
ഇന്ത്യയുടെ മുന്‍ പ്രധാന മന്ത്രി രാജീവ്‌ജിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഓർമ്മകൾ പുതുക്കിയും പുഷ്പാർച്ചന നടത്തി ആദരാഞ്ജലികൾ അർപ്പിച്ചും ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുമാമയിലെ ഇൻകാസ് ഓഫീസിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
ഇന്ത്യയുടെ ആധുനികവൽക്കരണത്തിനും സാങ്കേതിക മുന്നേറ്റങ്ങൾക്കും ശക്തമായ അടിത്തറ പാകിയ ദീർഘദർശിയായ നേതാവായിരുന്നു രാജീവ്‌ജി എന്ന് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ഡിജിറ്റൽ യുഗത്തിന്റെ ഈ കാലഘട്ടത്തിൽ രാജ്യം കൈവരിച്ച സാങ്കേതിക വളർച്ചകളുടെയും ഡിജിറ്റൽ മുന്നേറ്റങ്ങളുടെയും അടിസ്ഥാന ശില്പികളിൽ ഒരാളായി രാജീവ്‌ജിയെ ചരിത്രം രേഖപ്പെടുത്തുന്നുവെന്നും യോഗം വിലയിരുത്തി.
കമ്പ്യൂട്ടറൈസേഷനും ടെലികമ്മ്യൂണിക്കേഷൻ മേഖലയിലെ നവീകരണങ്ങൾക്കും അദ്ദേഹം നൽകിയ പ്രോത്സാഹനവും, ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ ഇന്ത്യയെ ലോകത്തിനൊപ്പമെത്തിക്കാനുള്ള അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും രാജ്യത്തിന്റെ വളർച്ചയ്ക്ക് നിർണായകമായി മാറിയെന്നും അനുസ്മരണ പ്രഭാഷകർ അഭിപ്രായപ്പെട്ടു.
യുവജനങ്ങളുടെ ശക്തിയിലും പങ്കാളിത്തത്തിലും അതിയായ വിശ്വാസമർപ്പിച്ച നേതാവായിരുന്നു രാജീവ്‌ജി. രാജ്യത്തിന്റെ ഭാവി യുവത്വത്തിന്റെ കരങ്ങളിലാണെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടും, അധികാര വികേന്ദ്രീകരണത്തിനും ജനപങ്കാളിത്തത്തിനും നൽകിയ പ്രാധാന്യവും ഇന്നും പ്രസക്തമാണെന്ന് അനുസ്മരണ യോഗം വിലയിരുത്തി.
ഇൻകാസ് ഖത്തർ പ്രസിഡന്റ് സിദ്ദിഖ് പുറായിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അനുസ്മരണ പ്രഭാഷണം നടത്തി. രാജീവ്‌ജിയുടെ ദേശീയ കാഴ്ചപ്പാടുകളും ആധുനിക ഇന്ത്യയെ വാർത്തെടുക്കുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകളും അദ്ദേഹം അനുസ്മരിച്ചു. ഇൻകാസ് ഉപദേശക സമിതി അംഗം ബഷീർ തുവരിക്കൽ, വൈസ് പ്രസിഡന്റുമാരായ അൻവർ സാദത്ത്, അഷറഫ് വടകര, സെക്രട്ടറി ഷംസുദ്ദീൻ ഇസ്മയിൽ, സർജിത് എന്നിവർ രാജീവ്‌ജിയെ അനുസ്മരിച്ചു സംസാരിച്ചു.
ചടങ്ങിൽ ജനറൽ സെക്രട്ടറി മനോജ് കൂടൽ സ്വാഗതവും വൈസ് പ്രസിഡന്റ് അഷ്റഫ് നന്മമുക്ക് നന്ദിയും രേഖപ്പെടുത്തി.










