08:26am 13 November 2026
NEWS
മാധ്യമ-വിനോദ മേഖലകളിൽ ഭിന്നശേഷി സൗഹൃദ വിപ്ലവവുമായി ഗവേഷക ഓല മുസ്തഫ
23/06/2026  03:40 PM IST
nila
മാധ്യമ-വിനോദ മേഖലകളിൽ ഭിന്നശേഷി സൗഹൃദ വിപ്ലവവുമായി ഗവേഷക ഓല മുസ്തഫ

ദോഹ: വിദ്യാഭ്യാസം, തൊഴിൽ, പൊതുസേവനങ്ങൾ തുടങ്ങിയ മേഖലകളിലെ ഭിന്നശേഷി സൗഹൃദ (Accessibility) ചർച്ചകൾക്ക് ഖത്തറിൽ വലിയ പ്രാധാന്യമുണ്ട്. ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായി രാജ്യം ഇതിനായി നിരവധി പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. എന്നാൽ, ഭിന്നശേഷിക്കാർക്ക് കേവലം അടിസ്ഥാന സൗകര്യങ്ങൾ മാത്രം പോരെന്നും, അവർക്ക് വിനോദത്തിനും മാധ്യമങ്ങൾ ആസ്വദിക്കാനുമുള്ള തുല്യഅവകാശമുണ്ടെന്നുംഓർമ്മിപ്പിക്കുകയാണ് ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റിയിലെ (HBKU) ഗവേഷകയും മലയാളി വായനക്കാർക്ക് മാതൃകയുമായ ഓല മുസ്തഫ.
​"ഭിന്നശേഷിയുള്ള വ്യക്തികൾക്കും വിനോദത്തിന് അവകാശമുണ്ട്. അതുകൊണ്ടാണ് ഞാൻ മാധ്യമങ്ങളിലെ ഭിന്നശേഷി സൗഹൃദ സാധ്യതകളെക്കുറിച്ച് ഗവേഷണം നടത്തുന്നതെന്ന് ഓല മുസ്തഫ വ്യക്തമാക്കുന്നു. ഓഡിയോവിഷ്വൽ വിവർത്തനത്തിൽ (Audiovisual Translation) ബിരുദാനന്തര ബിരുദം നേടിയ ഓല, ടിവി ഷോകളും ഗെയിമുകളുമെല്ലാം എല്ലാവർക്കും ആസ്വദിക്കാനാകുന്ന രീതിയിലേക്ക് മാറ്റിയെടുക്കാനുള്ള ശ്രമങ്ങളിലാണ്.നമ്മുടെയെല്ലാം കുട്ടിക്കാല ഓർമ്മകളുടെ ഭാഗമാണ് 'ടോം ആൻഡ് ജെറി' എന്ന കാർട്ടൂൺ പരമ്പര. എന്നാൽ, കാഴ്ച വൈകല്യമുള്ള കുട്ടികൾക്ക് ഈ ദൃശ്യവിരുന്ന് ആസ്വദിക്കാൻ കഴിയില്ല. അവർ ഈ കൂട്ടായ ഓർമ്മകളിൽ നിന്നും ഒഴിവാക്കപ്പെടുന്നു എന്ന ചിന്തയാണ് ഓലയെ ഇതിനായി പ്രേരിപ്പിച്ചത്.
​തന്റെ മാസ്റ്റേഴ്സ് തീസിസിന്റെ ഭാഗമായി, കാഴ്ചയില്ലാത്ത കുട്ടികളെക്കൂടി പങ്കാളികളാക്കിക്കൊണ്ട് 'ടോം ആൻഡ് ജെറി' എപ്പിസോഡുകൾക്കായി അവർ പ്രത്യേക 'ഓഡിയോ ഡിസ്ക്രിപ്ഷനുകൾ' (ദൃശ്യങ്ങൾ ശബ്ദത്തിലൂടെ വിവരിക്കുന്ന രീതി) തയ്യാറാക്കി.ഒരു ദിവസം സഹോദരിയുമായി 'കണക്ട് 4' (Connect 4) എന്ന ഗെയിം കളിക്കുമ്പോഴാണ്, ആ കളി പൂർണ്ണമായും നിറങ്ങളെ ആശ്രയിച്ചാണെന്ന കാര്യം ഓല ശ്രദ്ധിക്കുന്നത്. അങ്ങനെയെങ്കിൽ അന്ധതയോ വർണ്ണാന്ധതയോ (Colour blindness) ഉള്ളവർ ഇത് എങ്ങനെ കളിക്കും
എന്ന ചിന്തയിൽ നിന്നാണ് നിറങ്ങൾക്ക് പകരം തൊട്ടറിയാനാകുന്ന 'ടെക്സ്ചറുകൾ' (Textures) ഉപയോഗിച്ച് അവർ ആ ഗെയിം പുനർരൂപകൽപ്പന ചെയ്തത്. ഇത് പിന്നീട് 'പ്ലേ ഏബിൾ' (PlayAble) എന്ന സ്റ്റാർട്ടപ്പ് സംരംഭത്തിന് തുടക്കമിട്ടു. 3D പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് തൊട്ടറിയാനാകുന്ന തരം 'റുബിക്സ് ക്യൂബും' അവർ വികസിപ്പിച്ചെടുത്തു. കളിയുടെ നിയമങ്ങൾ മാറ്റാതെ തന്നെ കൂടുതൽ ആളുകളെ ഇതിലേക്ക് ഉൾപ്പെടുത്താൻ ഈ മാറ്റത്തിലൂടെ സാധിച്ചു.
പതിനൊന്നാം വയസ്സു മുതൽ ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായി സംസാരിക്കുന്ന ആളാണ് ഓല. കുട്ടിക്കാലത്ത് തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാൾ കാഴ്ചയില്ലാത്തവളായിരുന്നു. അവൾ ക്ലാസിലെ ബോർഡ് കാണാൻ കഴിയാത്തതുകൊണ്ട് സംശയങ്ങൾ ചോദിക്കുമ്പോൾ മറ്റുള്ളവർ കളിയാക്കുമായിരുന്നു. അന്ന് അവൾക്കായി സംസാരിച്ചുകൊണ്ടാണ് ഓല ഈ രംഗത്തേക്ക് വരുന്നത്.
​ഒരു കഫേയുടെ മുന്നിൽ വീൽചെയർ റാമ്പ് ഇല്ലാത്തത് കാണുമ്പോൾ മുതൽ വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഭിന്നശേഷിക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ വരെ ഓലയുടെ ശ്രദ്ധയിൽപ്പെടാറുണ്ട്. ഇത് അവരിൽ നിരാശയുണ്ടാക്കാറുണ്ടെങ്കിലും, പുതിയ പ്രോജക്റ്റുകൾ ചെയ്യാനുള്ള ഊർജ്ജം നൽകുന്നത് ഇതാണ്.
​"പല കമ്പനികളും വിചാരിക്കുന്നത് ഭിന്നശേഷി സൗഹൃദമായ മാറ്റങ്ങൾ വരുത്തുന്നത് വലിയ ചിലവേറിയ കാര്യമാണെന്നാണ്. എന്നാൽ, ഒരു ഉൽപ്പന്നം നിർമ്മിച്ച ശേഷം അതിൽ മാറ്റങ്ങൾ വരുത്തുമ്പോഴാണ് ചിലവ് കൂടുന്നത്. നിർമ്മാണത്തിന്റെ തുടക്കം മുതൽ തന്നെ എല്ലാവരെയും ഉൾക്കൊള്ളാൻ തക്ക രീതിയിൽ ഡിസൈൻ ചെയ്താൽ അത് ബിസിനസ്സിനും സമൂഹത്തിനും ഒരുപോലെ ലാഭകരമാണെന്ന് 
 ഓല മുസ്തഫപറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img