
കൊച്ചി: ഔദ്യോഗിക നടപടികളുടെയും പൊലീസ് നടപടികളുടെയും വാർത്തകൾ നൽകുന്ന മാധ്യമപ്രവർത്തകർക്ക് സുപ്രധാന വിധിയുമായി കേരള ഹൈക്കോടതി. ഒരു വാർത്ത മൂലം വ്യക്തിക്ക് മാനഹാനിയോ അപമാനമോ ഉണ്ടാകുന്നു എന്നതുകൊണ്ട് മാത്രം മാധ്യമപ്രവർത്തകർക്കെതിരെ ക്രിമിനൽ മാനനഷ്ടത്തിന് കേസെടുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിൽ വസ്തുതാപരമായ വാർത്തകൾ നൽകുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് ജസ്റ്റിസ് സി.എസ്. ഡയാസ് നിരീക്ഷിച്ചു. പ്രമുഖ ദിനപത്രത്തിലെ എഡിറ്റർമാരും റിപ്പോർട്ടറും തങ്ങൾക്കെതിരെയുള്ള ക്രിമിനൽ മാനനഷ്ടക്കേസ് റദ്ദാക്കിക്കൊണ്ട് നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഈ നിരീക്ഷണം.
ഔദ്യോഗിക നടപടികളെക്കുറിച്ചുള്ള വസ്തുതാപരമായ റിപ്പോർട്ടിംഗും, സ്വന്തം നിലയ്ക്കുള്ള അപകീർത്തികരമായ ആരോപണങ്ങളും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ട്.
എക്സൈസ് അല്ലെങ്കിൽ പൊലീസ് അധികാരികളുടെ ഔദ്യോഗിക നടപടികൾ കൃത്യമായി റിപ്പോർട്ട് ചെയ്യുമ്പോൾ, അതിൽ ദുരുദ്ദേശപരമോ തെറ്റായതോ ആയ ആരോപണങ്ങൾ ഇല്ലെങ്കിൽ ക്രിമിനൽ ബാധ്യത വരുന്നതല്ല.
ഇന്ത്യൻ ശിക്ഷാ നിയമം (IPC) 499, 500 വകുപ്പുകൾ പ്രകാരം, ഒരു വ്യക്തിയുടെ പ്രതിച്ഛായയെ ബാധിക്കുന്ന എല്ലാ പ്രസിദ്ധീകരണങ്ങളും ക്രിമിനൽ മാനനഷ്ടത്തിന്റെ പരിധിയിൽ വരില്ല.
ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിലുള്ള സത്യസന്ധമായ വാർത്തകൾക്കുമേൽ വെറും അപമാനഭാരം മാത്രം മുൻനിർത്തി നിയമനടപടി സ്വീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.










