04:34am 07 November 2026
NEWS
ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി 'ഖിഫ്' (QIFF) പ്രതിനിധി സംഘം; പ്രവാസികൾക്കിടയിൽ ഫുട്ബോളും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു
06/11/2026  07:09 PM IST
nila
ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ഖിഫ് (QIFF) പ്രതിനിധി സംഘം; പ്രവാസികൾക്കിടയിൽ ഫുട്ബോളും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു

 

ദോഹ: ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം (QIFF) പ്രസിഡന്റ് ഷറഫ് പി. ഹമീദിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇന്ത്യൻ അംബാസഡർ ഡോ. കെ. ശ്രീകർ റെഡ്ഡിയുമായി ദോഹയിലെ ഇന്ത്യൻ എംബസിയിൽ കൂടിക്കാഴ്ച നടത്തി.

ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്കിടയിൽ ഫുട്ബോൾ പ്രോത്സാഹിപ്പിക്കുന്നതിനും കായിക പ്രവർത്തനങ്ങളിലൂടെ സാമൂഹിക പങ്കാളിത്തവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനുമായി ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം നടത്തുന്ന വിവിധ പ്രവർത്തനങ്ങളും സംരംഭങ്ങളും പ്രതിനിധി സംഘം അംബാസഡറെ ധരിപ്പിച്ചു.

പ്രവാസികൾക്കിടയിൽ സജീവമായ പങ്കാളിത്തം വളർത്തുന്നതിനും യുവപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക ഐക്യവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനും ഫുട്ബോൾ ഉൾപ്പെടെയുള്ള കായിക പ്രവർത്തനങ്ങൾ വഹിക്കുന്ന പങ്ക് കൂടിക്കാഴ്ചയിൽ ചർച്ചയായി. ഗ്രാസ്‌റൂട്ട് തലത്തിലുള്ള ഫുട്ബോൾ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതിനും ഇന്ത്യൻ സമൂഹത്തിലെ വളർന്നുവരുന്ന കായിക പ്രതിഭകൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനുമായി ഭാവിയിൽ സഹകരണത്തിനും പിന്തുണയ്ക്കുമുള്ള സാധ്യതകളും ചർച്ച ചെയ്തു.

ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച അംബാസഡർ, ഇന്ത്യൻ സമൂഹത്തിൽ കായികരംഗം പ്രോത്സാഹിപ്പിക്കുന്നതിനും ഐക്യവും സഹവർത്തിത്വവും ശക്തിപ്പെടുത്തുന്നതിനുമുള്ള ഫോറത്തിന്റെ തുടർപ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകി.

സമയവും വിലപ്പെട്ട നിർദേശങ്ങളും പ്രോത്സാഹനവും നൽകിയ അംബാസഡറോട് പ്രതിനിധി സംഘം നന്ദി രേഖപ്പെടുത്തി. ഫുട്ബോൾ വികസനം, യുവപ്രതിഭകളുടെ പരിപോഷണം, കായിക പ്രവർത്തനങ്ങളിലൂടെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ഐക്യവും സൗഹാർദവും ശക്തിപ്പെടുത്തൽ എന്നിവയ്ക്കായി തുടർന്നും പ്രവർത്തിക്കുമെന്ന് ഫോറം അറിയിച്ചു.

ചീഫ് അഡ്വൈസർ ഷാനവാസ്, വൈസ് പ്രസിഡന്റ് സുഹൈൽ ശാന്തപുരം, ജനറൽ സെക്രട്ടറി മുഹമ്മദ് ഷമീൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹ്സിൻ, ഹംസ, അജ്മൽ, ഷാനിബ്, നിസ്താർ പട്ടേൽ, അൻവർ ഹുസൈൻ എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.
അംബാസഡറോടൊപ്പം കോൺസുലർ (ഹെഡ് ഓഫ് ചാൻസറി ആൻഡ് കോൺസുലാർ) ഡോ. വൈഭവ് എ. തണ്ടാലെയും സംബന്ധിച്ചു.

ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം (QIFF)
ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ ഫുട്ബോൾ പ്രോത്സാഹിപ്പിക്കുക, കായിക പങ്കാളിത്തം വർധിപ്പിക്കുക, വളർന്നുവരുന്ന പ്രതിഭകളെ കണ്ടെത്തി പരിപോഷിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന ഒരു സാമൂഹിക കായിക കൂട്ടായ്മയാണ് ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img