09:15am 18 September 2026
NEWS
റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ
17/09/2026  06:11 AM IST
nila
റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൊച്ചി: റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ. വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് അളവിൽ കവിഞ്ഞ മദ്യശേഖരം കണ്ടെത്തിയതിന് പിന്നാലെയാണ് എക്സൈസിന്റെ നടപടി. കൊച്ചിയിലെ റിപ്പോർട്ടർ ടിവി ഓഫീസിലെത്തിയാണ് എക്സൈസ് സംഘം ആൻ്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്. പിന്നാലെ വൈദ്യപരിശോധനയ്ക്കായി ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

അറസ്റ്റിന് തൊട്ടുമുൻപ് ഓഫീസിൽ നടന്നത് നാടകീയ രംഗങ്ങൾ. എഫ്ഐആർ കാണിക്കാതെ അറസ്റ്റ് അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു ആൻ്റോ അഗസ്റ്റിൻ. എക്സൈസ് സംഘം ഡിജിറ്റൽ കോപ്പി കാണിച്ചെങ്കിലും ഹാർഡ് കോപ്പി തന്നെ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് പെരുമ്പാവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മനോജ് കുമാർ എഫ്ഐആർ കോപ്പിയുമായി ഓഫീസിലെത്തിയതോടെയാണ് അറസ്റ്റിലേക്കുള്ള നടപടികൾ പൂർത്തിയായത്.

അബ്കാരി ആക്ടിലെ ജാമ്യമില്ലാ വകുപ്പുകളാണ് കേസിൽ ചുമത്തിയിരിക്കുന്നത്. 55എ, 55ഐ, 58 എന്നീ വകുപ്പുകൾ പ്രകാരമാണ് എക്സൈസ് കേസ് രജിസ്റ്റർ ചെയ്തത്. നിയമവിരുദ്ധമായി മദ്യം കടത്തുകയോ കൈവശംവയ്ക്കുകയോ ചെയ്യുന്നത് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഈ വകുപ്പുകളുടെ പരിധിയിൽ വരുന്നത്. 55എ പ്രകാരമുള്ള കുറ്റത്തിന് 10 വർഷം വരെ തടവും കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും ലഭിക്കാം.

വാഴവറ്റയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കേസിന് വഴിവച്ച മദ്യശേഖരം കണ്ടെത്തിയത്. 43 ലിറ്റർ വിദേശമദ്യം, ഏഴ് ലിറ്റർ വിദേശ വൈൻ, 13 ലിറ്റർ വീട്ടിൽ നിർമിച്ച വൈൻ എന്നിവയാണ് കണ്ടെത്തിയത്. കൂടാതെ ഇന്ത്യയിൽ വിൽപ്പനയ്ക്ക് അനുമതിയില്ലാത്ത മദ്യക്കുപ്പികളും മറ്റൊരു മുറിയിൽ നിന്ന് പിടിച്ചെടുത്തതായി എക്സൈസ് അറിയിച്ചു.

ഇതിനിടെ മറ്റൊരു കേസിലെ പരിശോധനയും ഓഫീസിൽ നടന്നിരുന്നു. മെസിയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ എസ്ഐടി നടത്തിയ പരിശോധന പൂർത്തിയാക്കി സംഘം മടങ്ങുന്നതിന് തൊട്ടുമുൻപാണ് എക്സൈസ് സംഘം ഓഫീസിലെത്തിയത്. ഏകദേശം 20 മണിക്കൂർ നീണ്ട എസ്ഐടി പരിശോധനയ്ക്കൊടുവിലാണ് ഓഫീസിൽ അറസ്റ്റിന്റെ നിർണായക നീക്കം ഉണ്ടായത്.

ബുധനാഴ്ച രാവിലെ ആറുമണിയോടെ ആരംഭിച്ച എസ്ഐടി പരിശോധന വ്യാഴാഴ്ച പുലർച്ചെ 2.30ഓടെയാണ് അവസാനിച്ചത്. പരിശോധനയിൽ നിരവധി രേഖകൾ കസ്റ്റഡിയിലെടുത്തു. മെമ്മറി കാർഡുകളും കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. 6300 അമേരിക്കൻ ഡോളറും കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.

തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് എസ്ഐടി പരിശോധന നടത്തിയത്. അതേസമയം, മദ്യശേഖരവുമായി ബന്ധപ്പെട്ട കേസിൽ എക്സൈസിന്റെ തുടർനടപടികൾ പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img