
ന്യൂഡൽഹി: കോഗ്നിസബിൾ കുറ്റം വെളിപ്പെടുന്നില്ലെന്ന പൊലീസ് റിപ്പോർട്ട് തള്ളി എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിക്കുമ്പോൾ മജിസ്ട്രേറ്റ് അതിന്റെ കാരണങ്ങൾ രേഖപ്പെടുത്തണമെന്ന് സുപ്രീംകോടതി. കാരണങ്ങൾ വിശദമായിരിക്കണമെന്നില്ലെങ്കിലും പരിശോധിച്ച രേഖകളുമായി ബന്ധപ്പെട്ടതായിരിക്കണം. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എൽ ആൻഡ് ടി ഫിനാൻസ് ലിമിറ്റഡ്, എഡൽവൈസ് അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി എന്നിവയ്ക്കെതിരെ ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ഒരു നിർമാണക്കമ്പനിക്കും വായ്പ നൽകിയ സ്ഥാപനങ്ങൾക്കുമെതിരെ ഭൂവുടമകൾ ഉന്നയിച്ച വഞ്ചന, ക്രിമിനൽ വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ ആരോപണങ്ങളാണ് കേസിന് ആധാരം.
പ്രാഥമിക അന്വേഷണത്തിൽ കോഗ്നിസബിൾ കുറ്റം കണ്ടെത്താനായില്ലെന്ന നിഗമനത്തിൽ പൊലീസ് പരാതി അവസാനിപ്പിച്ചിരുന്നു. തുടർന്ന് പരാതിക്കാർ ക്രിമിനൽ നടപടിച്ചട്ടത്തിലെ 156(3) വകുപ്പ് പ്രകാരം മജിസ്ട്രേറ്റിനെ സമീപിച്ചു. കോടതിയിൽ സമർപ്പിച്ച നടപടിവിവര റിപ്പോർട്ടിലും പൊലീസ് ഇതേ നിലപാട് ആവർത്തിച്ചെങ്കിലും മജിസ്ട്രേറ്റ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചു. കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചതിനെത്തുടർന്നാണ് ബന്ധപ്പെട്ട സ്ഥാപനങ്ങൾ സുപ്രീംകോടതിയെ സമീപിച്ചത്.
പൊലീസിന്റെ നടപടിവിവര റിപ്പോർട്ടിലെ നിഗമനം മജിസ്ട്രേറ്റ് നിർബന്ധമായി അംഗീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എന്നാൽ അത് വെറും ഔപചാരികതയായി കാണാനാവില്ല. മജിസ്ട്രേറ്റ് തന്നെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതിലെ വിവരങ്ങൾ വിലയിരുത്തുകയും നിഗമനം അംഗീകരിക്കാത്തതിന്റെ കാരണങ്ങൾ ഉത്തരവിൽ വ്യക്തമാക്കുകയും വേണം. ബന്ധപ്പെട്ടവർക്കെതിരെ ക്രിമിനൽ അന്വേഷണം ആരംഭിക്കാൻ ഇടയാക്കുന്ന ഉത്തരവായതിനാൽ കാരണങ്ങൾ രേഖപ്പെടുത്താനുള്ള ബാധ്യതയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
പൊലീസ് റിപ്പോർട്ടിനോട് വിയോജിക്കുന്നതിന്റെ കാരണങ്ങൾ രേഖപ്പെടുത്തുന്നത് അഭിലഷണീയം മാത്രമാണെന്ന ഹൈക്കോടതിയുടെ നിലപാട് സുപ്രീംകോടതി അംഗീകരിച്ചില്ല. രേഖകളെ അടിസ്ഥാനമാക്കിയുള്ള കാരണങ്ങളില്ലാതെ പൊലീസ് നിഗമനം തള്ളുന്നത് ജുഡീഷ്യൽ വിവേചനം പ്രയോഗിക്കാത്ത ഉത്തരവായി കണക്കാക്കേണ്ടിവരുമെന്ന് കോടതി വ്യക്തമാക്കി.
156(3) വകുപ്പ് പ്രകാരം അന്വേഷണം നിർദേശിക്കാനുള്ള അധികാരം മജിസ്ട്രേറ്റിന്റെ വിവേചനാധികാരമാണ്. അത് യാന്ത്രികമായി വിനിയോഗിക്കരുത്. പരാതിയും രേഖകളും സാഹചര്യങ്ങളും പരിശോധിച്ചാകണം തീരുമാനമെടുക്കേണ്ടത്. വാണിജ്യ ഇടപാടുകളുമായി ബന്ധപ്പെട്ട പരാതികളിലും അസാധാരണമായ കാലതാമസമുള്ള കേസുകളിലും പ്രാഥമിക അന്വേഷണം അനുവദനീയമാണെന്ന ‘ലളിതാകുമാരി വേഴ്സസ് ഉത്തർപ്രദേശ് സർക്കാർ’ വിധിയും ബെഞ്ച് പരാമർശിച്ചു. പരിഗണനയിലുള്ള കേസ് ഈ രണ്ടു വിഭാഗങ്ങളിലും ഉൾപ്പെടുന്നതായും കോടതി വിലയിരുത്തി.










