
ചെന്നൈ: വിചാരണ പൂർത്തിയാകാതെ പ്രതികളെ വർഷങ്ങളോളം ജയിലിലിടുന്നത് ശിക്ഷയ്ക്ക് തുല്യമാണെന്നും ഇത് ക്രിമിനൽ നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളെ അട്ടിമറിക്കുമെന്നും മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ' രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലെ ഗുരുതരമായ പോരായ്മകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി.
വിചാരണ കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കില്ലെങ്കിൽ, വ്യക്തിസ്വാതന്ത്ര്യത്തിനും ജീവിക്കാനുള്ള അവകാശത്തിനും മുൻഗണന നൽകി കോടതികൾ ജാമ്യം അനുവദിക്കണം.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാരിന്റെ വാദങ്ങൾ കണ്ണടച്ച് വിശ്വസിക്കരുത്. അവ കർശനമായ ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാക്കണം.
തീവ്രമായതോ ശക്തമായതോ ആയ പ്രസംഗങ്ങൾ നടത്തിയതുകൊണ്ടുമാത്രം ഒരാൾ ഭീകരവാദിയാകുന്നില്ല. പ്രസംഗങ്ങൾക്കപ്പുറം പ്രവൃത്തികൾ ഉണ്ടോ എന്ന് പരിശോധിക്കാൻ കോടതികൾ തയ്യാറാകണം.
വർഷങ്ങളോളം ജയിലിൽ കിടന്ന ശേഷം നിരപരാധിയെന്ന് കണ്ട് വിട്ടയക്കപ്പെടുന്നവരുടെ നഷ്ടപ്പെട്ട കാലത്തിന് ആര് മറുപടി പറയുമെന്ന് അദ്ദേഹം ചോദിച്ചു.
വ്യവസ്ഥാപിത മാറ്റം അനിവാര്യം
ഏജൻസികൾക്ക് വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയാത്തത് നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ തകർക്കുന്നു. ക്രിമിനൽ നിയമ നടപടികളിൽ അടിയന്തര പരിഷ്കാരം കൊണ്ടുവന്നില്ലെങ്കിൽ, വിചാരണയ്ക്ക് മുൻപുള്ള തടവ് ഒരു അനീതിയായി തുടരുമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ഓർമ്മിപ്പിച്ചു.











