04:10pm 12 November 2026
NEWS
മോശം സ്പർശനം ചോദ്യം ചെയ്തു; യുവതിയെ ഓടുന്ന ട്രെയിനിൽനിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി
12/11/2026  04:00 PM IST
nila
മോശം സ്പർശനം ചോദ്യം ചെയ്തു; യുവതിയെ ഓടുന്ന ട്രെയിനിൽനിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി

 

മുംബൈ: സഹയാത്രികന്റെ ലൈംഗികാതിക്രമ ശ്രമത്തെ ചോദ്യം ചെയ്ത യുവതിയെ ഓടിക്കൊണ്ടിരുന്ന ലോക്കൽ ട്രെയിനിൽനിന്ന് പുറത്തേക്ക് തള്ളിയിട്ടു. മുംബൈയിലെ ബോറിവലിയിൽനിന്ന് വിരാറിലേക്ക് പോകുകയായിരുന്ന ലോക്കൽ ട്രെയിനിലാണ് ഞെട്ടിക്കുന്ന സംഭവം. അപകടത്തിൽ ഇടതുകൈ നഷ്ടപ്പെട്ട യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയും 16 തുന്നലുകൾ ഇടേണ്ടിവരികയും ചെയ്തു. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

 യാത്രയ്ക്കിടെ പ്രതി ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിച്ചതോടെയാണ് യുവതി പ്രതികരിച്ചത്. ഇതേത്തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ട്രെയിനിലുണ്ടായിരുന്ന മറ്റു യാത്രക്കാർ പ്രശ്നത്തിൽ ഇടപെടാൻ ശ്രമിച്ചെങ്കിലും പ്രതി യുവതിയെ അസഭ്യം പറയുകയും ചെരിപ്പൂരി മർദിക്കുകയും ചെയ്തു.

നായ്ഗാവ് സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോഴും തർക്കം തുടർന്നു. ഇതിനിടെ പ്രതി യുവതിയെ ട്രെയിനിന് പുറത്തേക്ക് തള്ളിയിടുകയായിരുന്നു. രണ്ട് കോച്ചുകൾക്കിടയിലെ വിടവിലേക്കാണ് യുവതി വീണത്. പ്ലാറ്റ്‌ഫോമിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ മുന്നോട്ടുനീങ്ങിയതോടെ ഇടതുകൈ ചക്രങ്ങൾക്കിടയിൽപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ യുവതിയുടെ കൈ മുട്ടിന് താഴെവച്ച് മുറിച്ചുമാറ്റേണ്ടിവന്നു.

ഒരു പൊലീസ് ഉദ്യോഗസ്ഥനും മറ്റു യാത്രക്കാരും ചേർന്നാണ് യുവതിയെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചുകയറ്റിയത്. സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു.

തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് യുവതി പ്രതികരിച്ചത് അതീവ വേദനയോടെയാണ്. ബോറിവലിയിൽനിന്ന് നായ്ഗാവിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് പ്രതി മോശമായി സ്പർശിച്ചതെന്ന് യുവതി പറഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോൾ അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്തു. ചെരിപ്പൂരി പ്രതിയെ നേരിടാൻ ശ്രമിച്ചതോടെ അയാൾ തിരിച്ചടിക്കുകയും പിന്നാലെ ട്രെയിനിൽനിന്ന് തള്ളിയിടുകയുമായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.

'എനിക്ക് നീതി വേണം. എന്റെ ജീവിതം മുഴുവൻ തകർന്നുപോയി. വീട്ടിലെ കാര്യങ്ങളെല്ലാം ഒറ്റയ്ക്ക് നോക്കിനടത്തിയിരുന്നത് ഞാനാണ്. ഇനി ഒരു കൈകൊണ്ട് എനിക്ക് എന്തുചെയ്യാനാകും? തലയിൽ 16 തുന്നലുകളുണ്ട്. ജീവിതത്തിലേക്ക് തിരിച്ചുവരാൻ എല്ലാവരും പ്രാർഥിക്കണം. പ്രതിക്ക് തക്കതായ ശിക്ഷ ലഭിക്കണം' എന്നും യുവതി പറഞ്ഞു.

അതേസമയം, പ്രതിക്കെതിരെ വധശ്രമക്കുറ്റം ചുമത്താത്തതിൽ യുവതിയുടെ കുടുംബം കടുത്ത അതൃപ്തി രേഖപ്പെടുത്തി. കൂടുതൽ ശക്തമായ നിയമവകുപ്പുകൾ പ്രതിക്കെതിരെ ചുമത്തുമെന്ന് പൊലീസ് കുടുംബത്തിന് ഉറപ്പുനൽകിയതായാണ് വിവരം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img