
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി പൊലീസിന് നൽകിയ മൊഴിയിലുള്ളത് ഗുരുതര വെളിപ്പെടുത്തലുകൾ . മൂന്നു മാസം ഗർഭമുള്ളപ്പോഴാണ് ഗർഭം അലസിപ്പിക്കാൻ തനിക്ക് ഗുളികകൾ നൽകിയതെന്നാണ് യുവതിയുടെ മൊഴി. ഡോക്ടറുടെ മേൽനോട്ടമില്ലാതെ ഉപയോഗിച്ചാൽ ജീവന് ഭീഷണിയായേക്കാവുന്ന ഗർഭഛിദ്ര മരുന്നുകൾ രാഹുൽ മാങ്കൂട്ടത്തിനുവേണ്ടി അവന്റെ സുഹൃത്തായ ജോബി തന്നെ തനിക്കു നൽകി എന്നാണ് യുവതി വെളിപ്പെടുത്തിയത്.
ഏഴാഴ്ച വരെ മാത്രമേ ഉപയോഗിക്കാവുന്ന മൈഫിപ്രിസ്റ്റോൺ, മൈസോപ്രോസ്റ്റോൾ എന്നീ മരുന്നുകളാണ് നൽകിയതെന്ന് യുവതി വ്യക്തമാക്കുന്നു. ട്യൂബൽ പ്രഗ്നൻസിയാണെങ്കിൽ ട്യൂബ് പൊട്ടി ജീവൻ അപകടത്തിലാകാൻ സാധ്യതയുണ്ടെന്ന് ചികിത്സ നൽകിയ ഡോക്ടർ പറഞ്ഞെന്നും യുവതി പൊലീസിനോട് പറഞ്ഞു.
മരുന്ന് ഉപയോഗിച്ചതിനു പിന്നാലെ യുവതിക്ക് തീവ്ര രക്തസ്രാവവും ഗുരുതര ആരോഗ്യ പ്രശ്നങ്ങളും അനുഭവപ്പെട്ടതായി പറയുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ലഭിച്ച ചികിത്സയുടെ മെഡിക്കൽ രേഖകളും അവർ പൊലീസിന് കൈമാറിയിട്ടുണ്ട്. രാഹുലിന്റെ സമ്മർദ്ദത്തിന് വഴങ്ങി നടത്തിയ അനധികൃത ഭ്രൂണഹത്യയ്ക്കു സമയത്ത് ഗർഭസ്ഥ ശിശുവിന് മൂന്നുമാസത്തെ വളർച്ചയുണ്ടായിരുന്നുവെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇതിന് ശേഷമുണ്ടായ മാനസിക ആഘാതത്തിൽ അവർ ആത്മഹത്യശ്രമം നടത്തി. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ദിവസങ്ങളോളം ചികിത്സ തേടേണ്ടിവന്നതായും വ്യക്തമാക്കുന്നു.
വിവാഹ ബന്ധം ഒഴിഞ്ഞപ്പോൾ രാഹുൽ ആശ്വസിപ്പിക്കാനെത്തിയെന്നാണ് യുവതിയുടെ മൊഴി. ഒരുമിച്ചു ജീവിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു. സൗഹൃദം പ്രണയമായപ്പോൾ കൂടുതൽ അടുപ്പമായി. ഇത് മുതലെടുത്ത് ക്രൂരമായി ബലാത്സംഗം ചെയ്തു. നഗ്ന ദൃശ്യങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തി വരുതിയിലാക്കിയെന്നും യുവതി പൊലീസിനെ അറിയിച്ചു. യുവതിയുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. സൈബർ ആക്രമണം വ്യാപകമായതിനു പിന്നാലെ യുവതിക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി.











