
ചരിത്രത്തിൽ ഇതുവരെയില്ലാത്തവിധം രൂപയുടെ മൂല്യം ഇടിഞ്ഞു. യുഎസ് ഡോളറിനെതിരെ 90.14 എന്ന നിലയിലാണ് ഇപ്പോൾ വിനിമയം നടക്കുന്നത്. ബുധനാഴ്ച വ്യാപാരം ആരംഭിച്ചയുടനെ രൂപയുടെ മൂല്യം കുത്തനെ ഇടിയുകയായിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് യുഎസ് ഡോളറിനെതിരെ 90 രൂയെന്ന നിർണായക നിലയിലേക്ക് ഇന്ത്യൻ രൂപ കൂപ്പുകുത്തിയത്. ഡോളറിനെതിരെ 89.96 രൂപ നിലവാരത്തിലായിരുന്നു കഴിഞ്ഞ ദിവസത്തെ ക്ലോസിങ്. തിങ്കളാഴ്ചയാകട്ടെ 89.53 രൂപയുമായിരുന്നു മൂല്യം.
ഡോളറിന്റെ ഡിമാൻഡ് കൂടിയതാണ് രൂപയുടെ മൂല്യം ഇടിയാനുള്ള പ്രധാന കാരണം. വിപണിയിൽനിന്ന് വിദേശ നിക്ഷേപകർ പിൻവാങ്ങുന്നതും ഇന്ത്യ-യുഎസ് വ്യാപാര ഇടപാടുകളിലെ അനിശ്ചിതത്വവും രൂപയുടെ തകർച്ചയുടെ ആക്കംകൂട്ടി. ഊഹക്കച്ചവടക്കാർ തുടർച്ചയായി ഡോളർ വാങ്ങിക്കൂട്ടുന്നതും രൂപയ്ക്ക് സമ്മർദമായി.
തകർച്ചക്കിടയിലും രൂപയുടെ മൂല്യത്തകർച്ചയെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമായ ഒന്നാണെന്ന് നീത ആയോഗ് മുൻ വൈസ് ചെയർമാൻ രാജീവ് കുമാർ പറയുന്നു. കയറ്റുമതി വർധിപ്പിക്കാനും വിദേശനാണ്യ വരുമാനം കൂട്ടാനും കൂടുതൽ തൊഴിലവസരങ്ങൾ വർധിപ്പിക്കാനും സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
രൂപയുടെ മൂല്യം കുറയുന്നത് പ്രവാസികൾക്ക് സന്തോഷമുള്ള കാര്യമാണ്. വിദേശത്ത് നിന്നും പണം അയക്കുമ്പോൾ നല്ല റേറ്റ് ലഭിക്കും എന്നതാണ് കാരണം.










