
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം വീണ്ടും ശക്തമാകുന്നു. വെള്ളിയാഴ്ച ആറു ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. ശനിയാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്നാണ് പ്രവചനം.
കന്യാകുമാരി മേഖലയിൽനിന്ന് കർണാടകയുടെ തെക്കൻ ഭാഗം വരെ തമിഴ്നാടിനും കേരളത്തിനും കുറുകെ രൂപപ്പെട്ട ന്യൂനമർദപ്പാത്തിയാണ് മഴ വീണ്ടും ശക്തമാകാൻ കാരണം.
കനത്ത മഴയിൽ നഗരജീവിതം സ്തംഭിച്ചു
ഇന്നലെ അൽപ്പസമയം പെയ്ത ശക്തമായ മഴയിൽ തിരുവനന്തപുരം നഗരത്തിൽ വ്യാപക വെള്ളക്കെട്ട് രൂപപ്പെട്ടു. ഒരുമണിക്കൂറിനിടെ 91.2 മില്ലീമീറ്റർ മഴ ലഭിച്ചതോടെ നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിലായി. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്കും കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലേക്കുമുള്ള റോഡുകളിൽ വെള്ളം നിറഞ്ഞത് യാത്രക്കാരെ വലച്ചു.
എസ്.എസ്. കോവിൽ റോഡ്, ശ്രീകണ്ഠേശ്വരം, തകരപ്പറമ്പ് റോഡ്, ചാക്ക, വഞ്ചിയൂർ കോടതി പരിസരം എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. കടകളിലും വ്യാപാരസ്ഥാപനങ്ങളിലും ചെളിവെള്ളം കയറി. റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിയതോടെ പലതിനും കേടുപാടുകൾ സംഭവിച്ചു.
മഴ മുന്നറിയിപ്പുണ്ടായിട്ടും വെള്ളക്കെട്ട് ഒഴിവാക്കാൻ നഗരസഭ മുൻകരുതലുകൾ സ്വീകരിച്ചില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. ദുരിതം രൂക്ഷമായതോടെ നഗരസഭയ്ക്കും മേയർക്കുമെതിരെ പ്രതിഷേധം ശക്തമായി.
മഴയെ തുടർന്ന് നഗരത്തിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടായി. ഗതാഗതം നിയന്ത്രിക്കാനെത്തിയ പോലീസുകാർ മാൻഹോളുകളിലെ തടസ്സങ്ങൾ നീക്കി വെള്ളം ഒഴുകിപ്പോകാൻ വഴിയൊരുക്കി. പോലീസുകാർ റോഡിലിരുന്ന് മാൻഹോൾ വൃത്തിയാക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി.
വെള്ളത്തിൽ മുങ്ങിയ തമ്പാനൂരിന്റെ ദൃശ്യങ്ങളും പിന്നാലെ ട്രോളുകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. മഴക്കെടുതിയുടെ ദൃശ്യങ്ങൾക്ക് വിവിധ പശ്ചാത്തല സംഗീതങ്ങൾ ചേർത്തുള്ള വീഡിയോകളും വ്യാപകമായി പ്രചരിച്ചു. നഗരത്തിലെ വെള്ളക്കെട്ട് വീണ്ടും അടിസ്ഥാനസൗകര്യങ്ങളുടെയും ഓടകളുടെ പരിപാലനത്തിന്റെയും കാര്യത്തിൽ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.










