
ദോഹ: ഖത്തർ ഇന്റർനാഷണൽ ഇസ്ലാമിക് ബാങ്ക് (QIIB) 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മികച്ച സാമ്പത്തിക നേട്ടം കൈവരിച്ചു. മാർച്ച് 31-ന് അവസാനിച്ച കണക്കുകൾ പ്രകാരം 368 ദശലക്ഷം ഖത്തറി റിയാലാണ് ബാങ്കിന്റെ അറ്റാദായം. മുൻവർഷം ഇതേ കാലയളവിലെ 356 ദശലക്ഷം റിയാലുമായി താരതമ്യം ചെയ്യുമ്പോൾ ലാഭത്തിൽ 3.2 ശതമാനം വളർച്ച രേഖപ്പെടുത്തി.
ബാങ്ക് ചെയർമാൻ ഷെയ്ഖ് ഡോ. ഖാലിദ് ബിൻ താനി ബിൻ അബ്ദുള്ള അൽ താനിയുടെ അധ്യക്ഷതയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചത്.ആഗോള സാമ്പത്തിക വെല്ലുവിളികൾക്കിടയിലും കൃത്യമായ റിസ്ക് മാനേജ്‌മെന്റിലൂടെയും സന്തുലിതമായ തന്ത്രങ്ങളിലൂടെയും സുസ്ഥിരമായ വളർച്ച നിലനിർത്താൻ ബാങ്കിന് സാധിച്ചുവെന്ന് ഷെയ്ഖ് ഡോ. ഖാലിദ് ബിൻ താനി പറഞ്ഞു. ഖത്തറിന്റെ കരുത്തുറ്റ സാമ്പത്തിക സാഹചര്യവും അനുകൂലമായ ബിസിനസ് അന്തരീക്ഷവും ബാങ്കിന്റെ മുന്നേറ്റത്തിന് വലിയ പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാങ്കിന്റെ പ്രവർത്തനക്ഷമത വർധിച്ചതായി സി.ഇ.ഒ ഡോ. അബ്ദുൽ ബാസിത് അഹമ്മദ് അൽ ഷൈബി വ്യക്തമാക്കി. ബാങ്കിന്റെ കോസ്റ്റ്-ടു-ഇൻകം അനുപാതം 19.4 ശതമാനമായി തുടരുന്നത് ബാങ്കിംഗ് മേഖലയിലെ മികച്ച നേട്ടങ്ങളിലൊന്നാണ്. ബാങ്കിന്റെ ഡിജിറ്റൽ പരിവർത്തന പദ്ധതികൾ വേഗത്തിലാക്കുമെന്നും നൂതനമായ ബാങ്കിംഗ് ഉൽപ്പന്നങ്ങളിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച സേവനം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൂടാതെ, കിട്ടാക്കടങ്ങളുടെ അനുപാതം 2.6 ശതമാനമായി കുറഞ്ഞത് ബാങ്കിന്റെ സാമ്പത്തിക ഭദ്രതയുടെ തെളിവാണെന്നും അദ്ദേഹം സൂചിപ്പിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളിലും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കുള്ള പിന്തുണയിലും ബാങ്ക് സജീവമായി തുടരുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.










