07:16am 12 November 2026
NEWS
​വിലക്കയറ്റത്തിൽ ആശ്വാസം: സംസ്ഥാനത്ത് ഇന്ധന സെസ് ഒഴിവാക്കാൻ നീക്കം
11/06/2026  08:46 AM IST
സുരേഷ് വണ്ടന്നൂർ
​വിലക്കയറ്റത്തിൽ ആശ്വാസം: സംസ്ഥാനത്ത് ഇന്ധന സെസ് ഒഴിവാക്കാൻ നീക്കം

തിരുവനന്തപുരം: എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില അടിക്കടി വർദ്ധിപ്പിക്കുന്നതിലൂടെ ജനങ്ങൾക്കുണ്ടാകുന്ന ഭാരം കുറയ്ക്കാൻ സംസ്ഥാനത്തെ ഇന്ധന സെസ് സർക്കാർ പിൻവലിച്ചേക്കും. വരാനിരിക്കുന്ന യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ ജനങ്ങൾക്ക് വലിയൊരു ആശ്വാസമായി ഈ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചനകൾ. നിലവിൽ ഒരു ശതമാനം നികുതി സെസും, രണ്ട് രൂപ സാമൂഹ്യസുരക്ഷാ സെസുമടക്കം മൂന്ന് രൂപയാണ് ഓരോ ലിറ്റർ പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് അധികമായി ഈടാക്കുന്നത്. ഈ മാസം 19നാണ് സംസ്ഥാന ബഡ്ജറ്റ്.
​അവസാന ഒന്നര മാസത്തിനിടെ മാത്രം പത്തുരൂപയുടെ വർദ്ധനവാണ് പെട്രോളിനും ഡീസലിനുമുണ്ടായത്. ഇന്ധനവില കൂടിയത് വിപണിയിൽ വലിയ വിലക്കയറ്റത്തിന് കാരണമായിരുന്നു. ഈ സാഹചര്യത്തിൽ വിലക്കയറ്റത്തിന്റെ ആഘാതം പഠിച്ചശേഷം ജനങ്ങൾക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി. സതീശൻ ഉറപ്പ് നൽകിയിരുന്നു.
​സെസ് 'നഷ്ടക്കച്ചവടം' എന്ന് പഠനറിപ്പോർട്ട്
​സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിന് പണം കണ്ടെത്താനാണ് 2023-24 ബഡ്ജറ്റിൽ സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം സെസ് ഏർപ്പെടുത്തിയത്. പ്രളയകാലത്തെ സാമ്പത്തിക നഷ്ടം നികത്താനെന്ന പേരിൽ ഏർപ്പെടുത്തിയ വിൽപന നികുതിയുടെ മേലുള്ള ഒരു ശതമാനം സെസ് കൂടി തുടരാൻ തീരുമാനിച്ചതോടെയാണ് അധിക ബാധ്യത 3 രൂപയിലെത്തിയത്.
​എന്നാൽ, ഇന്ധനസെസ് ഏർപ്പെടുത്തിയത് സംസ്ഥാനത്തിന് സാമ്പത്തികമായി വൻ തിരിച്ചടിയായെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഓരോ വർഷവും വാഹനങ്ങളുടെ എണ്ണം കൂടുകയാണെങ്കിലും അതിന് ആനുപാതികമായി സംസ്ഥാനത്ത് ഇന്ധന വിൽപന കൂടിയില്ല. ഓരോ വർഷവും ഡീസൽ വിൽപനയിൽ 76.56 കോടി ലിറ്ററിന്റെയും പെട്രോൾ വിൽപനയിൽ 17.76 കോടി ലിറ്ററിന്റെയും കുറവാണ് സംസ്ഥാനത്തുണ്ടായത്. കഴിഞ്ഞ സർക്കാർ തന്നെ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. വില കൂടിയതോടെ സ്വകാര്യ വാഹനങ്ങൾ ഇന്ധന ഉപയോഗം കുറച്ചതും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയതും നികുതി വരുമാനമിടിയാൻ കാരണമായി.
​2022-23 ലെ നികുതി വരുമാനം: 11,827.4 കോടി
​2023-24 ലെ നികുതി വരുമാനം: 12,126.12 കോടി
​2024-25 ലെ നികുതി വരുമാനം: 9,105.3 കോടി (വരുമാനത്തിൽ വൻ ഇടിവ്)
​അയൽ സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്ന പണം
​കേരളത്തിൽ മൂന്ന് രൂപ അധിക സെസ് വാങ്ങുന്നത് കാരണം വലിയ വരുമാനച്ചോർച്ചയാണ് ഉണ്ടാകുന്നത്. പുറത്തുനിന്ന് വരുന്ന ചരക്കുവാഹനങ്ങളും പുറത്തേക്ക് പോകുന്ന വണ്ടികളും അതിർത്തിക്ക് അപ്പുറത്തുനിന്ന് ഫുൾ ടാങ്ക് ഇന്ധനം നിറയ്ക്കുകയാണ് പതിവ്. കെ.എസ്.ആർ.ടി.സി പോലും അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് ഇപ്പോൾ ഇന്ധനം നിറയ്ക്കുന്നത്.
​തിരുവനന്തപുരത്ത് ഡീസലിന് 104.31 രൂപയും പെട്രോളിന് 115.49 രൂപയുമാണ് നിലവിലെ വില. എന്നാൽ അതിർത്തിനഗരങ്ങളായ മൈസൂരിൽ പെട്രോളിന് 12.6 രൂപയും മംഗലാപുരത്ത് 5.24 രൂപയും കോയമ്പത്തൂരിൽ 7.26 രൂപയും കുറവാണ്. ഡീസലിനാകട്ടെ മൈസൂരിൽ 10.62 രൂപയും കോയമ്പത്തൂരിൽ 11.42 രൂപയും കേരളത്തേക്കാൾ കുറവുണ്ട്. സെസ് പിൻവലിച്ച് വില കുറയ്ക്കുന്നതിലൂടെ ഇന്ധനക്കച്ചവടം കൂട്ടാനും, അതിലൂടെ മൊത്തത്തിലുള്ള നികുതി വരുമാനം വർദ്ധിപ്പിക്കാനുമാണ് പുതിയ സർക്കാർ കണക്കുകൂട്ടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img