12:13am 24 August 2026
NEWS
കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവുകൾ മോടിപിടിപ്പിക്കാൻ ഒറ്റ വർഷം ചെലവഴിച്ചത് 92.35 കോടി രൂപ
23/08/2026  07:59 PM IST
nila
കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവുകൾ മോടിപിടിപ്പിക്കാൻ ഒറ്റ വർഷം ചെലവഴിച്ചത് 92.35 കോടി രൂപ

ന്യൂഡൽഹി: കേന്ദ്രമന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്കും നവീകരണത്തിനുമായി കേന്ദ്രസർക്കാർ ചെലവഴിക്കുന്ന തുകയിൽ വൻ വർധന. 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം 92.35 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. 2014-15ൽ ചെലവഴിച്ച 27.47 കോടി രൂപയേക്കാൾ മൂന്നിരട്ടിയിലധികമാണിത്.

വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളിലാണ് മന്ത്രിമാരുടെ വസതികളുടെ നവീകരണച്ചെലവിന്റെ കണക്കുകൾ പുറത്തുവന്നത്. 2014-15 മുതൽ 2025-26 വരെയുള്ള 12 വർഷത്തിനിടെ സെൻട്രൽ പബ്ലിക് വർക്ക്‌സ് ഡിപ്പാർട്ട്‌മെന്റ് (സി.പി.ഡബ്ല്യു.ഡി.) വഴി ആകെ 547.68 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.

അഞ്ച് വർഷത്തിനിടെ ചെലവ് ഇരട്ടിയോളം

2014 മുതൽ 2019 വരെയുള്ള കാലയളവിൽ മന്ത്രിമാരുടെ ഔദ്യോഗിക വസതികൾക്കായി പ്രതിവർഷം ശരാശരി 26.78 കോടി രൂപയാണ് ചെലവഴിച്ചത്. 2019 മുതൽ 2024 വരെയുള്ള കാലയളവിൽ ഇത് ഏകദേശം 50 കോടി രൂപയായി ഉയർന്നു.

ചെലവ് വർധന തുടർന്നതോടെ 2024-25ൽ 71.98 കോടി രൂപയും 2025-26ൽ 92.35 കോടി രൂപയുമാണ് നവീകരണത്തിനായി ചെലവായത്.

പഴക്കം ചെന്ന ബംഗ്ലാവുകൾ

വസതികളുടെ കാലപ്പഴക്കമാണ് ഉയർന്ന അറ്റകുറ്റപ്പണിച്ചെലവിന് പ്രധാന കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ചോർച്ച, ചിതൽശല്യം, പഴക്കം ചെന്ന വൈദ്യുത സംവിധാനങ്ങൾ, പ്ലംബിങ് തകരാറുകൾ തുടങ്ങിയ പ്രശ്‌നങ്ങൾ ഇത്തരം ബംഗ്ലാവുകളിൽ പതിവാണെന്നും സി.പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥർ പറയുന്നു.

മന്ത്രിമാരുടെ ഔദ്യോഗിക വസതികളിൽ പലതും 80, 90, 100 വർഷം വരെ പഴക്കമുള്ളവയാണ്. ചില കെട്ടിടങ്ങളുടെ ഘടനയ്ക്ക് കാലപ്പഴക്കം ബാധിച്ചതിനാൽ നവീകരണം അനിവാര്യമാകുന്നുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കൊളോണിയൽ കാലത്തിന്റെ ശേഷിപ്പുകൾ

1912നും 1930നും ഇടയിലാണ് ഡൽഹിയിലെ ല്യൂട്ടൻസ് ബംഗ്ലാവ് മേഖല വികസിപ്പിച്ചത്. ബ്രിട്ടീഷ് കാലത്ത് മുതിർന്ന ഉദ്യോഗസ്ഥർക്കായി നിർമിച്ചിരുന്ന ഈ വസതികൾ സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ ഭരണസംവിധാനത്തിലെ ഉന്നതർക്ക് ഉപയോഗിക്കാൻ മാറ്റുകയായിരുന്നു.

മന്ത്രിമാർക്ക് പുറമെ പാർലമെന്റ് അംഗങ്ങൾ, മുതിർന്ന ജഡ്ജിമാർ, ഉന്നത സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയവരും ഈ ബംഗ്ലാവുകളിൽ താമസിക്കുന്നുണ്ട്.

ല്യൂട്ടൻസ് ബംഗ്ലാവ് സോൺ എന്ന പേര് എഡ്വിൻ ല്യൂട്ടൻസിൽ നിന്നാണെങ്കിലും മേഖലയിലെ എല്ലാ ബംഗ്ലാവുകളും അദ്ദേഹത്തിന്റെ രൂപകൽപ്പനയല്ലെന്ന് ചരിത്രകാരിയും എഴുത്തുകാരിയുമായ സ്വപ്ന ലിഡിൽ പറഞ്ഞു. രാഷ്ട്രപതി ഭവന് ചുറ്റുമുള്ള പ്രസിഡന്റിന്റെ എസ്റ്റേറ്റിലെ ഔദ്യോഗിക ബംഗ്ലാവുകളാണ് ല്യൂട്ടൻസ് രൂപകൽപ്പന ചെയ്തതെന്നും അവർ വ്യക്തമാക്കി.

ന്യൂഡൽഹിയിലെ കൊളോണിയൽ കാലഘട്ടത്തിലെ ഭൂരിഭാഗം ഔദ്യോഗിക ബംഗ്ലാവുകളും ബ്രിട്ടീഷ് ഭരണകാലത്തെ പബ്ലിക് വർക്ക്‌സ് ഡിപ്പാർട്ട്‌മെന്റിലെ ആർക്കിടെക്റ്റുകളാണ് രൂപകൽപ്പന ചെയ്തതെന്നും സ്വപ്ന ലിഡിൽ കൂട്ടിച്ചേർത്തു. പ്രധാന കെട്ടിടത്തിനൊപ്പം ജീവനക്കാർക്കായുള്ള അനുബന്ധ കെട്ടിടങ്ങളും വിശാലമായ വളപ്പും ഉൾപ്പെടുന്നതായിരുന്നു ഇവയുടെ പ്രത്യേകത.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img