
ദോഹ: കടുത്ത ചൂടിന് വിട നൽകി ഖത്തറിൽ കാലാവസ്ഥ കൂടുതൽ സുഖകരമാകുന്നു. താപനില കുറയുകയും അന്തരീക്ഷ ഈർപ്പം (ഹ്യുമിഡിറ്റി) ലഘൂകരിക്കപ്പെടുകയും ചെയ്യുന്ന 'അൽ-സർഫ' നക്ഷത്ര കാലയളവിന് തുടക്കമായതായി ഖത്തർ സെന്റർ ഫോർ സ്പേസ് സയൻസസ് ആൻഡ് ആസ്ട്രോണമി ചെയർമാൻ ഷെയ്ഖ് സൽമാൻ ബിൻ ജാബർ അൽ ഥാനി അറിയിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'എക്സി'ലൂടെയാണ് (X) അദ്ദേഹം ഈ വിവരം പങ്കുവെച്ചത്. 13 ദിവസം നീണ്ടുനിൽക്കുന്നതാണ് അൽ-സർഫ കാലയളവ്. ചിങ്ങം രാശിയിലെ (Constellation of Leo) നക്ഷത്രമായ 'ഡെനെബോള' (Denebola) എന്ന ചിങ്ങത്തിന്റെ വാൽ ഭാഗത്തുള്ള നക്ഷത്രമാണ് അൽ-സർഫ എന്നറിയപ്പെടുന്നത്.
അൽ-സർഫയുടെ വരവോടെ രാവിലെയും വൈകുന്നേരങ്ങളിലും ചൂടിന് ആശ്വാസം ലഭിക്കുകയും കാലാവസ്ഥ മിതമായ രീതിയിലേക്ക് മാറുകയും ചെയ്യും. ഈ ദിവസങ്ങളിൽ പകൽ സമയത്ത് കാലാവസ്ഥ മെച്ചപ്പെടുകയും രാത്രിയിൽ വായു കൂടുതൽ തണുപ്പുള്ളതാവുകയും ചെയ്യും. ഇതോടൊപ്പം അന്തരീക്ഷത്തിൽ മേഘങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുമെന്നും മഴക്കാലത്തിന്റെ (അൽ-വസ്മി) തുടക്കത്തിലേക്ക് ഇത് വഴിതുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










