
ദോഹ:ഖത്തറിനെതിരായ ഇസ്രായേലിന്റെ കിരാതാക്രമണം ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാൻ ഖത്തർ നടത്തുന്ന മധ്യസ്ഥശ്രമങ്ങളെ ഒരിക്കലും തടസ്സപ്പെടുത്തില്ലെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനി വ്യക്തമാക്കി.
ഇന്ന് ദോഹയിൽ നടക്കാനിരിക്കുന്ന അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിയുടെ മുന്നോടിയായി ഇന്നലെ നടന്ന ജി സി സി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുക യായിരുന്നു അദ്ദേഹം.
ഖത്തറിന്റെ പരമാധികാരത്തിനെതിരായ ആക്രമണം അന്താരാഷ്ട്ര കൺവെൻഷനുകളുടെയും നയതന്ത്ര-ധാർമ്മിക മാനദണ്ഡങ്ങളുടെയും തുറന്ന ലംഘനമാണെന്നും മന്ത്രി വ്യക്തമാക്കി.
ദോഹയിലെ ആക്രമണം ചെറുതായി കാണാനാകില്ലെന്നും അന്താരാഷ്ട്ര സമൂഹം കടുത്ത നിലപാട് സ്വീകരിക്കാതിരുന്നാൽ ഇസ്രായേലിന്റെ നിയമലംഘനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം ലഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഖത്തറിനെ പിന്തുണച്ച് ഐക്യരാഷ്ട്രസഭാ സുരക്ഷാ സമിതി സ്വീകരിച്ച കൂട്ടായ നിലപാടിനെ അദ്ദേഹം അഭിനന്ദിച്ചു. “സമാധാന ശ്രമങ്ങളിൽ നിന്നും ഖത്തർ ഒരു അടിയന്തിര സാഹചര്യത്തിലും പിന്മാറില്ല. ആക്രമണം ദോഹയെ ഉറച്ച നിലപാടിലേക്ക് നയിക്കു മെന്നുംപ്രധാനമന്ത്രി വ്യക്തമാക്കി.











