
കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരിക്കൊപ്പം റോയ്‌സ് ആർ ഹൊറാക്ക്
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യുഎസ് ഗവൺമെന്റിന്റെ ഇംഗ്ലീഷ് ലാംഗ്വേജ് ഫെലോ പ്രോഗ്രാമിന്റെ ഭാഗമായി റോയ്‌സ് ആർ. ഹൊറാക്കിനെ ഇംഗ്ലീഷ് ലാങ്വേജ് ഫെലോ ആയി കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി നിയമിച്ചു.
കുസാറ്റിലെ STEAM വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ ആശയവിനിമയം, ഗവേഷണ - രചന എന്നിവ മെച്ചപ്പെടുത്തുന്നതിനും അവരെ ഭാവിയിൽ യുഎസ്–ഇന്ത്യ സാങ്കേതിക സഹകരണത്തിന്റെ നേതൃത്വത്തിൽ എത്തിക്കുന്നതിനും സഹായിക്കുക എന്നതാണ് ഇദ്ദേഹത്തിന്റെ കർത്തവ്യം. ഇദ്ദേഹം കുസാറ്റിൽ എംബിഎ വിദ്യാർത്ഥികൾക്കായി ബിസിനസ് ഇംഗ്ലീഷ് കോഴ്സുകൾ പഠിപ്പിക്കുകയും, സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയുടെ (C-SiS) സഹകരണത്തിൽ STEAM വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ് ഭാഷാ മോഡ്യൂൾ രൂപകല്‍പ്പന ചെയ്യുകയും, അമേരിക്കൻ കോർണറിലൂടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും വ്യക്തിത്വവികാസവും പ്രോത്സാഹിപ്പിക്കുന്ന വർക്ക്‌ഷോപ്പുകൾ നടത്തുകയും ചെയ്യും.
മിസിസിപ്പി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ പിഎച്ച്ഡി നേടിയ റോയ്‌സ്, സ്റെറ്സൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. അമേരിക്ക, സ്വിറ്റ്സർലാൻഡ്, മോറോക്കോ, ഇക്വഡോർ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വ്യാപകമായ പ്രവർത്തിപരിചയമുണ്ട്. CELTA, DELTA ഭാഷാ സർട്ടിഫിക്കേഷനുകൾ ഉള്ള റോയ്‌സ് ഹൊറാക്ക് ബിസിനസ് ഇംഗ്ലീഷ്, അക്കാദമിക രചന, പ്രൊഫഷണൽ കമ്മ്യൂണിക്കേഷൻ
എന്നിവയിലൂടെ വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും മികച്ച മാർഗ്ഗനിർദ്ദേശവുംപരിശീലനവും നൽകും.
Photo Courtesy - Google







