറ്റൊരു പതിനാറുകാരിക്ക് നേരെയും ലൈംഗികാതിക്രമം നടന്നതായി പരാതി. ആന്ധ്ര സ്വദേശിനിയായ പതിനാറുകാരി സ്പാകളിൽ കൂട്ടപീഡനത്തിനിരയായ സംഭവത്തിനു പിന്നാലെയാണ് പുതിയ സംഭവവും പുറത്തുവരുന്നത്. പത്താം ക്ലാസ് വിദ്യാർഥിനിയെ വിവിധ സമയങ്ങളിലായി നാലുപേർ പീഡിപ്പിച്ചെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കോവളം പോലീസ് അറസ്റ്റ് ചെയ്തു. മറ്റു രണ്ടുപേർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മെഡിക്കൽ സ്റ്റോർ ഉടമ അനൂപ് (39), പള്ളിച്ചൽ സ്വദേശി റോയ് (27) എന്നിവരാണ് അറസ്റ്റിലായത്. പുങ്കുളം പാമ്പാടി ക്ഷേത്രത്തിന് സമീപം താമസിക്കുന്നയാളാണ് അനൂപ്. പെറ്റ് ഷോപ്പ് നടത്തുന്നതിനൊപ്പം ജിം ട്രെയിനറായും പ്രവർത്തിക്കുന്നയാളാണ് റോയ്.

സ്കൂളിൽ പതിവായി ഹാജരാകാതിരുന്നതിനെത്തുടർന്ന് അധികൃതർ വിദ്യാർഥിനിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കൗൺസിലിങ്ങിന് അയച്ചിരുന്നു. ഇവിടെ നടത്തിയ കൗൺസിലിങ്ങിലാണ് പീഡനവിവരങ്ങൾ പുറത്തുവന്നത്. കോവളം, തിരുവല്ലം, ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധികളിലായി നാലുപേർ അതിക്രമം നടത്തിയെന്നാണ് പെൺകുട്ടിയുടെ മൊഴി. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി രണ്ടുദിവസം മുമ്പ് വിവരം കോവളം പോലീസിനെ അറിയിച്ചു. പെൺകുട്ടിയെ നിലവിൽ സർക്കാർ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

കഴിഞ്ഞ ഏപ്രിലിൽ കോവളം-ആഴാകുളം-വിഴിഞ്ഞം റോഡിലെ മെഡിക്കൽ സ്റ്റോറിൽ സെയിൽസ് ഗേളായി ജോലി ചെയ്യുന്നതിനുള്ള പരിശീലനത്തിനെത്തിയപ്പോഴാണ് ഉടമയായ അനൂപ് പീഡിപ്പിച്ചതെന്നാണ് പരാതി. സ്ഥാപനത്തിനുള്ളിൽവച്ചായിരുന്നു അതിക്രമമെന്നാണ് മൊഴി.

സമൂഹമാധ്യമത്തിലൂടെയാണ് പെൺകുട്ടി പള്ളിച്ചൽ സ്വദേശിയായ റോയിയുമായി പരിചയപ്പെട്ടത്. പിന്നീട് സൗഹൃദം സ്ഥാപിച്ച ഇയാൾ കഴിഞ്ഞ ഫെബ്രുവരിയിൽ വിദ്യാർഥിനിയുടെ വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് ആരോപണം.

മറ്റു രണ്ടുപേർ തിരുവല്ലം, ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധികളിൽവച്ചാണ് അതിക്രമം നടത്തിയതെന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. ഈ സംഭവങ്ങളിൽ കോവളം പോലീസ് സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് തുടർ അന്വേഷണത്തിനായി ബന്ധപ്പെട്ട സ്റ്റേഷനുകൾക്ക് കൈമാറി. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img