
ബംഗളുരു: ചലച്ചിത്ര നടി രന്യറാവു പിടിയിലായ സ്വർണ്ണക്കടത്ത് കേസ് രാഷ്ട്രീയ വിവാദമായി മാറുകയാണ്. സിദ്ധരാമയ്യ മന്ത്രിസഭയിലെ രണ്ട് അംഗങ്ങൾക്ക് രന്യറാവുവുമായി അടുത്ത ബന്ധമുണ്ടെന്നും കുടുങ്ങുമെന്നായപ്പോൾ രന്യ വിളിച്ചത് ഒരു മന്ത്രിയെ ആണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ബി വൈ വിജയേന്ദ്ര ആരോപിച്ചു. ആ മന്ത്രിമാരെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിക്കരുതെന്നും സി ബി ഐ അന്വേഷണത്തിലൂടെ എല്ലാ വിവരങ്ങളും പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നുദിവസത്തെ കസ്റ്റഡി കഴിഞ്ഞ് ഡി ആർ ഐ ഹാജരാക്കിയ രന്യറാവുവിനെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്ത് പരപ്പന അഗ്രഹാര ജയിലിലേക്ക് അയച്ചു. രന്യ റാവു മാസ്റ്റർമൈൻഡ് ആയ ഒരു സിൻഡിക്കേറ്റ് സ്വർണ്ണക്കടത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും സി ബി ഐ അതേപ്പറ്റി വിശദമായി അന്വേഷിക്കുകയാണെന്നും ഡി ആർ ഐ കോടതിയെ അറിയിച്ചു. തരുൺ രാജു എന്നൊരാളെ കൂടി ഡി ആർ ഐ അറസ്റ്റുചെയ്തിട്ടുണ്ട്. ഒരു പ്രമുഖ ഹോട്ടൽ ഗ്രൂപ്പിന്റെ ഉടമയുടെ മകനാണ് തരുൺ രാജു. കോടതിയിൽ ഹാജരാക്കിയ ഇയാളെ കോടതി ഡി ആർ ഐ കസ്റ്റഡിയിൽ വിട്ടു. രന്യ റാവുവിന്റെ സി ഡി ആർ പരിശോധിച്ചതിൽ നിന്നും അവർക്ക് സമൂഹത്തിൽ സ്വാധീനമുള്ള ഉന്നതരുമായി ബന്ധമുണ്ടെന്ന് വ്യക്തമായതായി ഡി ആർ ഐ കോടതിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. സ്വർണ്ണത്തിനുള്ള പണം ഹവാലയായി ബംഗളുരുവിൽ നിന്ന് ദുബായിൽ എത്തിക്കുകയായിരുന്നെന്ന് ഡി ആർ ഐ സംശയിക്കുന്നു. സ്വർണ്ണക്കടത്തിലൂടെ രന്യ റാവു 4.83 കോടിയുടെ നികുതി തട്ടിപ്പ് നടത്തിയതായി ഡി ആർ ഐ കണ്ടെത്തിയിട്ടുണ്ട്. രണ്ടു ഗൾഫ് പൗരന്മാർ മുംബൈ എയർപോർട്ടിൽ സ്വർണ്ണവുമായി പിടിയിലായിരുന്നു. രന്യ സഞ്ചരിച്ച എമിറേറ്റ്സ് വിമാനത്തിലാണ് ഇവരും ദുബായിൽ നിന്നും ഇന്ത്യയിലെത്തിയത്. രന്യ ഉൾപ്പെടുന്ന സിൻഡിക്കേറ്റിന്റെ ഭാഗമാണ് ഈ ഗൾഫ് പൗരന്മാരുമെന്നാണ് കരുതപ്പെടുന്നത്. സിബി ഐ യുടെ ആ വഴിയ്ക്കുള്ള അന്വേഷണം പുരോഗമിക്കുന്നുണ്ട്. രന്യറാവു അറസ്റ്റിലായ സ്വർണ്ണക്കടത്ത് കേസ് കർണാടകയിൽ വൻ രാഷ്ട്രീയ വിവാദമായി മാറിക്കഴിഞ്ഞു. ഈ വിഷയം ബി ജെപി എം എൽ എ സുനിൽകുമാർ ഇന്നലെ നിയമസഭയിൽ ഉന്നയിച്ചിരുന്നു. പ്രോട്ടോകോൾ ലംഘനം നടത്തി ഇത്രയേറെ സ്വർണ്ണം കടത്താൻ രന്യ റാവുവിന് സൗകര്യം ചെയ്തുകൊടുത്തത് അധികാരസ്ഥാനത്തുള്ള ഉന്നതരാണെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും അവരുടെ പേരുവിവരങ്ങൾ ഡി ആർ എ പുറത്തുവിട്ടിട്ടില്ല
Photo Courtesy - Google











