
ദോഹ: ഖത്തർ സന്ദർശനത്തിനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറെ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി സ്വീകരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.അമേരിക്കയും ഇറാനും തമ്മിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിൻ്റെ പശ്ചാത്തലത്തിലുള്ള മേഖലയിലെ ഏറ്റവും പുതിയ സാഹചര്യങ്ങൾ ഇരുവരും വിലയിരുത്തി.
വെടിനിർത്തൽ കരാറിനെ ഖത്തർ സ്വാഗതം ചെയ്യുന്നതായി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആവർത്തിച്ചു. മേഖലയിൽ സംഘർഷങ്ങൾ വീണ്ടും വർദ്ധിക്കുന്നത് തടയാൻ ഈ കരാറിനെ ക്രിയാത്മകമായി ഉപയോഗിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഖത്തറും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നു. പ്രധാനമായും പ്രതിരോധം, സാമ്പത്തികം എന്നീ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കാൻ തീരുമാനിച്ചു.
മേഖലയിലെ സമാധാനം നിലനിർത്തുന്നതിൽ ഖത്തർ വഹിക്കുന്ന മധ്യസ്ഥ ചർച്ചകളെയും നയതന്ത്ര നീക്കങ്ങളെയും ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രശംസിച്ചു. ഖത്തർ വിദേശകാര്യ മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് (X) ഈ വിവരങ്ങൾ പുറത്തുവിട്ടത്.











