12:14am 08 June 2026
NEWS
ഭാര്യയെ കൊല്ലാൻ ക്വട്ടേഷൻ; അഗതിമന്ദിരത്തിലെ അന്തേവാസിയും യുവാവും അറസ്റ്റിൽ
07/06/2026  02:06 PM IST
nila
ഭാര്യയെ കൊല്ലാൻ ക്വട്ടേഷൻ; അഗതിമന്ദിരത്തിലെ അന്തേവാസിയും യുവാവും അറസ്റ്റിൽ

തൃശൂർ: ഭാര്യയെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയെന്ന ആരോപണത്തിൽ അഗതിമന്ദിരത്തിൽ കഴിയുന്ന ഭർത്താവിനെയും ക്വട്ടേഷൻ ഏറ്റെടുത്ത യുവാവിനെയും ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. തണ്ടാശ്ശേരി സ്വദേശി ഷിബു ജോർജ് (50), വിഷ്ണു (19) എന്നിവരാണ് പിടിയിലായത്. വർഷങ്ങൾക്കുമുൻപ് കെട്ടിടത്തിൽനിന്ന് വീണ് അരയ്ക്ക് താഴെ തളർന്ന ഷിബു നിലവിൽ അഗതിമന്ദിരത്തിലാണ് താമസം. ഭാര്യയുമായുള്ള കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ഇയാൾ അവിടെ കഴിയുന്നതെന്നാണ് വിവരം. ഭാര്യ ഇപ്പോഴും ഷിബുവിന്റെ വീട്ടിലാണ് താമസിക്കുന്നത്. സ്ത്രീപീഡനവുമായി ബന്ധപ്പെട്ട് ഭാര്യയുടെ പരാതിയിൽ ഷിബുവിനെതിരെ കേസ് നിലവിലുണ്ട്.

ഷിബുവിനെ പരിചരിക്കുന്നതിനിടെയാണ് വിഷ്ണു ഇയാളുമായി അടുത്ത ബന്ധം സ്ഥാപിച്ചത്. തുടർന്ന് ഷിബുവിന്റെ നിർദേശപ്രകാരം ഭാര്യയെ ആക്രമിക്കാൻ വിഷ്ണു പദ്ധതിയിട്ടതായാണ് പോലീസിന്റെ കണ്ടെത്തൽ. ചേർപ്പ് പള്ളിക്ക് സമീപമുള്ള ഷിബുവിന്റെ വീടിന് സമീപം സംശയാസ്പദ സാഹചര്യത്തിൽ വടിവാളുമായി യുവാവ് കാത്തുനിൽക്കുന്നതായി നാട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിൽ വിഷ്ണുവിന്റെ ഷർട്ടിനുള്ളിൽനിന്ന് വടിവാൾ കണ്ടെത്തി.

തുടർന്നുള്ള ചോദ്യംചെയ്യലിൽ ഷിബുവിന്റെ ഭാര്യയെ കൊലപ്പെടുത്താനാണ് താൻ എത്തിയതെന്ന് വിഷ്ണു സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഭാര്യ നൽകിയ പരാതിയുടെ വൈരാഗ്യമാണ് കൊലപാതകത്തിന് ക്വട്ടേഷൻ നൽകാൻ ഷിബുവിനെ പ്രേരിപ്പിച്ചതെന്നും അന്വേഷണസംഘം വ്യക്തമാക്കി. അറസ്റ്റിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img