09:41am 16 August 2026
NEWS
10,000 രൂപ പ്രഖ്യാപനം മാത്രം; സഹായം കൈയിൽ കിട്ടാതെ കാലവർഷ ദുരിതബാധിതർ
16/08/2026  06:58 AM IST
nila
10,000 രൂപ പ്രഖ്യാപനം മാത്രം; സഹായം കൈയിൽ കിട്ടാതെ കാലവർഷ ദുരിതബാധിതർ

തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ വീടുകളിൽ വെള്ളം കയറിയവർക്ക് സർക്കാർ പ്രഖ്യാപിച്ച 10,000 രൂപയുടെ അടിയന്തര ധനസഹായം വിതരണം ചെയ്യാൻ നടപടികൾ ഇനിയും തുടങ്ങിയില്ല. വീടുകൾ വൃത്തിയാക്കുന്നതിനായി റേഷൻകാർഡ് ഒന്നിന് 10,000 രൂപ വീതം നൽകുമെന്ന് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കിയെങ്കിലും, സഹായം ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ വ്യക്തതയില്ലാത്തതാണ് പ്രധാന തടസ്സം.

ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയം തേടേണ്ടിവന്ന നിരവധി കുടുംബങ്ങൾ സഹായത്തിനായി കാത്തിരിക്കുകയാണ്. ക്യാമ്പിൽ കഴിയാത്തവർക്കും വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ധനസഹായം നൽകുമെന്ന സൂചനയുണ്ടെങ്കിലും ഇത് എങ്ങനെ നടപ്പാക്കണമെന്ന കാര്യത്തിൽ ഉത്തരവിൽ വിശദീകരണമില്ല.

വെള്ളം കയറിയ വീടുകൾ കണ്ടെത്തി റിപ്പോർട്ട് നൽകേണ്ടത് വില്ലേജ് ഓഫീസർമാരാണ്. എന്നാൽ ഇതുസംബന്ധിച്ച് പ്രത്യേക ഉത്തരവോ സമയക്രമമോ ഇതുവരെ നൽകിയിട്ടില്ല. ഗുണഭോക്താക്കളിൽനിന്ന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള ഫോമും തയ്യാറായിട്ടില്ല.

ഫണ്ട് ഏത്?

സഹായത്തുക ഏത് ഫണ്ടിൽനിന്നാണ് അനുവദിക്കേണ്ടതെന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. 2018ലെ പ്രളയത്തിൽ അനുവദിച്ച 10,000 രൂപയിൽ 6,200 രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്നും 3,800 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുമായിരുന്നു.

എന്നാൽ ഇത്തവണത്തെ ഉത്തരവിൽ ഫണ്ടിന്റെ ഉറവിടം വ്യക്തമാക്കിയിട്ടില്ല. അതിനാൽ ജില്ലകളിലെ കളക്ടർമാർക്ക് തുക കൈമാറുന്നതിലും തടസ്സമുണ്ടെന്നാണ് റവന്യൂ അധികൃതർ പറയുന്നത്.

റേഷൻകാർഡ് ഇല്ലെങ്കിൽ സഹായമില്ലേ?

പുറമ്പോക്കിൽ താമസിക്കുന്നവർക്കുള്ള സഹായത്തിന്റെ കാര്യത്തിലും ഉത്തരവിൽ വ്യക്തതയില്ല. റേഷൻകാർഡ് ഇല്ലാത്തവരെ എങ്ങനെ പരിഗണിക്കണമെന്നതും വ്യക്തമാക്കിയിട്ടില്ല. ഇതോടെ അർഹരായ പല കുടുംബങ്ങൾക്കും സഹായം നഷ്ടപ്പെടുമോ എന്ന ആശങ്ക ഉയരുകയാണ്.

കടയുടമയ്ക്കോ വാടകക്കാരനോ?

വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായ സൂക്ഷ്മ, ചെറുകിട, ഇടത്തരം വാണിജ്യ-വ്യാപാര-വ്യവസായ സ്ഥാപനങ്ങൾക്കും അംഗീകൃത ഹോംസ്റ്റേകൾക്കും 10,000 രൂപ വീതം അടിയന്തര സഹായം നൽകുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ ഈ തുക സ്ഥാപനത്തിന്റെ ഉടമയ്ക്കാണോ വാടകയ്ക്ക് എടുത്ത് നടത്തുന്ന വ്യക്തിക്കാണോ നൽകേണ്ടതെന്നതിൽ വ്യക്തതയില്ല. വാടകവീടുകളിൽ താമസിക്കുന്നവരുടെ കാര്യത്തിലും സമാനമായ ചോദ്യങ്ങൾ ഉയരുന്നുണ്ട്.

ക്യാമ്പ് ബത്തയും കാത്തിരിപ്പിൽ

ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾക്ക് ഒരു റേഷൻകാർഡിന് പ്രതിദിനം 300 രൂപ വീതം ഏഴുദിവസത്തേക്ക് നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. രണ്ട് മുതിർന്ന വ്യക്തികളെ കണക്കാക്കിയാണ് തുക നിശ്ചയിച്ചത്.

എന്നാൽ ക്യാമ്പ് ബത്ത വിതരണം ചെയ്യേണ്ടത് ആരാണെന്നും ഏത് നടപടിക്രമത്തിലൂടെയാണ് തുക നൽകേണ്ടതെന്നും ഇതുവരെ വ്യക്തമായിട്ടില്ല.

സഹായം പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും വിതരണം തുടങ്ങാത്തത് ദുരിതബാധിതരുടെ ആശങ്ക വർധിപ്പിക്കുകയാണ്. ഉത്തരവുകളിലെ അവ്യക്തതകൾ അടിയന്തരമായി പരിഹരിച്ച് സഹായധനം ഉടൻ വിതരണം ചെയ്യണമെന്നാണ് ആവശ്യം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img