
ദോഹ:ഇറാൻ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനും ഫോണിലൂടെ സംസാരിച്ചു. മേഖലയിലെ സമാധാനവും സുരക്ഷയും തകർക്കുന്ന സംഭവവികാസങ്ങളാണ് ഇരുവരും ചർച്ച ചെയ്തത്.ഖത്തറിന് നേരെ നടന്ന ഇറാൻ ആക്രമണത്തെ പ്രസിഡന്റ് എർദോഗൻ ശക്തമായി അപലപിച്ചു. ഖത്തറിന്റെയും മറ്റ് അറബ് രാജ്യങ്ങളുടെയും പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.പ്രതിസന്ധി ഘട്ടത്തിൽ ഖത്തറിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച തുർക്കി പ്രസിഡന്റിന് അമീർ ശൈഖ് തമീം നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ തെളിവാണ് ഈ പിന്തുണയെന്ന് അദ്ദേഹം പറഞ്ഞു.മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു. നയതന്ത്ര ചർച്ചകൾ വഴി സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കാനും ഇരുവരും തീരുമാനിച്ചു











