കൊച്ചി: ലോകത്തെ ശുദ്ധജല പ്രശ്നത്തിന് പരിഹാരം കാണുന്നതിൽ ഗ്രാഫീന് നിർണായക പങ്ക് സാധ്യമെന്ന് ശാസ്ത്രജ്ഞർ. കൊച്ചിയിൽ നടക്കുന്ന അന്താരാഷ്ട്ര ഗ്രാഫീൻ സമ്മേളനമായ ‘ഗ്രാഫിൻ 2026’ന്റെ രണ്ടാം ദിവസത്തെ ചർച്ചകളിലാണ് ഈ വിലയിരുത്തൽ.
ഗ്രാഫീൻ ഉപയോഗിച്ച പുതിയ ഫിൽറ്ററുകളും നാനോ സംയുക്ത വസ്തുക്കളുമാണ് വെള്ളത്തിലെ വിഷാംശങ്ങളും മലിനീകരണങ്ങളും നീക്കം ചെയ്യുന്ന പുതിയ താരം.
ഗ്രാഫീൻ അടിസ്ഥാനമാക്കിയ നാനോ സംയുക്തങ്ങൾക്ക് വലിയ ഉപരിതല വിസ്തീർണ്ണവും ശക്തമായ രാസപ്രവർത്തന ശേഷിയും ഉള്ളതിനാൽ വെള്ളത്തിലെ വിഷാംശങ്ങളെ പിടിച്ചെടുക്കാൻ കഴിയുമെന്ന് ഡിആർഡിഒയുടെ സെൻറർ ഫോർ ഫയർ, എക്സ്പ്ലോസീവ് ആൻഡ് എൻവയോൺമെൻറ് സേഫ്റ്റി (CFEES)യിലെ ഡോ. ഭാരതി പറഞ്ഞു,
മാഞ്ചസ്റ്റർ സർവകലാശാലയിലെ നാഷണൽ ഗ്രാഫീൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. പ്രേംലാൽ ബി. പിള്ള ഗ്രാഫീൻ ഫിൽറ്റർ മെംബ്രേൻ സാങ്കേതികവിദ്യ അവതരിപ്പിച്ചു. സൂക്ഷ്മമായ ചെറു ചാലുകൾ ഉള്ള ഗ്രാഫീൻ പാളികളിലൂടെ വെള്ളം കടന്നുപോകുമ്പോൾ ഉപ്പും ഭാരലോഹങ്ങളും മറ്റ് മാലിന്യങ്ങളും തടയാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
സാധാരണ ഉപയോഗിക്കുന്ന റിവേഴ്സ് ഓസ്മോസിസ് പോലുള്ള രീതികളിൽ നിന്ന് വ്യത്യസ്തമാണിത്. ഗ്രാഫീൻ പാളികൾ തമ്മിലുള്ള വിടവുകളും,വൈദ്യുത ചാർജും നിയന്ത്രിച്ച് വെള്ളത്തിലെ അയോൺ കണങ്ങളും കൃത്യമായി ഫിൽറ്റർ ചെയ്യാൻ കഴിയും.
ഇത്തരം സാങ്കേതികവിദ്യകൾ കടൽജലം ശുദ്ധീകരണത്തിലും മലിനജല ശുദ്ധീകരണത്തിലും വലിയ മാറ്റം ഉണ്ടാക്കുമെന്ന് വിദഗ്ധർ പറഞ്ഞു. കുറഞ്ഞ ഊർജ ഉപയോഗത്തിൽ കൂടുതൽ ഫലപ്രദമായ ശുദ്ധീകരണം സാധ്യമാക്കാനും ഇതിന് കഴിയും.
ഗ്രാഫീന്റെ നേർമ്മയും ഉയർന്ന ശക്തിയും രാസസ്ഥിരതയും കാരണം അതിനൂതന ഫിൽറ്റർ സംവിധാനങ്ങൾക്ക് ഇത് വളരെ അനുയോജ്യമാണ്. പരമ്പരാഗത രീതികളിലൂടെ നീക്കം ചെയ്യാൻ ബുദ്ധിമുട്ടുള്ള മാലിന്യങ്ങളും ഇതിലൂടെ ഒഴിവാക്കാൻ കഴിയും.
വ്യവസായ മാലിന്യജല ശുദ്ധീകരണത്തിലും ഗ്രാഫീൻ ഫിൽറ്ററുകൾക്ക് വലിയ സാധ്യതയുണ്ടെന്ന് ഗവേഷകർ പറഞ്ഞു. വ്യവസായങ്ങളിൽ നിന്നുള്ള ഭാരലോഹങ്ങൾ, നിറങ്ങൾ തുടങ്ങിയ വിഷാംശങ്ങൾ പരിസ്ഥിതിയിലേക്ക് പോകുന്നതിന് മുമ്പ് നീക്കം ചെയ്യാൻ ഇത് സഹായിക്കും.
സമ്മേളനത്തിന്റെ രണ്ടാം ദിവസത്തിൽ ഊർജ സാങ്കേതികവിദ്യ, സൂപ്പർ കപ്പാസിറ്ററുകൾ, സോഡിയം- അയോൺ ബാറ്ററികൾ, ഹൈഡ്രജൻ സംഭരണം തുടങ്ങിയ വിഷയങ്ങളും ചർച്ചയായി. ആരോഗ്യ നിരീക്ഷണത്തിനുള്ള ഫ്ലെക്സിബിൾ സെൻസറുകൾ, സൂക്ഷ്മ രോഗനിർണയ ഉപകരണങ്ങൾ തുടങ്ങിയ ഗ്രാഫീൻ അടിസ്ഥാനമാക്കിയ സാങ്കേതികവിദ്യകളും അവതരിപ്പിച്ചു.
ക്വാണ്ടം മെറ്റീരിയലുകൾ, പുതിയ സെമികണ്ടക്ടർ സാങ്കേതികവിദ്യകൾ, സാങ്കേതിക സെഷനുകൾ, വ്യവസായികമായ പ്രയോഗങ്ങൾ എന്നിവ സംബന്ധിച്ച് നിരവധി ചർച്ചകൾ എന്നിവ അടുത്ത രണ്ടു ദിവസങ്ങളിലായി നടക്കും.








