07:46am 13 November 2026
NEWS
ന്യൂഡൽഹി ലോക പുസ്തകമേളയിൽ ഖത്തർ പവലിയന് റെക്കോർഡ് സന്ദർശകർ
13/01/2026  11:49 AM IST
nila
ന്യൂഡൽഹി ലോക പുസ്തകമേളയിൽ ഖത്തർ പവലിയന് റെക്കോർഡ് സന്ദർശകർ

 

ന്യൂഡൽഹി/ദോഹ: അതിഥി രാജ്യമായി പങ്കെടുക്കുന്ന ന്യൂഡൽഹി ലോക പുസ്തകമേളയിൽ ഖത്തറിന്റെ പവലിയനിൽ റെക്കോർഡ് സന്ദർശക സാന്നിധ്യം. ഖത്തർ സാംസ്കാരിക മന്ത്രാലയം ഒരുക്കിയ പവലിയനിൽ, രാജ്യത്തിന്റെ സമഗ്ര സാംസ്കാരിക ദൃശ്യമാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ലൈബ്രറീസ് ഡിപ്പാർട്മെന്റ് ഡയറക്ടർ ജാസിം അഹമ്മദ് അൽ-ബുവൈനൈൻ പറഞ്ഞു.
 ഇന്ത്യൻ ഭാഷകളിലേക്കുള്ള വിവർത്തനങ്ങളോടുകൂടിയമന്ത്രാലയത്തിന്റെ പ്രസിദ്ധീകരണങ്ങൾ
 പവലിയനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം ഖത്തറിന്റെ പരമ്പരാഗത കൈത്തൊഴിലുകൾ പരിചയപ്പെടുത്തുന്ന ഫോക് ക്രാഫ്റ്റ് പ്രദർശനവും അറബി കാലിഗ്രഫിയുടെ സൗന്ദര്യം തെളിയിക്കുന്ന പ്രത്യേക വിഭാഗവും ഒരുക്കിയിട്ടുണ്ട്.
ഖത്തറിന്റെ സാംസ്കാരിക പൈതൃകത്തെ മുൻനിർത്തിയുള്ള ഈ അവതരണം സന്ദർശകർക്ക് ഇന്ററാക്ടീവ് അനുഭവം സമ്മാനിക്കുന്നതാണെന്ന് അൽ-ബുവൈനൈൻ വ്യക്തമാക്കി. ഖത്തർ അതിഥി രാജ്യമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി ചിന്തോദ്ദീപകമായ പാനൽ ചർച്ചകളും സാംസ്കാരിക സംവാദങ്ങളും സംഘടിപ്പിക്കുന്നു.
ഖത്തർ പ്രസാധകർ പ്രസാധക വേദിയിൽ ഇന്ത്യൻ പ്രസാധകരുമായി കൂടിക്കാഴ്ച നടത്തി വിവർത്തനം, പകർപ്പവകാശ പങ്കിടൽ തുടങ്ങിയ മേഖലകളിൽ സഹകരണ സാധ്യതകൾ തേടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 18 വരെ നീളുന്ന മേളയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രസാധന സ്ഥാപനങ്ങളും സാംസ്കാരിക സംഘടനകളും പങ്കെടുക്കുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img